ഖെർസണിലെ റഷ്യൻ ക്യാമ്പുകളിൽ ബന്ധികളാക്കപ്പെട്ട യുക്രെയിൻ വംശജരിൽ പകുതിയോളം പേർ ലൈംഗിക പീഡനം ഉൾപ്പടെയുള്ള ക്രൂരമായ പീഡനങ്ങൾക്ക് വിധേയരായതായി ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ സ്ഥാപനം ആരോപിക്കുന്നു. മുപ്പത്തഞ്ചോളം ക്യാമ്പുകളിലെ വിവിധ കേസുകൾ പരിശോധിച്ചതിൽ, ശ്വാസം മുട്ടിക്കൽ, വൈദ്യൂതാഘാതം ഏൽപ്പിക്കൽ, മർദ്ദനം, ബലാത്സംഗ ഭീഷണി എന്നിവ കണ്ടെത്തിയതായും ഈ നിയമ സ്ഥാപനം പറയുന്നു. ഗ്ലോബൽ റൈറ്റ്സ് കോംപ്ലയൻസിന്റെ മൊബൈൽ ജസ്റ്റിസ് ടീം ആണ് ഏകദേശം 320 പേരുടെ അനുഭവങ്ങൾ വിശകലനം ചെയ്ത് ഈ ആരോപണം ഉയർത്തിയിരിക്കുന്നത്.

വോളന്റിയർമാർ, സാമൂഹ്യ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, പൊലീസ്- മിലിറ്ററി ഉദ്യോഗസ്ഥർ എന്നിവർ ഇങ്ങനെ തടവിലാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. യുക്രെയിൻ ഓഫീസ് ഓഫ് ദി പ്രോസെക്യുട്ടറുമായി യോജിച്ചായിരുന്നു ഇക്കാര്യം പരിശോധിച്ചത്. ഗ്ലോബൽ റൈറ്റ്സ് കോംപ്ലയൻസിന്റെ സഹ സ്ഥാപകനും മാനേജിങ് പാർട്ട്നറുമായ വെയ്ൻ ജോർഡാഷ് പറയുന്നത് ഖെർസൺ ക്യാമ്പുകളിൽ നിന്നും പുറത്തു വരുന്ന പീഡന കഥകൾ സൂചിപ്പിക്കുന്നത് പുടിന്റെ യുക്രെയിൻ സ്വത്വം നശിപ്പിക്കാനുള്ള പദ്ധതിയാണെന്നാണ്. ഇതിൽ വംശഹത്യയും ഉൾപ്പെടും എന്നും അദ്ദേഹം ആരോപിക്കുന്നു.

ഏറ്റവും ചുരുങ്ങിയത്, യുക്രെയിൻ പൗരന്മാരെ ഭയപ്പെടുത്തിയും, ഉപദ്രവിച്ചും ക്രെംലിന്റെ ആജ്ഞാനുവർത്തികളാക്കാനുള്ള ശ്രമങ്ങൾ എങ്കിലുമാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. യു കെ, യു എസ്, ഇ യു എന്നിവർ സ്പോൺസർ ചെയ്യുന്ന അട്രോസിറ്റി ക്രൈംസ് അഡ്വൈസറി ഗ്രൂപ്പി (എ സി എ) ന്റെ ഭാഗമായ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ സ്ഥാപനമായ ഗ്ലോബൽ റൈറ്റ്സ് കോംപ്ലയൻസിന്റെ മൊബൈൽ ജസ്റ്റിസ് ടീം 2022 ഏപ്രിലിൽ ആയിരുന്നു രൂപീകരിച്ചത്. ബ്രിട്ടനിലെ പ്രമുഖ ബാരിസ്റ്ററ്റ് ആയ വെയ്ൻ ജോർഡാഷ് ആണ് ഇതിനെ നയിക്കുന്നത്.

