- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിവെച്ചിട്ട വിമാനത്തിലെ 176 യാത്രക്കാർക്കും ഇറാൻ കോടികൾ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും; ബ്രിട്ടനും കാനഡയും അടക്കമുള്ള രാജ്യങ്ങൾ നഷ്ടപരിഹാരം തേടി ലോക കോടതിയിൽ; യുക്രെയിൻ വിമാനത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി കിട്ടുമോ?
ടെഹ്‌റാൻ: യാത്രക്കാരും ജീവനക്കാരുമടക്കം 176 പേരുടെ മരണത്തിനിടയാക്കിക്കൊണ്ട് 2020 ൽ ഇറാൻ ഒരു യുക്രെയിൻ യാത്രാ വിമാനം വെടിവെച്ചിട്ട സംഭവത്തിൽ നഷ്ടപരിഹാരമാവശ്യപ്പെട്ടുകൊണ്ട് ചില രാജ്യങ്ങൾ ലോക കോടതിയെ സമീപിച്ചിരിക്കുകയാണ്. യു കെ, കാനഡ, സ്വീഡൻ, യുക്രെയിൻ എന്നീ രാജ്യങ്ങളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. 2020 ജനുവരി 8 ന് അന്യായമായി ഇറാൻ യുക്രെയിൻ ഇന്റർനാഷണൽ എയർലൈൻസിന്റെ പി എസ് 752 വിമാനം വെടിവെച്ചിടുകയായിരുന്നു എന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പ്രഖ്യാപിക്കണം എന്നാണ് ആവശ്യം.
അതോടൊപ്പം സംഭവത്തിൽ ഇറാൻ ക്ഷമാപണം നടത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകുകയും വേണമെന്നും അവർ ആവശ്യപ്പെടുന്നു. കാനഡ, സ്വീഡൻ, യുക്രെയിൻ, യു കെ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കൊപ്പം അഫ്ഗാൻ പൗരന്മാരും ഇറാൻ പൗരന്മാരും ആ വിമാനത്തിൽ ഉണ്ടായിരുന്നു. ഒരു വയസ്സായ കുട്ടി മുതൽ 74 വയസ്സുള്ള വ്യക്തി വരെ മരിച്ചവരിൽ ഉൾപ്പെടുന്നു.
ഇരകളുടെ കുടുംബത്തിന് നീതി ലഭിക്കണം എന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അഞ്ച് രാജ്യങ്ങൾ ചേർന്നുള്ള സംയുക്ത പ്രസ്താവനയിൽ പറയുന്നു. കോടതിക്ക് പുറത്ത് തർക്കപരിഹാരം നടത്താൻ ഡിസംബറിൽ നടത്തിയ ശ്രമത്തിനോട് ഇറാൻ പ്രതികരിക്കാത്തതിനാലാണ് ഇപ്പോൾ കേസ് ഫയൽ ചെയ്യുന്നതെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നുണ്ട്.
സംഭവം നടന്ന ഉടനെ ഇറാൻ അവരുടെ പങ്ക് നിഷേധിച്ചെങ്കിലും മൂന്നാം ദിവസം തങ്ങളുടെ പാരാമിലിറ്ററി റെവലൂഷണറി ഗാർഡുകൾ അബദ്ധത്തിൽ ചെയ്ത പ്രവൃത്തിയാണതെന്നും, രണ്ട് സർഫസ് ടു എയർ മിസൈലുകൾ ഉപയോഗിച്ചാണ് വെടിവെച്ചിട്ടതെന്നും ഇറാൻ സമ്മതിച്ചിരുന്നു. ഒരു വ്യോമ പ്രതിരോധ ഉദ്യോഗസ്ഥൻ 737-800 ബോയിങ്ങിനെ അമേരിക്കൻ ക്രൂയിസ് മിസൈൽ ആയി തെറ്റിദ്ധരിച്ചതാണെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വ്യോമ പ്രതിരോധ ഓപ്പറേറ്ററെ ഈ വർഷം ആദ്യം ഇറാൻ കോടതി 13 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇത് കേവലം പരിഹാസ്യമായ നടപടിയാണെന്നാണ് ഹേഗിലെ അന്താരാഷ്ട്ര കോടതിയെ സമീപിച്ച രാജ്യങ്ങൾ ആരോപിക്കുന്നത്. നിയമവിരുദ്ധവും മനഃപൂർവ്വവുമായ ഒരു കുറ്റകൃത്യത്തിനെതിരെ നടപടിയെടുക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടു എന്നും അവർ പറയുന്നു. നിഷ്പക്ഷവും സുതാര്യവുമായ ഒരു അന്വേഷണം നടത്താനും വിചാരണ നടത്താനും ഇറാൻ അധികൃതർ പരാജയപ്പെട്ടതായും അവർ ചൂണ്ടിക്കാണിക്കുന്നു.
മറ്റു രാജ്യങ്ങളുടെ പേരിൽ കുറ്റം ചാരാൻ ശ്രമിച്ചും, താഴ്ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കിയും ഇതിൽ നിന്നും തലയൂരാനായിരുന്നു ഇറാന്റെ ശ്രമം എന്ന് അവർ ആരോപിക്കുന്നു. തെളിവുകൾ ഒളിപ്പിച്ചു വയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്തു. നഷ്ടപരിഹാരം തേടുന്ന ഇരകളുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി പിൻതിരിപ്പിക്കാൻ ശ്രമിച്ചു എന്നൊക്കെയൂള്ള ആരോപണങ്ങളും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്