യൂറോപ്പിന്റെ രാഷ്ട്രീയ ഭൂപടം വലിയൊരു മാറ്റമാണ് കാണിക്കുന്നത്. ലക്ഷക്കണക്കിന് ജനങ്ങൾ സാവാധാനം അടുത്തു വരുന്നത് ജനപ്രിയങ്ങളായ വലതുപക്ഷ നയങ്ങളോടാണെന്ന് ഈ പുതിയ ഭൂപടം സൂചിപ്പിക്കുന്നു. വലതുപക്ഷാശയങ്ങൾക്ക് വർദ്ധിച്ചു വരുന്ന ജനപ്രീതി വോട്ടുകളായി മാറിയാൽ, അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് യൂറോപ്യൻ യൂണിയന്റെ സ്വഭാവം തന്നെ മാറ്റി മറിച്ചേക്കുമെന്നും അവർ പറയുന്നു.

തുറന്ന അതിർത്തികൾ, ആധിപത്യം സ്ഥാപിക്കാതിരിക്കൽ തുടങ്ങിയ ആശയങ്ങൾക്കൊക്കെ തിരിച്ചടിയേൽക്കുമ്പോൾ സോഷ്യൽ ഡെമോക്രാറ്റുകൾക്കും, പ്രകൃതിവാദികൾക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനുമൊക്കെ ബാലറ്റു പെട്ടികളിൽ സാന്നിദ്ധ്യം നഷ്ടപ്പെടുകയാണ്. മുഖംമൂടികൾ നീക്കി കൂടുതൽ പേർ പരസ്യമായി വലതുപക്ഷാശയങ്ങളെ പുൽകുമ്പോൾ, പുതിയ വലതുപക്ഷ വിപ്ലവം കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്.

സ്വീഡനിലായിരുന്നു തുടക്കം, തുടർന്ന് ഇറ്റലി, ഫിൻലാൻഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ വലതോരം ചേർന്ന് നടക്കാൻ ആരംഭിച്ചു. തെരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്‌ച്ച മാത്രം ബാക്കി നിൽക്കെ സ്പെയിനിൽ നിന്നുമെത്തുന്ന സൂചനകളും വിരൽ ചൂണ്ടുന്നത് ഒരു വലതുപക്ഷ സർക്കാരിലേക്കാണ്. തൊട്ടു പുറകെ ഹോളണ്ടും ഏറെ താമസിയാതെ ജർമ്മനിയിൽ ഈ വഴിയിൽ നീങ്ങിയേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

27 യൂറോപ്യൻ അംഗ രാജ്യൂങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളും സർവേ ഫലങ്ങളും പറയുന്നത് മൂന്നിൽ ഒന്ന് രാജ്യങ്ങളിൽ ഭരിക്കുന്നതോ അല്ലെങ്കിൽ ഭരണകൂടത്തിൽ സ്വാധീനം ചെലുത്തുന്നതോ ഇത്തരം കക്ഷികളോ, ഘടകങ്ങളൊ ആണെന്നാണ്. അനിയന്ത്രിത കുടിയേറ്റത്തിനെതിരെയും 2050 ഓടെ ഹരിതഗൃഹ വാതകത്തിന്റെ പ്രസരണം പൂർണ്ണമായും തടയുന്നത് ലക്ഷ്യമാക്കിയുള്ള നയങ്ങൾക്ക് എതിരെയുമാണ് വികാരം ശക്തിപ്പെടുന്നത്.

