മോസ്‌കോ: ജൂണിൽ നടന്ന വാഗ്‌നാർ സേനയുടെ സൈനിക കലാപത്തിന് ലഭിച്ച പിന്തുണ ഒരുപക്ഷെ നിലവിലെ റഷ്യൻ ഭരണകൂടത്തിന്റെ വീഴ്‌ച്ചക്ക് തന്നെ കാരണമായേക്കാം എന്ന് യുക്രെയിൻ ഇന്റലിജൻസ് തലവൻ മേജർ ജനറൽ കൈരിലോ ബുദനോവ് മുന്നറിയിപ്പ് നൽകുന്നു. അതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ഇത് പറയുന്നത്.

റഷ്യൻ ആഭ്യന്തര മന്ത്രാലയം നടത്തിയ ഒരു പഠനത്തിന്റെ റിപ്പോർട്ട് യുക്രെയിൻ ഇന്റലിജൻസിന് ചോർന്ന് കിട്ടി എന്നാണ് അവകാശപ്പെടുന്നത്. റഷ്യ ഒരു ആഭ്യന്തര യുദ്ധത്തിന്റെ നിഴലിലാണെന്നും അങ്ങനെയൊന്ന് ഉണ്ടായാൽ അത് രാജ്യം ചിന്നിച്ചിതറുന്നതിന് കാരണമാകുമെന്നും ബുദനോവ് പറയുന്നു. കഴിഞ്ഞ മാസം യെവ്ജെനി പ്രിഗോസന്റെ വാഗ്‌നാർ സൈന്യം നടത്തിയ നീതിക്കായുള്ള പരേഡ് വലിയതോതിൽ തന്നെ പൊതുജനങ്ങളെ ആകർഷിച്ചിരുന്നതായാണ് റഷ്യൻ ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്.

ഈ റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചു എന്നാണ് യുക്രെയിൻ ഇന്റലിജൻസ് മേധാവി ദി ടൈംസിനോട് അവകാശപ്പെട്ടത്. അതിൽ ഞെട്ടിക്കുന്ന പല വിവരങ്ങളുമുണ്ടെന്നുംഅദ്ദേഹം പറഞ്ഞു. റഷ്യയിൽ ഉടനീളം നിയമം ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി, പൊതുജനങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ റഷ്യ പുത്തൻ തലമുറ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ബുദനോവ് പറഞ്ഞു.

റഷ്യയിലെ 46 പ്രവിശ്യകളിൽ 17 എണ്ണത്തിൽ നിന്നും പ്രിഗോസിന് വൻ പിന്തുണ ലഭിച്ചതായി അദ്ദേഹം പറയുന്നു. അതായത്, ചെറിയൊരു തീപ്പൊരി വീണാൽ അത് റഷ്യൻ ഭരണകൂടത്തെ തൂത്തെറിയുന്ന വൻ വിപ്ലവമായി മാറിയേക്കാം എന്നർത്ഥം. മറ്റൊരു വിധത്തിൽ, റഷ്യ ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണ് എന്നർത്ഥം. ഭൂരിഭാഗം പ്രവിശ്യകളിലും പുടിനാണ് പിന്തുണയെങ്കിലുംപ്രിഗോസിനും ഒട്ടും കുറവില്ലാത്ത പിന്തുണയുണ്ട്. 17 പ്രവിശ്യകൾ പ്രിഗോസിന് പിന്തുണ നൽകിയപ്പോൾ 21 എണ്ണമാണ് പുടിനൊപ്പം നിന്നത്.

ഈ കണക്കുകൾ പക്ഷെ, എത്ര റഷ്യാക്കാർ ആയുധമേന്താൻ തയ്യാറാകും എന്നതിന്റെ കൃത്യമായ പ്രതിഫലമായി കണക്കാക്കാൻ ആകില്ലെങ്കിലും, പ്രിഗോസിനെ പോലെ ഒരു ശക്തനായ നേതാവ് മറുഭാഗത്ത് വന്നാൽ, ഇപ്പോൾ പുടിനുമായി വിരോധമുള്ളവർ ഒക്കെ ഒന്നിച്ചു ചേരാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇത്തരത്തിൽ റഷ്യൻ സമൂഹം രണ്ട് വിഭാഗങ്ങളായി ഭിന്നിക്കപ്പെട്ടേക്കാം. പ്രിഗോസിൻ ഇപ്പോൾ ചിത്രത്തിലില്ലെങ്കിലും അദ്ദേഹത്തിന് റഷ്യൻ സമൂഹത്തിലുള്ള സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നു, അതുപോലെ ജനപിന്തുണയും.

റഷ്യൻ ഫീൽഡ് പോളിങ് സെന്ററി നിന്നുള്ള ഒരു സർവേ റിപ്പോർട്ട് പറയുന്നത് പ്രിഗോസിന്റെ നടപടികളെ 29 ശതമാനം ഇപ്പോഴും പിന്തുണക്കുന്നു എന്നാണ്. അതിനിടയിൽ പ്രിഗോസിന്റെതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വീഡിയോ ജൂലായ് 3 ന് ടെലെഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആൾ രൂപം വീഡിയോയിൽ വ്യക്തമല്ല. എന്നാൽ, പ്രിഗോസിന്റേതിന് സമാനമായ ശബ്ദത്തിൽ ആ വ്യക്തി പറഞ്ഞത് ഞങ്ങളുടെ അടുത്ത വിജയങ്ങൾക്കായി കാത്തിരിക്കുക എന്നായിരുന്നു.