- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് അട്ടിമറി നീക്കം: ഡോണൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി; യു.എസ് മുൻ പ്രസിഡന്റിനെതിരെ ചുമത്തിയത് 20 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങൾ; വീണ്ടും മൽസരിക്കാനൊരുങ്ങുന്ന ട്രംപിന് കനത്ത തിരിച്ചടി
വാഷിങ്ടൺ: 2020ൽ നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ഡോണൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. രാജ്യത്തെ കബളിപ്പിക്കൾ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന നടത്തൽ എന്നീ കുറ്റങ്ങൾ കൂടിയാണ് ചുമത്തിയത്. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ട്രംപ് വ്യാഴാഴ്ച കോടതിയിൽ ഹാജരാകണം. അടുത്ത വർഷം പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാനൊരുങ്ങുന്ന ട്രംപിന് ഇത് വലിയ തിരിച്ചടി ആയേക്കും.
2020ലെ തിരഞ്ഞെടുപ്പിൽ ജോബൈഡനോടുള്ള തോൽവി ഒഴിവാക്കുന്നതിനു വേണ്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രംപ് കുറ്റക്കാരനാണെന്ന കണ്ടെത്തിയത്. ''2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി നിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റിനെതിരെ മറ്റൊരു വ്യാജ കുറ്റപത്രം കൂടി ജാക്ക് സ്മിത്തുകൊണ്ടു വന്നതായി അറിയാൻ കഴിഞ്ഞു.'' എന്നാണ് കേസുമായി ബന്ധപ്പെട്ട് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.
തിരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിക്കുന്നതിനായി ട്രംപ് സമ്മർദം ചെലുത്തിയതായി ചില ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു. ജോ ബൈഡന്റെ വിജയാഘോഷത്തിനിടെ ട്രംപിന്റെ അനുയായികൾ ആക്രമണം നടത്തിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ജനുവരിയിൽ ഒരു കത്ത് ലഭിച്ചതായി ട്രംപ് പറഞ്ഞിരുന്നു. ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്.
അതേസമയം, പ്രതിരോധ രഹസ്യങ്ങൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളിൽ ഡോണൾഡ് ട്രംപിനെ നേരത്തെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. 37 കുറ്റങ്ങൾ നിലനിൽക്കുമെന്ന് മയാമി ഫെഡറൽ കോടതി വ്യക്തമാക്കുകയും ചെയ്തു. കുറ്റക്കാരനല്ലെന്ന് ട്രംപ് കോടതിയിൽ ആവർത്തിച്ചു. മാരലഗോയിലെ വസതിയിൽനിന്ന് കെട്ടുകണക്കിനു രേഖകളാണ് എഫ്ബിഐ കഴിഞ്ഞ വർഷം കണ്ടെടുത്തത്.
2021 ജനുവരി ആറിന് ബൈഡന്റെ വിജയത്തെ അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചോയെന്നതാണ് പ്രധാനമായും പരിശോധിച്ചതെന്ന് സ്‌പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് പ്രസ്താവനക്ക് പിന്നാലെ ട്രംപ് കോൺഗ്രസ് യോഗത്തിൽ പ്രസംഗിക്കുകയും തുടർന്ന് ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ അനുയായികൾ കാപ്പിറ്റോൾ ബിൽഡിങ് ആക്രമിക്കുകയും ചെയ്തുവെന്ന് സ്മിത്ത് വ്യക്തമാക്കി.
കാപ്പിറ്റോൾ ബിൽഡിങ്ങിന് നേരെ നടന്ന ആക്രമണം അമേരിക്കൻ ജനാധിപത്യത്തിന് നേരെയുണ്ടായ വെല്ലുവിളിയാണെന്നും ട്രംപിനെതിരായ കുറ്റപത്രം പറയുന്നു. യു.എസിന്റെ അടിത്തറയെ തന്നെ ദുർബലമാക്കുന്ന നുണകളാണ് ട്രംപ് പറഞ്ഞതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
അമേരിക്കയുടെ സമാധാനപരമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും അമേരിക്കൻ ജനാധിപത്യത്തെ ഭീഷണികളിൽ നിന്നും രക്ഷിക്കുന്നതിനുമാണ് നീതിന്യായ വകുപ്പ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പരാതിക്കാരിയായ യു എസ് ഡിസ്ട്രിക്ട് ജഡ്ജി തന്യ ജഡ്ജി തന്യ ചുട്കൻ പറഞ്ഞു.
ബൈഡന്റെ വിജയത്തിന്റെ സർട്ടിഫിക്കേഷൻ വൈകിപ്പിക്കാനായി 2021 ജനുവരി ആറിന് ട്രംപും സംഘവും അക്രമം നടത്തിയിട്ടുണ്ട് എന്നും പരാതിയിൽ പറയുന്നുണ്ട്. ഈ ആക്രമണം അമേരിക്കൻ ജനാധിപത്യത്തിന് നേരിട്ട കനത്ത വെല്ലുവിളിയായിരുന്നുവെന്ന് നീതിന്യായ വകുപ്പിന്റെ പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്ത് പറഞ്ഞു. മാസങ്ങളോളം ഇതിനെക്കുറിച്ചുള്ള അന്വേഷണം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൊണാൾഡ് ട്രംപ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന പരാതികൾ നിഷേധിച്ചിരിക്കുകയാണ്. തന്റെ തിരഞ്ഞെപ്പിന്റെ മുന്നൊരുക്കങ്ങൾ തടയുന്നതിന് ഡെമോക്രാറ്റുകൾ ശ്രമിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രംപിനെതിരെ ക്രിമിനൽ കേസുകൾ വർദ്ധിച്ചു വരികയാണ്.
മറുനാടന് ഡെസ്ക്