- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുടിനെ തളയ്ക്കാൻ ''ദി ഓസിറോസ് '' എന്നറിയപ്പെടുന്ന സ്വന്തം വിശ്വസ്തരോ...? യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കുവാൻ റഷ്യയിലെ ഭരണം നിയന്ത്രിക്കുന്ന പ്രബലർ? പുടിനെ അട്ടിമറിക്കുവാൻ പദ്ധതിയെന്ന് റിപ്പോർട്ടുകൾ
റഷ്യക്ക് നാശകരമായി ഭവിച്ച യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുവാനായി പുടിനെ സ്ഥാനഭ്രഷ്ടനാക്കാൻ അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ തന്നെ ശ്രമിക്കുന്നുവെന്ന് ഒരു മുൻ റഷ്യൻ ഉദ്യോഗസ്ഥൻ പറയുന്നു. ദി ഒസിറോസ് എന്നറിയപ്പെടുന്ന, പുടിന്റെ ഏറ്റവും അടുത്ത അനുയായി വൃന്ദം തന്നെയാണ് ഈ ഗൂഢാലോചനക്ക് പുറകിൽ എന്ന് ഐഗർ ഗിർക്കിൻ പറയുന്നു. യെവ്ജെനി പ്രിഗോസിന്റെ കലാപ ശ്രമത്തിന് ശേഷമാണത്രെ ഇവർ ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയത്.
ലെനിൻഗ്രാഡ് ആസ്ഥാനമായി 1996-ൽ രൂപീകരിച്ച ഈ ഗ്രൂപ്പിൽ ഏറെയും അതിസമ്പന്നരും, വൻ സ്വാധീനമുള്ളവരുമായ ബിസിനസ്സുകാരും ബാങ്കർമാരുമാണുള്ളത്. ഇവരിൽ പലരും ക്രെംലിനിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുമുണ്ട്. പുടിനോട് ഏറെ കൂറു പുലർത്തിയിരുന്ന ഈ സംഘം ഇപ്പോൾ യുക്രെയിൻ യുദ്ധം അവസാനിക്കുവാനായി പുടിനെ സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിക്കുകയാണെന്നാണ് റഷ്യൻ മിലിറ്ററി ബ്ലോഗർ കൂടിയായ ഗിർക്കിൻ പറയുന്നത്.
റഷ്യൻ പ്രതിരോധ മന്ത്രാലയം, രഹസ്യാന്വേഷണ സംഘടനയായ എഫ് എസ് ബി, മറ്റ് പ്രധാന സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹായത്തോടെയായിരിക്കും പുടിനെതിരെ ഇവർ വാളെടുക്കുക എന്നും ഗിർക്കിൻ പറയുന്നു. നേരത്തേ, ഭരണകൂടത്തിനെതിരെ കാലപാഹ്വാനവുമായി മോസ്‌കോക്ക് 125 മൈൽ അടുത്തുവരെ എത്തിയ പ്രിഗോസിന്റെ വാഗ്നാർ സേന, പ്രിഗോസിൻ പുടിനുമായി ഉണ്ടാക്കിയ രഹസ്യ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ തിരികെ മടങ്ങുകയായിരുന്നു.
എന്നാൽ, പ്രിഗോസിന്റെ കലാപ ശ്രമം വിജയമായിരുന്നു എന്നാണ് ഗിർക്കിൻ വിശ്വസിക്കുന്നത് അത് ക്രെംലിനിൽ ഒരു അധികാര കലഹത്തിന് വഴിയൊരുക്കി. മാത്രമല്ല, അത് പുടിന്റെ ദൗർബല്യം എടുത്തു കാണിക്കുകയും ചെയ്തു. റഷ്യയിൽ ഏറ്റവും ചുരുങ്ങിയത് എട്ട് ഉന്നതോദ്യോഗസ്ഥരെങ്കിലും ഇതിന്റെ ഫലമായി നീക്കം ചെയ്യപ്പെടുകയോ കസ്റ്റഡിയിൽ ആകുകയോ ചെയ്തു. വാഗ്നാർ കലാപം ആരംഭിക്കുന്നതിന് മുൻപ് തന്നെ പുടിന്റെ അടുത്ത അനുയായികളിൽ ചിലർക്ക് അതേക്കുറിച്ച് അറിയാമായിരുന്നു എന്നും പറയപ്പെടുന്നു.
