ചാൾസ് രാജാവിന് ഏറെ പ്രിയപ്പെട്ട ഒഴിവുകാല വസതിയായ വെൽഷ് കോട്ടേജിൽ ഇനി മുതൽ അതിഥിയായി താമസിക്കണമെങ്കിൽ പണം നൽകേണ്ടി വരുമെന്ന് മകൻ വില്യം രാജകുമാരന്റെ അറിയിപ്പ്. മാത്രമല്ല, രാജാവിന്റെ സാധനങ്ങളൊക്കെയും ഉടനടി കോട്ടേജിൽ നിന്നും നീക്കണമെന്നും നിർദ്ദേശം. 2007-ൽ 1.2 മില്യൺ ഒപൗണ്ട് മുടക്കി ചാൾസ് വാങ്ങിയ മനോഹരമായ കോട്ടേജ് വാടകക്ക് നൽകാനുള്ള മകന്റെ പദ്ധതി രാജാവിന് തീരെ പിടിക്കുന്നില്ല എന്നും ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ബ്രെക്കോൺ ബീക്കൺസ് നാഷണൽ പാർക്കിന്റെ അതിർത്തിയിലുള്ള ഈ വസതി ഡച്ചി ഓഫ് കോൺവാളിന്റെ പണം ഉപയോഗിച്ചാണ് ചാൾസ് വാങ്ങിയത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ വർഷം വില്യം രാജകുമാരൻ ഡച്ചി ഓഫ് കോൺവാളിന്റെ ചുമതല ഏറ്റെടുത്തിരുന്നു. എല്ലാ വേനൽക്കാലത്തും ല്യുനിവെർമോണ്ട് എന്നറിയപ്പെടുന്ന ഇവിടെ ഒന്നോ രണ്ടോ ആഴ്‌ച്ച ചാൾസ് ചെലവഴിക്കാറുണ്ടായിരുന്നു. എന്നാൽ ഈ വർഷം രാജാവിന്റെ ലീസ് വില്യം പുതുക്കിയിട്ടില്ല.

കൊട്ടാരത്തിനകത്തുള്ള സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത് സെപ്റ്റംബർ മുതൽ ഇത് ഒഴിവുകാല വസതിയായി വാടകക്ക് ലഭ്യമാകും എന്നാണ്. ഈ തീരുമാനം രാജാവിനെ ഏറെ നിരാശപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കാരണം, പുറത്തുള്ളവർക്ക് വാടകക്ക് നൽകുന്നതോടെ ചാൾസിന്റെ സ്വന്തം വസ്തുക്കൾ എല്ലാം തന്നെ അവിടെ നിന്നും മാറ്റേണ്ടതായി വരും.

മൂന്ന് കിടപ്പുമുറികളുള്ള പ്രധാന വീടിനോട് അനുബന്ധിച്ച് ചെറിയൊരു ഔട്ട്ഹൗസ് കൂടി ഇതിനുണ്ട്. 192 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വീട് സെപ്റ്റംബർ മുതൽ ഒഴിവുകാല വസതിയായി വാടകക്ക് നൽകും. ഇതിനോട് അടുത്തായി മറ്റ്മൂന്ന് വസതികൾ കൂടി ഡച്ചിക്ക് സ്വന്തമായി ഉണ്ട്. അവ ഇതിനോടകം തന്നെ വാടകക്ക് നൽകിക്കഴിഞ്ഞു. അതിൽ മൂന്ന് കിടപ്പുമുറികളുള്ള നോർത്ത് റേഞ്ച് കോട്ടേജ് ആഴ്‌ച്ചക്ക് 2400 പൗണ്ടിനാണ് വാടകക്ക് നൽകുന്നത്.

പ്രമുഖ ആർകിടെക്ട് ക്രെയ്ഗ് ഹാമിൽട്ടണിന്റെ സഹായത്തോടെയാണ് ചാൾസ് ഈ വീട് നവീകരിച്ചത്. ഇതിന്റെ അകത്തള അലങ്കാരങ്ങൾ എല്ലാം നിർവഹിച്ചിരിക്കുന്നത് രാജ്ഞിയുടെ സഹോദരി ആനബെൽ എലിയറ്റ് ആണ്. രാജാവും രാജ്ഞിയും ധാരാളം സമയം ഇതിന്റെ നവീകരണത്തിനായി ചെലവഴിച്ചിരുന്നു. പ്രധാന വീടിനോട് അനുബന്ധിച്ചുള്ള ഔട്ട് ഹൗസ് ഇപ്പോൾ ഒരു തീന്മുറിയാണ്. 16 അതിഥികൾക്ക് വരെ ഒരേസമയം ഭക്ഷണം വിളമ്പാൻ അവിടെ സൗകര്യമുണ്ട്.

ഏറെ ശ്രദ്ധ ചെലുത്തി നവീകരിച്ച ഗൃഹമായതുകൊണ്ടു തന്നെ അത് വിട്ടുകൊടുക്കാൻ രാജാവിന് മനസ്സില്ല. ഡച്ചിക്ക് വാടക നൽകാമെന്നും അതിന്റെ പരിപാലന ചുമതലയും ചെലവും വഹിക്കാമെന്നും രാജാവ് സമ്മതിച്ചതായി ചില റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.