ലണ്ടൻ: മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപത്തിൽ ആശങ്ക പങ്കിട്ടു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഫ്രീഡം ഓഫ് റിലീജിയൻ ഓർ ബിലീഫ് ദൂത ഫിയോന ഭ്രൂസ് എംപി. ക്രിസ്ത്യൻ വംശഹത്യ നടക്കുന്നു എന്ന വിധത്തിൽ ആശങ്ക പങ്കിട്ട് എംപി പങ്കുവച്ച കുറിപ്പുകൾ വ്യാപകമായി ക്രിസ്ത്യൻ വിശ്വാസ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുകയാണ്. ക്രിസ്ത്യൻ വിശ്വാസ പ്രചാരണത്തിന് ശ്രമിക്കുന്ന ഓൺലൈൻ, പ്രിന്റ് മീഡിയ വാർത്തകളിലും അതീവ പ്രാധാന്യത്തോടെയാണ് ഫിയോനയുടെ വാക്കുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് മണിപ്പൂരിൽ നടക്കുന്നത് എന്ന് ഫിയോന പറഞ്ഞതായാണ് ഓൺലൈൻ വാർത്ത ലോകത്ത് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. ഒരാഴ്ച മുൻപ് ഫിയോന പങ്കിട്ട വാക്കുകൾ ഇപ്പോഴാണ് ഓൺലൈനിൽ പ്രചാരം നേടിത്തുടങ്ങിയത്. മണിപ്പൂരിൽ നടക്കുന്നത് എന്തെന്ന് അന്വേഷിച്ച ബിബിസി മുൻ ലേഖകൻ കൂടിയായ ഡേവിഡ് കമ്പനിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് അദ്ദേഹം ഫിയോന ഭ്രൂസിനു കൈമാറിയത്. ഈ റിപ്പോർട്ട് ഫിയോന വിവിധ അധികാര കേന്ദ്രങ്ങൾക്ക് കൈമാറിയതാണ് ഇപ്പോൾ ചൂട് പിടിക്കുന്ന വിവാദമായി മാറുന്നത്.

എന്നാൽ ഇതിൽ അസ്വാഭാവികത ഇല്ലെന്നാണ് ഫിയോനയുടെ നിലപാട്. ഇക്കഴിഞ്ഞ മെയ് മൂന്നു മുതൽ മണിപ്പൂരിൽ പ്രാർത്ഥിക്കാനും ആരാധന നടത്താനും ഉള്ള സ്വാതന്ത്ര്യം നഷ്ടമായെന്നും സ്വന്തം സ്ഥലത്ത് അന്യരെപ്പോലെ ജീവിക്കേണ്ട ഗതികേടിൽ ആണെന്നും പ്രദേശവാസികളെ ഉദ്ധരിച്ചു ഉള്ള റിപ്പോർട്ടാണ് ഡേവിഡ് കമ്പനീൽ ഫിയോനക്കു കൈമാറിയിരിക്കുന്നത്.

മണിപ്പൂരിൽ തികഞ്ഞ അരാജകത്വം നടമാടുകയാണെന്നാണ് ഫിയോനക്ക് ലഭ്യമായ റിപ്പോർട്ടിന്റെ കാതൽ. ഇക്കാര്യത്തിൽ ബ്രിട്ടീഷ് സർക്കാരിന് ആശങ്ക അറിയാക്കാമെങ്കിലും നയപരമായ കാര്യം ആയതിനാൽ വളരെ കരുതലോടെ മാത്രമേ ഇത്തരം കാര്യങ്ങളിൽ ഓരോ രാജ്യവും ഇടപെടൂ. എന്നാൽ ഫിയോനക്ക് ഔദ്യോഗിക പദവി ഉള്ളതിനാൽ അവരുടെ കൂടി നിലപാട് ആയി വ്യാഖ്യാനിക്കപ്പെടും എന്നതും റിപ്പോർട്ട് കൈമാറിയ സംഭവത്തിന് ഗൗരവം നൽകുകയാണ്.

ഫിയോനയുടെ കൈവശം എത്തിയ റിപ്പോർട്ട് ബ്രിട്ടീഷ് പാർലിമെന്റിൽ നിർണായക സ്വാധീനം ഉള്ളവരിൽ വ്യാപകമായി എത്തിക്കഴിഞ്ഞു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ അന്താരാഷ്ട്ര സമൂഹം ഇന്ത്യൻ സർക്കാരിനോട് ജുഡീഷ്യൽ അന്വേഷണത്തിനു സമാനമായ തരത്തിൽ ഉള്ള ഇടപെടലുകൾ നടത്താൻ ആവശ്യപ്പെടണം എന്നും വ്യക്തമാക്കുന്നു.

ബിബിസി അവതാരക കൂടിയായ ഫിയോന ഭ്രൂസ് ഇടയ്ക്കിടെ വിവാദത്തിലും ഉൾപ്പെടുന്നതും പതിവാണ്. അടുത്തിടെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിതാവ് സ്റ്റാൻലി ജോൺസൻ നടത്തിയ ഗാർഹിക പീഡനം പരാമർശിക്കവെ വേണ്ടത്ര ഗൗരവം നൽകാതെയുള്ള നിലപാടിനു രൂക്ഷ വിമർശമാണ് ഫിയോന നേരിടേണ്ടി വന്നത്. ഇതോടെ റേഫ്യുജി ചാരിറ്റി അംബാസിഡർ പദവി രാജി വയ്ക്കുകയാണെന്നും അവർ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഫിയോണ ഇപ്പോൾ വഹിക്കുന്ന പദവി പോലും അവർ സ്ഥാനം ഏറ്റെടുത്തപ്പോൾ വിമർശകർ ചോദ്യം ചെയ്തതാണ്, ഇവർ മുൻപ് മത വിശ്വാസികൾ അല്ലാത്തവർക്ക് വേണ്ടിയുള്ള അവകാശ സംരക്ഷണത്തിൽ പ്രവർത്തിച്ചതാണ് വിമർശകരെ ചൊടിപ്പിച്ചത്. ബോറിസ് ജോൺസന്റെ കാലത്തു കോവിഡ് ലോക്ഡൗൺ ലംഘിച്ചു നടന്ന ക്രിസ്മസ് പാർട്ടിയുടെ പേരിലും ഫിയോന ഭ്രൂസ് ലേബർ പാർട്ടിയിൽ നിന്നും കടുത്ത വിമർശം ഏറ്റുവാങ്ങിയിരുന്നു.