മോസ്‌കോ: ലിത്വാനിയയിൽ നാറ്റോ ഉച്ചകോടിക്ക് അരങ്ങൊരുമ്പോൾ കടുത്ത പ്രതികരണവുമായി റഷ്യയും രംഗത്തെത്തുകയാണ്. സ്വീഡനും യുക്രെയിനും നാറ്റോ സഖ്യത്തിൽ അംഗത്വം നൽകിയാൽ, അനുയോജ്യമായ രീതിയിൽ പ്രതികരിക്കുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞത്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്നും ലാവ്റോവ് പറഞ്ഞു.

ലിത്വാനീയയിൽ ഇന്നലെ ആരംഭിച്ച നാറ്റോ ഉച്ചകോടി യുക്രെയിന് അനുകൂലമായ ഒരു തീരുമാനം എടുക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുനന്ത്. സ്വീഡന്റെ നാറ്റോ പ്രവേശന കാര്യത്തിലും പുരോഗതി പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, യുക്രെയിന്റെ നാറ്റോ പ്രവേശനവുമായി ബന്ധപ്പെട്ട് ഉടനടി തീരുമാനം വേണമെന്നാണ് സെലെൻസ്‌കിയുടെ ആവശ്യം.

സാധാരണ ഗതിയിൽ നാറ്റോ അംഗത്വം ലഭിക്കാൻ തന്നെ പതിറ്റാണ്ടുകൾ എടുത്തേക്കും. ഒരു യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ യുക്രെയിന് അംഗത്വം ലഭിക്കുന്നതിനുള്ള സാധ്യത കുറവാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ, റഷ്യയുടെ യുക്രെയിൻ അധിനിവേശം യൂറോപ്യൻ രാഷ്ട്രിയത്തെ ആകെ മാറ്റി മറിച്ചു എന്നത് കാണാതിരുന്നു കൂട. അതുവരെ നിഷ്പക്ഷത പുലർത്തിയിരുന്ന ഫിൻലാൻഡും സ്വീഡനുമൊക്കെ അത് വലിച്ചെറിഞ്ഞ് പാശ്ചാത്യ ചേരിയോട് കൂടുതൽ അടുക്കുന്ന കാഴ്‌ച്ചയാണ് നാം കണ്ടത്.

അത്തരമൊരു സാഹചര്യത്തിൽ, നാറ്റോയും ഒരു മാറ്റത്തിന് തയ്യാറായിക്കൂടെന്നില്ലെന്ന് കരുതുന്നവരും ഉണ്ട്. അത്തരമൊരു മാറ്റം സംഭവിച്ചാൽ യുക്രെയിന് അധികം വൈകാതെ തന്നെ അംഗത്വം ലഭിച്ചേക്കും. എന്നാൽ, ഖുറാൻ കത്തിക്കൽ പ്രശ്നവുമായി തുർക്കി ഇപ്പോഴും ഉടക്കി നിൽക്കുന്നതിനാൽ സ്വീഡന്റെ കാര്യത്തിൽ അനിശ്ചിതത്വം നിഴലിക്കുകയാണ്. സ്വീഡന് നാറ്റോ അംഗത്വം നൽകുന്നത് തീർച്ചയായും റഷ്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും എന്ന നിലപാടാണ് റഷ്യയ്ക്കുള്ളത്.

അതേസമയം, തുർക്കി തങ്ങളുടെ നിലപാടിൽ മയം വരുത്തിയേക്കും എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. തുർക്കിയും റഷ്യയും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും ആ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്നുമാണ് ഇതുമായി ബന്ധപ്പെട്ട് റഷ്യൻ വക്താവ് അറിയിച്ചത്. ഒരു സഖ്യത്തിലെ അംഗമെന്ന നിലയിൽ സഖ്യത്തിന്റെ പൊതു താത്പര്യത്തിനായി തുർക്കി തീരുമാനങ്ങൾ എടുത്തേക്കാം, എന്നാൽ, അത് തുർക്കിയുമായുള്ള റഷ്യയുടെ ബന്ധത്തെ ബാധിക്കില്ല എന്നും റഷ്യൻ വക്താവ് അറിയിച്ചു.