മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് എതിരെ കലാപത്തിന് മുതിർന്ന വാഗ്നർ പടയുടെ തലവൻ യെവ്ഗിനി പ്രിഗോഷിൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിമാന അപകടത്തിലാണ് മരണമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ പ്രിഗോഷിൻ യാത്രക്കാരുടെ പട്ടികയിൽ ഉണ്ടായിരുന്നുവെന്ന് റഷ്യൻ വ്യോമയാന അഥോറിറ്റി അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

പുടിനെതിരെ ജൂണിൽ പട നയിച്ചെങ്കിലും ഒടുവിൽ പാതിവഴിയിൽ പിന്മാറുകയായിരുന്നു. മോസ്‌കോയിൽ നിന്നും സെന്റ്പീറ്റേഴ്‌സ്ബർഗിലേക്ക് പോയ വിമാനമാണ് തകർന്നതെന്നാണ് വിവരം. മൂന്നുവൈമാനികരടക്കം വിമാനത്തിൽ ഉണ്ടായിരുന്ന 10 പേരും കൊല്ലപ്പെട്ടു.

ജെറ്റ് വിമാനം പ്രിഗോഷിന്റെ ഉടമസ്ഥതയിൽ ഉള്ളതാണെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മോസ്‌കോയിൽ നിന്ന് 60 മൈൽ അകലെ ബൊളോഗവ്‌സ്‌കി ജില്ലയിലെ ട്വർ മേഖലയിൽ ഒരുവയലിലാണ് വിമാനം തകർന്നുവീണത്. അതേസമയം, ഇവർ സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യൻ വ്യോമപ്രതിരോധ സേന, മോസ്‌കോയുടെ വടക്ക് ട്വർ പ്രദേശത്ത് വെടിവച്ചിട്ടതാണെന്ന് വാഗ്‌നർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനൽ ഗ്രെ സോൺ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

റോസാവിയാത്സ്യ-റഷ്യൻ വ്യോമയാന ഏജൻസി, പ്രിഗോഷിനും യാത്രക്കാരുടെ പട്ടികയിൽ ഉണ്ടായിരുന്നു എന്നുപറഞ്ഞിരുന്നു, എന്നാൽ, മരിച്ചവരുടെ പേരുവിവരങ്ങൾ വ്യക്തമല്ലെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. 10 പേരടങ്ങുന്ന ബിസിനസ് ജെറ്റാണ് തകർന്നതെന്ന് റഷ്യൻ അധികൃതർ പറഞ്ഞു.

്അപകട സ്ഥലത്ത് നിന്ന് പുക ഉയരുന്നത് കാണാമായിരുന്നു. കലാപശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പ്രിഗോഷിൻ അതീവശ്രദ്ധാലുവായാണ് നടന്നിരുന്നത്. തന്റെ ജീവൻ അപകടത്തിലാണെന്ന് അദ്ദേഹം ഭയന്നിരുന്നു. അതീവസുരക്ഷയോടെയാണ് അദ്ദേഹം നീങ്ങിയിരുന്നത്.

ജൂണിൽ, മണിക്കൂറുകൾ നീണ്ട യുദ്ധസന്നാഹത്തിനൊടുവിൽ വാഗ്‌നർ ഗ്രൂപ്പ് പത്തി മടക്കുകയിയിരുന്നു. മോസ്‌കോയിലേക്കുള്ള മാർച്ച് നിർത്തി വയ്ക്കാൻ വാഗ്‌നറിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിൻ ഉത്തരവിട്ടതോടെ സംഘം യുദ്ധം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. ബെലാറസ് പ്രസിഡന്റും പുടിന്റെ സഖ്യകക്ഷിയുമായ അലക്സാണ്ടർ ലുക്കാഷെങ്കോ പ്രിഗോസിനുമായി നടത്തിയ അനുരഞ്ജന ചർച്ചകളെ തുടർന്നായിരുന്നു പിന്മാറ്റം.

മോസ്‌കോ നഗരത്തിൽ പ്രവേശിച്ച് യുദ്ധത്തിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് നാടകീയമായ വാഗ്നർ സേനയുടെ പിന്മാറ്റം ഉണ്ടായത്. ഏതു നിമിഷവും രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം എന്ന ഭയത്തിൽ ഓരോ നിമിഷങ്ങളും തള്ളിനീക്കുന്നതിനിടെയാണ് അവിശ്വസനീയമായ തീരുമാനം കൈക്കൊണ്ടത്. ഏകദേശം 5000 ത്തോളം വാഗ്‌നർ സേനാംഗങ്ങൾ മോസ്‌കോയിലേക്ക് മാർച്ച് തുടങ്ങിയ ശേഷമാണ് അതുപോലെ തിരിച്ചുമടങ്ങാൻ തീരുമാനിച്ചത്.

