ലണ്ടൻ: ഓക്ലൻഡ്: 12 ട്രില്യൺ പൗണ്ട് മൂല്യം വരുന്ന ഇൻഡോ- പസിഫിക് ട്രേഡ് ബ്ലോക്കുമായി കരാർ ഒപ്പുവെച്ച് ബ്രിട്ടൻ ബിസിനസ് സെക്രട്ടറി കെമി ബെയ്ഡ്‌നോഷ്. ഞായറാഴ്ച ന്യൂസിലൻഡിലെ ഓക്ലൻഡിലാണ് കരാർ ഒപ്പുവെച്ചത്. നീക്കത്തിലൂടെ 500 മില്യൺ ആളുകളുടെ ഇടയിലേക്ക് ഇറങ്ങാൻ ബ്രിട്ടീഷ് വ്യവസായികൾക്ക് അവസരമൊരുങ്ങും. 2018ൽ ഇൻഡോ പസഫിക് ബ്ലോക്ക് രൂപീകരിച്ച ശേഷം ആദ്യമായി ഇതിൽ ഉൾപ്പെടുന്ന യൂറോപ്യൻ രാജ്യമാണ് ബ്രിട്ടൻ.

ഓസ്‌ട്രേലിയ, ബ്രൂണെയ്, കാനഡ, ചിലി, ജപ്പാൻ, മലേഷ്യ, മെക്‌സിക്കോ, നയൂസിലാൻഡ്, പെറു, സിംഗപ്പൂർ, വിയറ്റ്‌നാം എന്നിവരാണ് ബ്ലോക്കിലെ മറ്റ് അംഗരാജ്യങ്ങൾ. ബ്രക്‌സിറ്റിലൂടെ യൂറോപ്യൻ യൂണിൻ വിട്ടതിന് ശേഷമുള്ള ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാര കരാർ കൂടിയാണിത്. യുകെ കൂടി ഉളപ്പെട്ടതോടെ ആഗോള ജിഡിപിയുടെ 15% എന്നതാണ് ബ്ലോക്കിന്റെ കണക്കിൽ വരികയെന്ന് അധികൃതർ വ്യക്തമാക്കി.

രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷം ഇക്കഴിഞ്ഞ മാർച്ചിലാണ് ഈ കരാർ യാഥാർഥ്യമാക്കാൻ തത്വത്തിൽ തീരുമാനമെടുത്തത്. 2024ന്റെ രണ്ടാം പകുതിയോടെ കാര്യങ്ങളിൽ നീക്കുപോക്കുണ്ടാകുമെന്നും ആ സമയമാകുമ്പോൾ യുകെ വോട്ടിങ് അവകാശമുള്ള അംഗരാ്യമായ മാറുകയും ഇതിലൂടെ ബിസിനസ് പ്രവർത്തനങ്ങളുടെ നേട്ടം ലഭ്യമായി തുടങ്ങുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

വളരെ പ്രതീക്ഷ നൽകുന്നതും വളർച്ച കൈവരിക്കുന്നതും ഒപ്പം നല്ല രീതിയിൽ മുന്നോട്ട് പോകുന്ന ഒരു ബ്ലോക്കിന്റെ ഭാഗമായതിൽ വളരെയധികം സന്തോഷം തോന്നുന്നു, ഇത് യുകെയുടെ സന്ദ വ്യവസ്ഥയ്ക്ക് വലിയ സഹായവും വളർച്ചയും സമ്മാനിക്കുകയും ഒപ്പം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും കെമി ബെയ്ഡ്‌നോഷ് പ്രതികരിച്ചു.

ബ്രക്‌സിറ്റിലൂടെ യൂറോപ്യൻ യൂണിയൻ വിട്ടതിന്റെ ഗുണങ്ങളാണ് ഇത്തരം നേട്ടങ്ങളെന്നാണ് വിലയിരുത്തൽ. എന്നാൽ കരാർ കൊണ്ട് വലിയ നേട്ടം അവകാശപ്പെടാൻ യുകെയ്ക്ക് കഴിയില്ലെന്നാണ് വിമർശകർ പറയുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം പ്രതിവർഷം 1.8 ബില്യൺ യൂറോ ആയിരിക്കും നേട്ടമെന്നും ഇത് യുകെയുടെ ജിഡിപിയുടെ ഒരു ശതമാനത്തിലും താഴെയാണെന്നും വിമർശകർ പറയുന്നു.