കീവ്: യുക്രെയിനിൽ കാണിച്ച കടുത്ത ക്രൂരതകൾ കൊണ്ട് കുപ്രസിദ്ധമായ വാഗ്നാർ സേന ബെലാറൂസിൽ നിന്നും പോളണ്ടിലെക്ക് മാർച്ച് ചെയ്യുന്നു. പുടിന്റെ ഉറ്റ സുഹൃത്തായ ബെലാറോസ് പ്രസിഡണ്ട് ലുകാഷെൻക വാഗ്നാർ സൈന്യത്തെ പോളണ്ടിനെതിരെ ഉപയോഗിക്കുകയാണെന്ന് പോളണ്ടിലെ അതിർത്തി ഗ്രാമങ്ങളിൽ ഉള്ളവർ ഭയക്കുന്നു. കൊടും ക്രിമിനലുകളായ വാഗ്നാർ സേനാംഗങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും അവരെ ഉപയോഗിച്ച് പോളണ്ടിന്റെ പ്രതിരോധ ശേഷി കുറയ്ക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യമെന്നും നിരീക്ഷകർ പറയുന്നു.

തികച്ചും പ്രവചനാതീതമായ രീതിയിൽ പ്രവർത്തിക്കുന്ന വാഗ്നാർ സേന കാരുണ്യവും മനുഷ്യത്വവും തൊട്ടു തീണ്ടാത്തവരാണ്. അതാണ് അതിർത്തി ഗ്രാമങ്ങളിൽ ഉള്ളവരെ ഏറ്റവും അധികം ഭയപ്പെടുത്തുന്നത്. 2014-ൽ ക്രീമിയയെ റഷ്യയോട് ചേർക്കുന്നതിൽ സഹായിക്കാനായി രൂപം കൊടുത്ത വാഗ്നാർ സൈന്യം, റഷ്യയിൽ നടത്തിയ പരാജയപ്പെട്ട കലാപത്തിന് ശേഷം ഇപ്പോൾ ബെലാറൂസിലാണ് തമ്പടിച്ചിരിക്കുന്നത്. വാഗ്നാർ സേനയുടെ തലവൻ പെർഗൂസിനും പുടിനും തമ്മിലുണ്ടാക്കിയ ഒരു രഹസ്യ കരാറിനെ തുടർന്നാണിതെന്ന് പറയപ്പെടുന്നു.

ഈ കുറ്റവാളി സംഘം യൂറോപ്പിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണി ഉയർത്തുകയാണെന്ന് കഴിഞ്ഞ മാസം തന്നെ പോളണ്ട് പ്രതികരിച്ചിരുന്നു. ബെലാറൂസിനും, റഷ്യൻ ഭാഗമായ കലിനിൻഗാർഡിനും ഇടയിലുള്ള പോളണ്ടിന്റെ തന്ത്രപ്രധാനമായ സുവാക്കി ഗ്യാപ്പിലേക്ക് വാഗ്നാർ സേന അടുത്തു കൊണ്ടിരിക്കുന്നതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

2021-ൽ സ്വന്തം കാമുകിയെ ക്രൂരമായി മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്തതിന് 17 വർഷത്തെ ജയിൽ വാസത്തിന് വിധിക്കപ്പെട്ട വാൽഡിസ്ലാവ് കാന്യുസ് എന്ന 26 കാരനും ഇപ്പോൾ വാഗ്നാർ സേനാംഗമാണ്. സൈന്യത്തിൽ ചേരാൻ സമ്മതിച്ചതിനെ തുടർന്ന് ജയിൽ വിമോചിതനാക്കപ്പെട്ട ഈ ക്രൂരനായ കൊലയാളി നാളെ റഷ്യയുടെ വീരനായകനായി മാറുമോ എന്ന ആശങ്കയിലാണ്ഇരയുടെ കുടുംബം. മാത്രമല്ല, തങ്ങളുടെ ജീവനും അപകടത്തിലാവുമോ എന്ന് അവർ ഭയക്കുന്നു.

യുക്രെയിൻ യുദ്ധത്തിൽ റഷ്യക്ക് കാര്യമായ മുന്നേറ്റം നേടാൻ കഴിയാതെ വന്നതോടെ, ജയിലിൽ കഴിഞ്ഞിരുന്ന പല കുറ്റവാളികളേയും മോചിപ്പിച്ച് വാഗ്നാർ സേനയിൽ എടുക്കുകയായിരുന്നു. ഇത്തരത്തിൽ, ആയിരക്കണക്കിന് ക്രൂരന്മാരായ കുറ്റവാളികളാണ് ശിക്ഷയിൽ നിന്നും മുക്തി നേടി വാഗ്നാർ സേനയിൽ ചേർന്ന് യുക്രെയിനിൽ റഷ്യയ്ക്കായി പോരാടിയത്. അവരിൽ പലരും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് മാതൃരാജ്യത്തിന് വേണ്ടി പോരാടുക തങ്ങളുടെ ധർമ്മമാണെന്നൊക്കെ വീരവാദം മുഴക്കി വീരനായകന്മാരാകാനുള്ള ശ്രമത്തിലുമാണ്.

ഓർഗനൈസേഷൻ ഫോർ സെക്യുരിറ്റി ആൻഡ് കോഓപ്പറേഷൻ ഇൻ യൂറോപ്പ് (ഒ എസ് സി ഇ) കഴിഞ്ഞമാസം വാഗ്നാർ സേനയെ ഒരു തീവ്രവാദ ഗ്രൂപ്പായി പട്ടികപ്പെടുത്തിയിരുന്നു. മാത്രമല്ല, വാഗ്‌നാർ സൈന്യം വിദേശരാജ്യങ്ങളിൽ ചെയ്യുന്ന പ്രവർത്തികൾക്ക് റഷ്യയ്ക്കായിരിക്കും ഉത്തരവാദിത്തം എന്നും വ്യക്തമാക്കിയിരുന്നു. അതിനൊപ്പം അവർക്ക് അഭയം നൽകിയ ബെലാറൂസിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിരുന്നു.