- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കോട്ട്ലാൻഡിന് മുകളിലൂടെ പറന്ന റഷ്യൻ യുദ്ധവിമാനം; പിന്നാലെ പാഞ്ഞ് ബ്രിട്ടീഷ് യുദ്ധ വിമാനങ്ങളും; റഷ്യയും നാറ്റോ സഖ്യവും തമ്മിലുള്ള ശത്രുത മുറുകവേ യുദ്ധ വിമാനങ്ങളുടെ പേരിലും തീക്കളി
ലണ്ടൻ: മറ്റൊരു മഹായുദ്ധം അടുത്തെത്തിയെന്ന് ആശങ്ക പരത്തിക്കൊണ്ട് റഷ്യൻ യുദ്ധ വിമാനങ്ങൾ സ്‌കോട്ട്ലാൻഡിന്റെ ആകാശത്ത്. നാറ്റോ സഖ്യത്തിന്റെ വടക്കൻ വ്യോമാതിർത്തിക്കുള്ളിൽ എത്തിയ രണ്ട് റഷ്യൻ വിമാനങ്ങളെ ബ്രിട്ടീഷ് വ്യോമസേനയുടെ വിമാനങ്ങൾ തുരത്തിയോടിച്ചു. അന്തർവാഹിനികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കഴിവുള്ള ഉപകരണങ്ങൾ ഘടിപ്പിച്ച് ടി യു - 142 ബെയർ-എഫ്, ടി യു - 142 ബെയർ ജെ എന്നീ വിമാനങ്ങളായിരുന്നു ബ്രിട്ടീഷ് അതിർത്തിക്കുള്ളിൽ എത്തിയത്.
റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള സംഘർഷം കനത്തു വരുന്നതിനിടയിൽ ഇത് രണ്ടാം തവണയാണ് റഷ്യൻ യുദ്ധ വിമാനങ്ങൾ നാറ്റോയുടെ വ്യോമാതിർത്തിക്ക് സമീപമെത്തുന്നത്. നാറ്റോയുടെ കിഴക്കൻ അതിർത്തി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനത്തിനിടെ കഴിഞ്ഞ നാല് മാസക്കാലത്തിനിടയിൽ റോയൽ എയർഫോഴ്സ് വിമാനങ്ങൾ 50 ൽ അധികം തവണയാണ് റഷ്യൻ വിമാനങ്ങളുമായി നേർക്ക് നേർ വന്നിട്ടുള്ളത്.
ഇന്നലെ രാവിലെ ഷെറ്റ്ലാന്ദ് ദ്വീപുകൾക്ക് സമീപത്ത് കൂടിയായിരുന്നു റഷ്യൻ വിമാനങ്ങൾ പറന്നത്. ഉടനടി തന്നെ ബ്രിട്ടീഷ് വ്യോമ സേനയുടെ ടൈഫൂൻ ജെറ്റുകൾ പറന്നുയർന്നു. നിമിഷങ്ങളുടെ അറിയിപ്പിൽ, ശത്രുക്കൾക്ക് നേരെ പ്രതിരോധം തീർക്കാൻ ബ്രിട്ടീഷ് വ്യോമസേന സജ്ജമാണെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. ദൗത്യം പൂർത്തിയാകുന്നത് വരെ വോയേജർ, വിമാനവേധ ടാങ്കുകളും സജ്ജമാക്കി നിർത്തിയിരുന്നു.
അതേസമയം, തങ്ങളുടെ അതിർത്തി ലംഘിച്ചെത്തിയ ഒരു നോർവീജിയൻ പട്രോൾ വിമാനത്തെ തുരത്താൻ രാവിലെ ഒരു മിഗ് -29 അയച്ചതായി റഷ്യ അറിയിച്ചു. റഷ്യൻ വിമാനം എത്തിയതോടെ നോർവീജിയൻ വിമാന്മ് പിന്തിരിയുകയായിരുന്നു എന്നും റഷ്യൻ വൃത്തങ്ങൾ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തന്നെയായിരുന്നു തങ്ങളുടെ വിമാനം പ്രതിരോധം തീർത്തതെന്നും, രാജ്യാതിർത്തി ലംഘിച്ചിട്ടില്ലെന്നും റഷ്യൻ വൃത്തങ്ങൾ അവകാശപ്പെടുന്നു.
നാറ്റോ സഖ്യാംഗമായ നോർവെ റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യാമാണ്. ബാരെന്റ്സ് കടലിൽ നോർവേയും റഷ്യയും സമുദ്രാതിർത്തിയും പങ്കിടുന്നുണ്ട്. വടക്കൻ യൂറോപ്പിലേക്കുള്ള റഷ്യൻ അധിനിവേശത്തിന് ഏറ്റവും വലിയ തടസ്സവും നോർവേ തന്നെയാണ്. അതിനിടയിൽ നാറ്റോയുടെ കിഴക്കൻ അതിർത്തി സംരക്ഷിക്കാൻ എസ്റ്റോണിയയിലെ വ്യോമകേന്ദ്രത്തിൽ തമ്പടിച്ചിട്ടുള്ള ബ്രിട്ടീഷ് എയർഫോഴ്സ് വിമാനങ്ങൾ ഇതിനോടകം തന്നെ അമ്പതിലേറെ തവണ റഷ്യൻ വിമാനങ്ങളെ അതിർത്തിക്കടുത്തു നിന്നും തുരത്തിയോടിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്