സൗജന്യ വ്യാപാര കരാറിന്റെ ഭാഗമായി രാജ്യത്ത് നിന്നുള്ള നഴ്‌സുമാർക്കായി കൂടുതൽ വിസ ഇളവുകൾ ബ്രിട്ടനോട് ആവശ്യപ്പെട്ട് ഇന്ത്യ. വ്യാപാരകരാർ ചർച്ചയുടെ അടുത്ത ഘട്ട ചർച്ചയ്ക്കായി ബ്രിട്ടീഷ് ട്രെയ്ഡ് സെക്രട്ടറി ജയ്പൂരിലെത്തിയിട്ടുണ്ട്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മന്ത്രി കെമി ബെയ്ഡ്‌നോഷ് എത്തിയിരിക്കുന്നത്.

ഐടി, ഫിനാൻഷ്യൽ കൺസൾട്ടൻസി വ്യവസായങ്ങളിലെ ജോലികൾക്കായി കൂടുതൽ അവസരങ്ങൾ ഇന്ത്യ തേടുന്നതായും ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റം ഒരു പ്രധാന പ്രശ്നമായിരിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് യുകെ ഇന്ത്യയുടെ ആവശ്യങ്ങളെ ചെറുക്കാൻ ശ്രമിക്കുന്നത്.

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഒരു ഘട്ടത്തിൽ 2022 ഒക്ടോബറിൽ ദീപാവലിക്ക് മുൻപായി ഇടപാട് നടത്താൻ ആഗ്രഹിച്ചിരുന്നു, എന്നാൽ 2023 നവംബറിൽ ഇത് പൂർത്തിയാക്കാനാകുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. സെപ്റ്റംബറിൽ കൂടുതൽ എഫ്ടിഎ ചർച്ചകൾ പ്രതീക്ഷിക്കുന്നുണ്ട്. റിഷി സുനക് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ജി20 യോഗത്തിന് മുമ്പ് ഒരു കരാർ നടക്കുമെന്ന പ്രതീക്ഷകൾ ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങൾ നിരസിച്ചിട്ടുണ്ട്.

ഇന്ത്യയുമായി വളരെയധികം കാര്യങ്ങൾ സഹകരിച്ച് ചെയ്യാനുണ്ടെങ്കിലും ചർച്ചകളിലൂടെ മാത്രമേ ഇതിന്റെ സമയക്രമം എപ്പോൾ പ്രാവർത്തികമാകും തുടങ്ങിയ കാര്യങ്ങൾ തീരുമാനത്തിലെത്തിക്കാൻ കഴിയുകയുള്ളൂവെന്നാണ് ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ബ്രിട്ടീഷ് മന്ത്രിയും ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യുകെയും ഇന്ത്യയും തമ്മിലുള്ള പുതിയ കരാറിനായുള്ള ചർച്ചകൾ പരിശോധിക്കും.

'ഞങ്ങൾ പുരോഗതി കൈവരിച്ചു, എന്നാൽ ചരക്കുകൾ, സേവനങ്ങൾ, നിക്ഷേപം എന്നിവയുൾപ്പെടെ സങ്കീർണ്ണവും സാങ്കേതികവുമായ മേഖലകളിലാണ് ചർച്ചകൾ കേന്ദ്രീകരിക്കുന്നത്.' ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പ്രധാന പുതിയ വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഇന്ത്യയുമായുള്ള ബ്രിട്ടന്റെ ബന്ധത്തെ മന്ത്രി കെമി ബെയ്‌നോഷ് പ്രശംസിച്ചു.