തന്റെ അധികാരം നഷ്ടപ്പെടാതിരിക്കാൻ പുടിൻ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും അദ്ദേഹത്തെ നീക്കം ചെയ്ത് പകരം പ്രിഗോസിനേയോ പുടിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയ സെർജി കിരിയെൻകോയേയോ തത്സ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് പുടിന്റെ അനുയായികൾ ശ്രമിക്കുന്നത് എന്ന് ഗിർക്കിൻ പറയുന്നു. മറ്റൊരു റഷ്യൻ പ്രസിദ്ധീകരണം പറയുന്നത് 60 കാരനായ കിരിയെൻകോ ഇപ്പോൾ തന്നെ പുടിന്റെ പിൻഗാമിയാകാനുള്ള ശ്രമത്തിലാണെന്നാണ്. ഇപ്പോൾ ഈ ഗ്രൂപ്പിനകത്തെ സമവാക്യങ്ങൾ ആകെ മാറിയിരിക്കുകയാണെന്നും ഗിർക്കിൻ പറയുന്നു.
റഷ്യൻ ഭരണകൂടത്തെ പുറകിൽ നിന്നും നിയന്ത്രിക്കുന്ന നവ സമ്പന്നരുടെ (ഒളിഗാർക്ക്സ്) സംഘം ഇപ്പോൾ ആവശ്യപ്പെടുന്നത് യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനാണ്. ഈ യുദ്ധത്തിൽ ജയം ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ പരാജയം സമ്മതിച്ച് യുദ്ധം അവസാനിപ്പിക്കാനാണ് അവർ നിർബന്ധിക്കുന്നത്. പിന്നീട് ഈ ഗ്രൂപ്പ് നാമനിർദ്ദേശം ചെയ്യുന്ന ഒരാളിലേക്ക് അധികാര കൈമാറ്റം ചെയ്യണം. എന്നും കുറേ പേരെ വിശ്വസ്തരായി കൂടെ നിർത്തിയാണ് പുടിൻ തന്റെ രാഷ്ട്രീയ വിജയങ്ങൾ ഒക്കെയും നേടിയിട്ടുള്ളത്. ഇപ്പോൾ ആ വിശ്വസ്തരാണ് പുടിന് എതിരായി വരുന്നത്.
അതിനിടയിൽ, ചില പാശ്ചാത്യ ചാര സംഘടനകളും പുടിന്റെ എതിരാളികൾക്ക് പിന്തുണയുമായി എത്തിയതായി ചില റിപ്പോർട്ടുകൾ പറയുന്നു. പണവും, സ്വർണ്ണവും മറ്റ് വിലകൂടിയ സമ്മാനങ്ങളും നൽകി പുടിനെ പുറത്താക്കാൻ എതിരാളികളെ പ്രേരിപ്പിക്കുകയാണ് ഈ സംഘടനകൾ. പുടിന്റെ മോശപ്പെട്ട ആരോഗ്യം കൂടി കണക്കിലെടുത്ത് എരിതീയിൽ എണ്ണ ഒഴിക്കുകയാണ് പാശ്ചാത്യ ചാര സംഘടനകൾ.
അതുപോലെ, ക്രെംലിനിൽ നിന്നും ചോർന്ന അതീവ രഹസ്യ സ്വഭാവമുള്ള ഒരു രേഖയിൽ പറയുന്നത് ചില ഉന്നതോദ്യോഗസ്ഥർ തന്നെ പുടിനെ സ്ഥാന ഭ്രഷ്ടനാക്കാനുള്ള കാരണം ഉണ്ടാക്കാനായി യുക്രെയിൻ യുദ്ധം മനഃപൂർവ്വം തോറ്റ് കൊടുത്തേക്കും എന്നാണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മറുനാടന് മലയാളി ബ്യൂറോ