- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ പ്രസിഡണ്ടിന് തീർത്താൽ തീരാത്ത വർത്തമാനം രാജഭടനോടോ...? വിൻസർ കാസിലിൽ ഗാർഡ് ഓഫ് ഓണർ പരിശോധനയ്ക്കിടെ നടന്ന പുകിലുകൾ
ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് എത്താതിരുന്ന അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ, അതിനുശേഷം ആദ്യമായി എത്തിയപ്പോൾ നടന്നത് രസകരമായ കാര്യങ്ങൾ. ഒരു രാജഭടനുമായി സംസാരം തുടങ്ങിയ ബൈഡന് സംസാരം നിർത്താൻ തോന്നിയില്ല. രാജാവ് ചിരിച്ചുകൊണ്ട് അദ്ദേഹത്തെ സംഭാഷണം നിർത്തി തന്റൊപ്പം കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും, എന്നും തന്റെ വെൽഷ് പാരമ്പര്യത്തെപ്പറ്റി അഭിമാനം കൊള്ളുന്ന ബൈഡൻ വെൽഷ് ഗാർഡ്സിൽ പെട്ട ഭടനോട് സംസാരിച്ചു കൊണ്ടേയിരുന്നു.
ചിരിച്ചുകൊണ്ട് ചാൾസ് രാജാവ്, കൈകൾ കൊണ്ട് ആംഗ്യം കാണിച്ച് ഗാർഡ് ഓഫ് ഓണർ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് തിരിഞ്ഞു നിന്ന് ബൈഡൻ ആ ഗാർഡിന് നേരെ തിരിയുകയായിരുന്നു. ഋഷി സുനകുമായി നടത്തിയ ഒരു ഉച്ചകോടിക്ക് ശേഷം, വിൻഡ്സർ പാലസിൽ രാജാവിനെ സന്ദർശിക്കാൻ അമേരിക്കൻ പ്രസിഡണ്ട് എത്തിയപ്പോഴായിരുന്നു രസകരമായ ഈ സംഭവം നടന്നത്. പ്രധാനമന്ത്രിയുമായി നടത്തിയ 42 മിനിറ്റ് നീണ്ട കൂടിക്കാഴ്‌ച്ചക്ക് ശേഷം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരുന്നു ബൈഡൻ രാജാവിനടുത്തെത്തിയത്.
ഉപചാരപൂർവ്വം പ്രസിഡണ്ടിനെ ആനയിക്കുകയായിരുന്നു ചാൾസ് രാജാവ്. അതിന്റെ ഭാഗമായി ഗാർഡ് ഓഫ് ഓണർ പരിശോധനക്കിടെയായിരുന്നു ഈ സംഭവം. ചിരപരിചതരെപോലെയാണ് ഇരുവരം സംസാരിച്ചത്. ബ്രിട്ടീഷ് വിരോധിയെന്ന തന്റെ പ്രതിച്ഛായ മാറ്റാൻ ഈ സന്ദർശനത്തിൽ ബൈഡൻ ശ്രമിച്ചിരുന്നു. അമേരിക്കൻ ദേശീയഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പ്രസിഡണ്ടിനെ സ്വീകരിച്ചത്. പിന്നീട് കൊട്ടാരത്തിനകത്ത് കയറിയ ഇരുവരും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും സംസാരിച്ചു.
തികച്ചും ഊഷ്മളമായ വരവേൽപ് എന്നായിരുന്നു അമേരിക്കൻ പ്രസിഡണ്ടിന്റെ സുരക്ഷാ ഉപദേഷ്ടാവ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ, ഋഷിയുമായുള്ള കൂടിക്കാഴ്‌ച്ച തികച്ചും ചെറുതായിരുന്നു. ഒരു മണിക്കൂർ പോലും തികച്ച് ചെലവഴിക്കാതെ ബൈഡൻ മടങ്ങുകയായിരുന്നു. 2021 ലെ കോപ് 26 ഉച്ചകോടിയിലായിരുന്നു ബൈഡനും ചാൾസ് രാജാവും തമ്മിൽ ഏറ്റവും ഒടുവിലായി ഔപചാരികമായി സംസാരിച്ചത്.
പിന്നീട് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ബൈഡൻ എത്തിയിരുന്നു. എന്നാൽ, ചാൾസിന്റെ കിരീടധാരണ ചടങ്ങിൽ അദ്ദേഹം വന്നില്ല. പകരം പ്രഥമ വനിത ജിൽ ബൈഡനായിരുന്നു അതിൽ പങ്കെടുത്ത അമേരിക്കൻ സംഘത്തെ നയിച്ചത്. കൊട്ടാരത്തിനകത്ത് ഇരുവരും ക്ലൈമറ്റ് ഫിനാൻസ് മൊബിലൈസേഷൻ ഫോറത്തിലെ അംഗങ്ങളുമായും സംസാരിച്ചു. ബ്രിട്ടീഷ് എനർജി സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, ബൈഡന്റെ ക്ലൈമറ്റ് എൻവോയ് ജോൺ കെറി എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
വിൻഡ്സർ കാസിലിൽ നിന്നിറങ്ങിയ ബൈഡൻ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലെത്തി ലിത്വാനിയയിലേക്ക് പറന്നു. അവിടെ നാറ്റോ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. യുക്രെയിൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ നടക്കുന്ന ഈ ഉച്ചകോടിയെ അതീവ പ്രാധാന്യമുള്ള ഒന്നായാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. യുക്രെയിനിന്റെ നാറ്റോ പ്രവേശനം അതിവേഗമാക്കണം എന്ന് അടുത്ത കാലത്ത് ബൈഡൻ നിർദ്ദേശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