- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരക്കണക്കിന് പൗണ്ട് ഫീസ് വാങ്ങി വ്യാജ അഭയാർത്ഥി വിസാ തട്ടിപ്പ്; മെയിൽ ദിനപ്പത്രം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്ത്; ഇന്ത്യൻ വംശജർ അടക്കമുള്ളവരുടെ വക്കീൽ ഓഫീസുകൾ പൂട്ടിച്ച് സോളിസിറ്റേഴ്സ് റെഗുലേറ്റർ; ബ്രിട്ടണിലെ അനിധികൃത കുടിയേറ്റം തീരുമോ?
ലണ്ടൻ: ബ്രിട്ടണിൽ വ്യാജ രേഖകളും മറ്റും ചമച്ച്, അനധികൃതമായി എത്തുന്ന കുടിയേറ്റക്കാർക്ക് അഭയാർത്ഥി പട്ടം ലഭിക്കാൻ സഹായിക്കുന്ന ചില സോളിസിറ്റർമാരുടെ കഥ കഴിഞ്ഞ ദിവസം ഡെയ്ലി മെയിൽ പുറത്തുകൊണ്ടുവന്നിരുന്നു. ആയിരക്കണക്കിന് പൗണ്ട് പ്രതിഫലം പറ്റി, അനർഹർക്ക് അഭയം ലഭിക്കാൻ സഹായിക്കുന്ന ഇത്തരത്തിലുള്ള മൂന്ന് സ്ഥപനങ്ങൾ ഇന്നലെ സോളിസിറ്റേഴ്സ് റെഗുലേറ്റർ അടച്ചു പൂട്ടി. അതിനൊപ്പം മറ്റൊരു ലീഗൽ അഡ്വൈസറെ സോളിസിറ്റെർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടുമുണ്ട്.
അനധികൃതമായി കുടിയേറിയത് എന്ന വ്യാജേന ഡെയ്ലി മെയിൽ റിപ്പോർട്ടർ ഈ സ്ഥാപനങ്ങളെ സമീപിക്കുകയായിരുന്നു. അഭയം ലഭിക്കുന്നതിനായി, വധ ഭീഷണി, പീഡനം തുടങ്ങിയ കാരണങ്ങൾക്ക് തെളിവായി താൻ കഥകൾ മെനഞ്ഞെടുത്ത് തെളിവുകൾ സഹിതം നൽകാറുണ്ട് എന്ന് പറഞ്ഞ ലീഗൽ അഡ്വൈസറെയാണ് ഇപ്പോൾ ജോലി ചെയ്യുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്. സോളിസിറ്റർ സ്ഥാപനങ്ങളുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കർശന ശിക്ഷ നൽകണമെന്ന് ഋഷി സുനകും ലോർഡ് ചാൻസലർ അലക്സ് ചോക്കും പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ നടപടി.
ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ, ഷാഡോ അറ്റോർണി ജനറൽ എമിലി തോൺബെറി, ലിബറൽ ഡെമോക്രാറ്റ് ഹോം അഫയേഴ്സ് വക്താവ് അലിസ്റ്റെയ്‌ര് കാർമിക്കെൽ എന്നിവരും ഈ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. ഡെയ്ലി മെയിൽ സമീപിച്ച സോളിസിറ്റർ സ്ഥാപനങ്ങളുടെ പെരുമാറ്റം ഞെട്ടിക്കുന്നതാണെന്ന് ലോർഡ് ചാൻസലറുടെ കത്തിനുള്ള മറുപടിയിൽ സോളിസിറ്റേഴ്സ് റെഗുലേറ്ററി അഥോറിറ്റി ചെയർപേഴ്സൺ പ്രതികരിച്ചു.
ഡെയ്ലി മെയിൽ സമർപ്പിച്ച തെളിവുകൾ പരിശോധിച്ച ശേഷമാണ് ഈ സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കിയത്. അതിനു പുറമേ, പ്രശ്നത്തിൽ ഉൾപ്പെട്ട രണ്ട് സ്ഥാപനങ്ങളിൽ എസ് ആർ എ നേരിട്ട് പരിശോധന നടത്തുകയും ചെയ്തു. കൂടുതൽ വ്യാപകമായ രീതിയിൽ പരിശോധന തുടരുമെന്നറിയിച്ച എസ് ആർ എ ചെയർപേഴ്സൺ, അഥോറിറ്റിയുടെ മാർഗ്ഗ നിർദ്ദേശം അനുസരിച്ചാണോ അംഗീകൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പ് വരുത്തും എന്നും അറിയിച്ചു.
അടുത്ത ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ പരിശോധനകൾ ആരംഭിക്കും എന്നാണ് അഥോറിറ്റി വക്താവ് വ്യക്തമാക്കിയത്. മാത്രമല്ല, അഭയാർത്ഥികളുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതൽ കർശന പരിശോധന നടത്തും.
മറുനാടന് മലയാളി ബ്യൂറോ