തന്റെ സ്വകാര്യ സേനയിലെ ചില അംഗങ്ങളെ പുടിന്റെ സൈനികർ വകവരുത്തിയെന്നും, അതിന് പ്രതികാരം ചെയ്യുമെന്നും പ്രിഗോഷിൻ പറഞ്ഞിരുന്നു. സായുധ കലാപം അടിച്ചമർത്തുമെന്നായിരുന്നു പുടിന്റെ പ്രഖ്യാപനം. വാഗ്‌നർ ടെലിഗ്രാം ചാനലിൽ രാവിലെ വന്ന സന്ദേശം ഇങ്ങനെയായിരുന്നു: 'പുടിൻ തെറ്റായ വഴി തിരഞ്ഞെടുത്തു. അത് അയാൾക്ക് ദോഷകരമായി. വൈകാതെ നമുക്ക് പുതിയ പ്രസിഡന്റ് ഉണ്ടാകും.' റോസ്റ്റോവ് ഓൺ ഡോൺ നഗരത്തിലേക്ക് തന്റെ സേന കടന്നുകയറിയെന്നും നഗരത്തിന്റെ വ്യോമതാവളം തന്റെ നിയന്ത്രണത്തിലെന്നും പ്രിഗോഷിൻ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ഒരുകാലത്ത് പുടിന്റെ അടുത്ത സുഹൃത്ത്

അടുത്ത അത്മ ബന്ധമായിരന്നു പുടിനും, പ്രിഗോഷിനും തമ്മിൽ ഉണ്ടായിരുന്നത്. പിന്നെ എങ്ങനെയാണ് ഇവർ ശത്രുക്കളായത് എന്ന ചോദ്യത്തിന് വിവിധ കാരണങ്ങളാണ് മാധ്യമങ്ങൾ ഉന്നയിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി, യെവ്ഗിനി പ്രിഗോഷിനും വാഗ്‌നർ സേനയും തന്റെ തലക്കുമുകളിൽ വലുതാവുമോ എന്ന സംശയം പുടിനുണ്ടെന്നാണ് വാഷിങ്ടൺ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത. കളിച്ച് കളിച്ച് ഈ സംഘം ഒടുവിൽ തന്നെ സ്ഥാനഭ്രഷ്ടനാക്കുമെന്ന് പുടിന് ഭയമുണ്ട്. അതിനാൽ വാഗ്‌നർ ഗ്രൂപ്പിനുള്ള സാമ്പത്തിക സഹായം റഷ്യ കുറച്ചതാണ് പെട്ടെന്നുള്ള പ്രകോപനമായത്.

മാത്രമല്ല യുക്രൈനിൽ പോരടിക്കുന്ന വാഗ്‌നർ സേനക്ക് മതിയായ ആയുധം എത്തിക്കാനും പുടിന് ആയില്ല. യുക്രൈൻ യുദ്ധത്തിൽ വാഗ്‌നർ ഗ്രൂപ്പിലെ 20,000ത്തോളം സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. മതിയായ ആയുധങ്ങൾ നൽകാതെ തങ്ങളെ കുരുതി കൊടുക്കുന്നു എന്ന തോന്നലാണ് കൂലിപ്പടയാളികളെ റഷ്യയ്‌ക്കെതിരെ തോക്കെടുക്കാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തം. അതോടെയാണ് അവർ റഷ്യയിലേക്ക് മാർച്ച് നടത്തി. അങ്ങനെയാണ് ലോകത്തെ ഞെട്ടിച്ച സൈനിക നീക്കം നടന്നത്.

എന്നാൽ രക്തരൂക്ഷിത പോരാട്ടം പ്രതീക്ഷിച്ച് റഷ്യയുടെ തകർച്ച കാണാൻ കൊതിച്ച പാശ്ചാത്യശക്തികളെ നിരാശപ്പെടുത്തുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലൂക്കാഷെൻകോ ഇടപെട്ടുനടത്തിയ മധ്യസ്ഥ ചർച്ചയെത്തുടർന്ന് മോസ്‌കോയിലേക്കുള്ള പടനീക്കം വാഗ്‌നർ സൈനികർ വേണ്ടെന്നുവച്ചു. സംഘത്തോടെ മടങ്ങാൻ നിർദ്ദേശിച്ചതായി വാഗ്‌നർ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിൻ സ്ഥിരീകരിച്ചു. ഇതോടെ സംഘർഷസ്ഥിതിയിൽ അയവുവന്നു. സൈനിക നീക്കം പിൻവലിച്ച് പ്രിഗോഷിൽ മടങ്ങിയിട്ടുണ്ട്. അയാൾക്കെതിരെ നടപടിയുണ്ടാവില്ലെന്ന് പുടിന് പറഞ്ഞിരുന്നു, പക്ഷേ ഇത് ഒരു താൽക്കാലിക വെടിനിർത്തൽ മാത്രമായിരുന്നു.