ശീലിച്ചു പോന്ന ജീവിത ശൈലിക്ക് വിരുദ്ധമായി, സീറോ എമിഷൻ നയങ്ങൾക്കനുസൃതമായി ജീവിതശൈലി മാറ്റുന്നതിനോട് വലിയൊരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുകയാണ്. അതിനൊപ്പം പരമ്പരാഗത കുടുംബ ജീവിതവും പൈതൃകവും മുറുകെ പിടിക്കാനും അടുത്ത തലമുറകളിലേക്ക് പകർന്ന് നൽകാനുമുൾല പ്രവണതയും വർദ്ധിച്ചു വരുന്നു. ജനങ്ങളുടെ മനോനിലയിൽ വരുന്ന മാറ്റം വളരെ താമസിയാതെ തന്നെ സോഷ്യൽ ഡെമോക്രസിയിൽ അടിസ്ഥിതമായി കെട്ടിയുയർത്തിയ യൂറോപ്യൻ യൂണിയന്റെ ഘടനയിലും മാറ്റം വരുത്തിയേക്കാം എന്ന് ചിന്തിക്കുന്നവർ ഏറെയാണ്.

അന്താരാഷ്ട്ര രാഷ്ട്രീയ വിശകലന ഏജൻസിയായ ലണ്ടനിലെ ചാറ്റാം ഹൗസിലെ യൂറോപ്യൻ രാഷ്ട്രീയ വിദഗ്ധനായ ഹൻസ് കുൻഡാനി പറയുന്നത് സിറിയൻ ആഭ്യന്തര യുദ്ധകാലത്ത്, 2015-ൽ ജർമ്മനിയിലേക്കുണ്ടായ അഭയാർത്ഥി പ്രവാഹമാണ് വർത്തമാനകാല യൂറോപ്യൻ ചിന്താഗതിയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതെന്നാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ അത് സെന്റർ- റൈറ്റിലേക്കും പിന്നീട് പൂർണ്ണ വലതുപക്ഷത്തേക്കും മാറി. ഇത് യൂറോപ്യൻ യൂണിയന്റെ പ്രവർത്തനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറയുന്നു.

അഭയാർത്ഥികളുടെ ഒഴുക്കിനെതിരെയുള്ള ജനരോഷം സമർത്ഥമായി ഉപയോഗിക്കാൻ കഴിഞ്ഞതാണ് വലതുപക്ഷ വിജയങ്ങൾക്ക് പിന്നിലെന്ന് വിയന്ന യൂണിവേഴ്സിറ്റിയിലെ ആന്റണി ജെ കോൺസ്റ്റാന്റിനി പറയുന്നു. തുറന്ന ജനാധിപത്യം എന്ന ആശയത്തിന് പ്രചാരം ലഭിക്കാൻ തുടങ്ങിയപ്പോൾ, പലയിടങ്ങളിലും അത് വംശീയ വിദ്വേഷമായി ചിത്രീകരിക്കപ്പെട്ടു എന്നും അദ്ദേഹം പറയുന്നു. തുറന്ന ജനാധിപത്യ വാദികളും തീവ്ര വലതുപക്ഷക്കാരും എന്തുകൊണ്ട് മേൽക്കൈ നേടുന്നു എന്നത് ഇനിയും യൂറോപ്യൻ യൂണിയൻ മനസ്സിലാക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എട്ട് വർഷങ്ങൾക്ക് മുൻപ് അന്നത്തെ ജർമ്മൻ ചാൻസലർ ആയിരുന്ന ഏഞ്ചെല മെർക്കെൽ ഏകപക്ഷീയമായി അഭയമൊരുക്കിയത് 13 ലക്ഷം സിറിയൻ അഭയാർത്ഥികൾക്കായിരുന്നു. അഭയം അർഹിക്കുന്നവർ എന്ന് കരുതി ജർമ്മൻ ജനത കൈനീട്ടി സ്വീകരിച്ചവരിൽ പക്ഷെ മെച്ചപ്പെട്ട ജീവിതം തേടിയെത്തിയ ഇറാഖ്, ഇറാൻ, പാക്കിസ്ഥാൻ, സബ്-സഹാറൻ ആഫ്രിക്ക, ബാൾക്കൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരുമുണ്ടായിരുന്നു. അഭയാർത്ഥികൾ എന്ന വ്യാജേന ആയിരുന്നു അവരുടെ വരവ്.

തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് ഇപ്പോൾ യൂറോപ്യൻ ജനത ചിന്തിക്കുന്നത്. തങ്ങളുടെ നല്ല മനസ്സിനെ ഒരു കൂട്ടം ആളുകൾ ചൂഷണം ചെയ്തതായി അവർ കരുതുന്നു. അതിന്റെ ഫലമാണ് ഇപ്പോൾ കിഴക്കൻ യൂറോപ്പിലെ പോളണ്ടിലും ഹംഗറിയിലുംഅതിർത്തി പരിശോധനകൾ കർശനമാക്കിയതും, അഭയാർത്ഥികളെ തടയുന്നതും. മെഡിറ്ററേനിയൻ രാജ്യങ്ങളായ ഇറ്റലിയും ഫ്രാൻസും അവരുടെ സമുദ്രാർത്ഥിയിൽ തന്നെ ക്യാമ്പുകൾ തുടങ്ങി അനധികൃത അഭയാർത്ഥികളെ തിരിച്ചയയ്ക്കാൻ തുടങ്ങി എന്ന വാർത്തകൾ പുറത്ത് വരുന്നു. വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള അഭയാർത്ഥികളെ കൈകാര്യം ചെയ്യാൻ ഗ്രീസ് ഇതിനോടകം തന്നെ അവരുടെ ദ്വീപുകളിലൊന്നിൽ കേന്ദ്രം ആരംഭിച്ചു കഴിഞ്ഞു.

ഊർജ്ജ നിരക്കും, ഭക്ഷണ പദാർത്ഥങ്ങളുടെ വിലയുമൊക്കെ കുതിച്ചുയരുമ്പോൾ, ഇന്ന് യൂറോപ്യൻ ജനത ഭരണകർത്താക്കളോട് ആവശ്യപ്പെടുന്നത് സ്വന്തം പൗരന്മാരുടെ കാര്യം നോക്കാനാണ്, അവരുടെ ജീവിതം മെച്ചപ്പെടുത്താനാണ്. കഴിഞ്ഞ വർഷം മാത്രം യൂറോപ്പിലെത്തിയത് 9 ലക്ഷം അഭയാർത്ഥികളായിരുന്നു. 2021 ലേതിന്റെ ഇരട്ടി. ഇത് പല സാമൂഹ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. താരതമ്യേന ശാന്തമായിരുന്ന സ്വീഡനിൽ പോലും 2015 ൽ ഇവരുടെ വരവിന് ശേഷമായിരുന്നു ഇന്ന് കാണുന്നത് പോലുള്ള സാമൂഹ്യ അസ്ഥിരത ആരംഭിച്ചതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

ജർമ്മനിയിലെ ചില സംസ്ഥാനങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കില്ലെന്ന കർശന നിലപാട് എടുത്തിരിക്കുകയാണ്.അ തേസമയം ഫ്രാൻസിലും അഭയാർത്ഥികൾക്ക് എതിരായ വികാരം ഉറഞ്ഞു കൂടുകയാണ്. പ്രധാന രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ അഭയാർത്ഥികൾക്കെതിരായി സംസാരിക്കാൻ തുടങ്ങിയതായി കഴിഞ്ഞ ദിവസമായിരുന്നു സർക്കാർ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനൽ ആരോപിച്ചത്.

കഴിഞ്ഞ മാസം ഫ്രാൻസിൽ കലാപം നടന്നത് ഒരു അഭയാർത്ഥി പൊലീസ് വെടിയേറ്റ് മരണമടഞ്ഞതോടെയായിരുന്നു. അതിൽ കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിനായി നടത്തിയ ക്രൗഡ് ഫണ്ടിംഗിൽ 1.5 മില്യൺ പൗണ്ടിനേക്കാൾ ഏറെ പിരിഞ്ഞു കിട്ടി എന്നത് മാത്രം മതി ജനങ്ങളുടെ ചിന്താഗതി ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കാൻ.