ശ്രീനഗർ: ചൈന ഇന്ത്യയിൽ കടന്നുകയറി ഭൂമി പിടിച്ചെടുത്തെന്ന ആരോപണം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരിഞ്ച് സ്ഥലം പോലും നഷ്ടമായില്ലെന്ന പ്രധാനമന്ത്രിയുടെ വാദം തെറ്റാണ്. ലഡാക്കിലുള്ള എല്ലാവർക്കും ഇക്കാര്യം അറിയാമെന്നും രാഹുൽ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഗൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടക്കുന്നത്. ഇതിനിടെയാണ് രാഹുലിന്റെ വിമർശനം.

രാജീവ് ഗാന്ധിയുടെ 79-ാം ജന്മവാർഷിക ദിനത്തിൽ ലഡാക്കിലെ പാങ്കോങ്ങ് തടാകതീരത്ത് പൂജ നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ. ലഡാക്കിലെ ജനങ്ങളുമായി താൻ സംസാരിച്ചു. ചൈന ലഡാക്കിലേക്ക് കടന്നുകയറിയെന്നാണ് അവർക്ക് പറയാനുള്ളതെന്നും രാഹുൽ ആരോപിച്ചു. ചൈന ഇന്ത്യയുടെ ഭൂമി കവരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് രാഹുൽ നേരത്തേയും വിമർശനം ഉന്നയിച്ചിരുന്നു.

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷ മേഖലകളിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ-ചൈന കോർപ്‌സ് കമാൻഡർ തല ചർച്ചയിൽ ധാരണ വന്നിരുന്നു. ഓഗസ്റ്റ് 13-14 തീയതികളിൽ ഇന്ത്യൻ മേഖലയിലെ ചുഷുൽ-മോൾഡോ അതിർത്തിയി നടന്ന 19-ാം സൈനിക തല ചർച്ചയിലാണ് ധാരണയായത്. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്തവനയിലാണ് ഇക്കാര്യം പറഞ്ഞത്.

പടിഞ്ഞാൻ സെക്ടറിലെ എൽഎസിയിലെ പ്രശ്നത്തിൽ ഇരുപക്ഷവും തമ്മിൽ ക്രിയാത്മക ചർച്ച നടന്നു. നേതൃത്വം നൽകിയ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചൈന തുറന്ന സമീപനം സ്വീകരിച്ചതായും പ്രസ്താവനയിൽ പറയുന്നു. ശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായുള്ള സൈനിക, നയതന്ത്ര ചർച്ചകൾ വേഗത്തിലാക്കാനും അതുവരെ അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്താനും ഇരുപക്ഷവും ധാരണയായി എന്നാണ് അറിയിപ്പ്. എന്നാൽ ഇതിനെ ചോദ്യം ചെയ്യുകയാണ് രാഹുൽ ദാന്ധി.

ഗാൽവാൻ താഴ്‌വര, പാംഗോങ് സോ, ഗോഗ്ര, ഹോട്ട് സ്പ്രിങ്‌സ് എന്നിവിടങ്ങളിൽ നിന്ന് നാല് റൗണ്ട് പിരിച്ചുവിടലുകൾ ഉണ്ടായിട്ടും, ഇരുഭാഗത്തും വിപുലമായ സൈനിക വിന്യാസമുണ്ട്. ദൗലെറ്റ് ബെഗ് ഓൾഡി സെക്ടറിലെ ഡെപ്‌സാങ്ങിലെയും ഡെംചോക്ക് സെക്ടറിലെ ചാർഡിങ് നുല്ല ജംഗ്ഷനിലെയും പ്രശ്‌നങ്ങൾ ഇപ്പോഴും ചർച്ചയിലാണ്. 2020- ലാണ് ഗാൽവാൻ താഴ് വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായെങ്കിലും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും പ്രതിരോധ വകുപ്പ് അറിയിച്ചിരുന്നു.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത് ചൈനയുമായുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15-ാം ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. 2019ന് ശേഷം നേതാക്കൾ നേരിട്ടെത്തിയുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യാനും ഭാവിയിലെ പ്രവർത്തന മേഖലകൾ തിരിച്ചറിയാനും ഉച്ചകോടി അവസരം നൽകുമെന്ന് ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

നേരിട്ടുള്ള ഉച്ചകോടി ആയതുകൊണ്ടുതന്നെ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ച ഉൾപ്പെടെ നിരവധി സുപ്രധാന കൂടിക്കാഴ്ചകൾക്ക് വഴിയൊരുക്കും. ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം ചർച്ചയായേക്കും.