ഇത്തരം ക്യാമ്പുകളിൽ റഷ്യൻ സൈനികർ നടത്തിയ ക്രൂരമായ ലൈംഗിക പീഡനങ്ങളുടെ പുതിയ തെളിവുകൾ ഇവരുടെ അന്വേഷണത്തിൽ പുറത്ത് വന്നിട്ടുണ്ട് എന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. പുരുഷ ലൈംഗികാവയവങ്ങളിൽ വൈദ്യൂതാഘാതം ഏൽപ്പിക്കുക, ലിംഗഛേദനം നടത്തുമെന്ന് ഭീഷണി ഉയർത്തുക, ബന്ധിയാക്കപ്പെട്ട ഒരാളെ ഒരു ബാഹ്യ വസ്തു ഉപയോഗിച്ച് ബലാത്സംഗം ചെയ്യുന്നതിന് സാക്ഷിയാകാൻ നിർബന്ധിക്കുക തുടങ്ങിയവയൊക്കെ അവിടെ സാധാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവിധ ക്യാമ്പുകളിലായി 17 പേരുടെ ലിംഗത്തിലേക്ക് വൈദ്യൂതാഘാതം ഏൽപ്പിക്കുവാൻ ഒരു റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ ഉത്തരവിറക്കി എന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തകാലത്തായി, അക്രമങ്ങളുടെ തീവ്രത വർദ്ധിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2022 നവംബറിൽ, റഷ്യ യുദ്ധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി യുക്രെയിൻ പ്രസിഡണ്ട് സെലെൻസ്‌കി ആരോപിച്ചിരുന്നു.

റഷ്യൻ ക്രൂരകൃത്യങ്ങളുടെ പൂർണ്ണമായ തീവ്രത ഇനിയും അറിയാൻ ആയിട്ടില്ല എന്ന് പറഞ്ഞ ഗ്ലോബൽ റൈറ്റ്സ് കംപ്ലയൻസിലെ അന്ന മൈക്കിടെൻകോ പറഞ്ഞത്, അറിവായ ക്രൂരകൃത്യങ്ങൾ നൽകിയ മാനസികാഘാതം വർഷങ്ങളോളം ഇരകളെ വേട്ടയാടി കൊണ്ടിരിക്കും എന്നാണ്. പുടിന്റെ കരാള പ്രവർത്തികളുടെ മഞ്ഞുമലയുടെ തുമ്പ് മാത്രമാണ് ഖെർസണിൽ ദൃശ്യമാകുന്നതെന്നും അവർ പറഞ്ഞു.

കഴിഞ്ഞ വർഷം റഷ്യ പിടിച്ചെടുത്തപ്പോൾ സഹകരിക്കാതിരുന്നതിന് റഷ്യൻ സൈന്യം ക്രൂരമായി പീഡിപ്പിച്ചതായി യുക്രെയിൻ പവർ പ്ലാന്റ് ജീവനക്കാരും വെളിപ്പെടുത്തിയിരുന്നു. സാപോറിഷിയ പ്ലാന്റിലെ ജീവനക്കാരായിരുന്നു ദുരനുഭവം പുറംലോകവുമായി പങ്കുവച്ചത്. അതിനു പുറമെ റഷ്യ പിടിച്ചെടുത്ത യാഡിൻ എന്ന പ്രദേശത്ത് സ്ത്രീകളും കുട്ടികളും അടക്കം 367 പേരെ വെറും 200 ചതുരശ്ര മീറ്റർ മാത്രം വിസ്തീർണ്ണമുള്ള ബേസ്മെന്റിൽ അടച്ചു പൂട്ടിയ സംഭവം നേരത്തെ പുറത്തു വന്നിരുന്നു.

ഏകദേശം ഒരു മാസത്തോളമായിരുന്നു അവർക്ക് അവിടെ കഴിയേണ്ടി വന്നത്. അവരിൽ 11 പേർ മരണപ്പെടുകയും ചെയ്തിരുന്നു.