യാങ്കൂൺ: മ്യാന്മറിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ ഏകാന്ത തടവിൽ കഴിയുന്ന മുൻഭരണാധികാരി ഓങ് സാൻ സൂ ചിക്ക് മോചനത്തിന് വഴിയൊരുങ്ങി. പട്ടാളം അധികാരത്തിൽ നിന്നും പുറത്താക്കിയ ഓങ് സാൻ സൂ ചിക്ക് മാപ്പു നൽകുന്നുവെന്ന് മ്യാന്മർ ഭരണകൂടം അറിയിച്ചു.

ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 തടവുകാർക്ക് പൊതുമാപ്പു നൽകുന്നതിന്റെ ഭാഗമായാണ് സൂ ചിക്കും മാപ്പു നൽകുന്നതെന്നാണ് മ്യാന്മർ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. സൂ ചിക്ക് ശിക്ഷ വിധിച്ച കേസുകളിലാണ് മാപ്പ് നൽകിയിരിക്കുന്നതെന്നാണ് വിവരം.

രണ്ടു വർഷമായി തടവിൽ തുടരുന്ന സൂ ചിയെ ഉടൻ മോചിപ്പിച്ചേക്കുമെന്നാണ് വിവരം. സൂ ചിയുടെ കൂട്ടാളിയും സൂ ചിയുടെ ഭരണ സമയത്ത് രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വിൻ മിന്റിനും മാപ്പു നൽകുമെന്നും പട്ടാള ഭരണകൂടം അറിയിച്ചു.

2021 ഫെബ്രുവരി 1നു പട്ടാളഅട്ടിമറി നടന്ന ദിവസം മുതൽ സൂ ചി ഏകാന്തതടവിലാണ്. കഴിഞ്ഞ ആഴ്ച ജയിലിൽ നിന്ന് പട്ടാള ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള വീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെ വീട്ടു തടങ്കലിൽ തുടരുന്നതിനിടെയാണ് ഇപ്പോൾ മാപ്പു നൽകിയതായി അറിയിച്ചത്. 1991ലെ നൊബേൽ ജേതാവായ സൂ ചിക്കെതിരെ അഴിമതി,രാജ്യദ്രോഹം അടക്കം 18 കേസുകളാണു പട്ടാളഭരണകൂടം ചുമത്തിയിട്ടുള്ളത്. 48 വർഷം വരെ ശിക്ഷ വിധിക്കാവുന്ന കേസുകളാണ് ഇവർക്കു മേൽ ചുമത്തിയിട്ടുള്ളത്.