- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ- ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ: ബ്രിട്ടനിലെ തൊഴിൽ മേഖലയിൽ ഇന്ത്യാക്കാർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാകില്ലെന്നും വിസ നിയന്ത്രണങ്ങളിൽ ഇളവ് നൽകില്ലെന്നും റിപ്പോർട്ടുകൾ; ഷോർട്ട് ടേം വിസയിൽ എത്തുന്ന ഇന്ത്യാക്കാരുടെ സോഷ്യൽ സെക്യുരിറ്റി പേയ്മെന്റ് ഒഴിവാക്കിയേക്കും; ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന സ്‌കോച്ച് വിസ്‌കിയുടെ ഡ്യുട്ടി കുറയും
ലണ്ടൻ: ഏറെ പ്രതീക്ഷിച്ചിരുന്ന ഇന്തോ- ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാർ അതിന്റെ പരിസമാപ്തിയിലേക്ക് അടുക്കുമ്പോൾ ഇന്ത്യയ്ക്ക് ഏറെ നിരാശപ്പെടേണ്ടി വന്നേക്കും എന്ന സൂചനകൾ പുറത്തു വരുന്നു. ചർച്ചകൾ ലക്ഷ്യം കാണുവാൻ ഇനിയുംപ്രതിബന്ധങ്ങൾ ഏറെയുണ്ടെങ്കിലും, അതെല്ലാം തരണം ചെയ്യാൻ കഴിയും എന്നു തന്നെയാണ് ഇരുപക്ഷങ്ങളും വിശ്വസിക്കുന്നത്. ഇന്ത്യ ആവശ്യപ്പെടുന്ന വിസ ഇളവുകളും, ബ്രിട്ടീഷ് തൊഴിൽ വിപണിയിൽ ഇന്ത്യാക്കാർക്ക് എളുപ്പത്തിലുള്ള പ്രവേശനവും ഇതുവരെ ചർച്ചക്കെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം, സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്നും 100 ശതമാനമാക്കി കുറക്കുവാൻ ഇന്ത്യ സമ്മതിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സമാനമായ് ഡ്യുട്ടി ഇളവുകൾ ബ്രിട്ടീഷ് ഓട്ടോമൊബൈലുകൾക്കും, അവയുടെ പാർട്സുകൾക്കും ലഭ്യമാകുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതിനു പകരമായി ഇന്ത്യ ആവശ്യപ്പെടുന്നത് ബ്രിട്ടനിൽ ഹ്രസ്വകാലത്തേക്ക് ജോലിചെയ്യുന്ന ഇന്ത്യാക്കാർക്ക് സോഷ്യൽ സെക്യൂരിറ്റി പേയ്മെന്റ്സ് ഒഴിവാക്കണം എന്നതാണ്.
മറ്റൊരു പ്രശ്നം, ഇന്ത്യൻ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് ഇന്ത്യ ചില ഉറപ്പുകൾ രേഖാമൂലം ആവശ്യപ്പെടുന്നു എന്നതാണ്. സുവല്ല ബ്രേവർമാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ പ്രകാരം ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് കുടുംബത്തെ കൂടെ കൊണ്ടു വരാൻ ആകില്ല. മാത്രമല്ല, പഠനം പൂർത്തിയാക്കിയതിന് ശേഷം ബ്രിട്ടനിൽ തുടരാനുള്ള കാലാവധി വെട്ടിച്ചുരുക്കുകയും ചെയ്തു.
ഇതുവരെ ഇരു രാജ്യങ്ങൾക്കുമിടയിൽ 13 വട്ടം ചർച്ചകൾ നടന്നു കഴിഞ്ഞു., ചില ഊരാക്കുടുക്കുകൾ അഴിച്ചെടുക്കാൻ യു കെ ട്രേഡ് സെക്രട്ടറി കഴിഞ്ഞയാഴ്‌ച്ച ഇന്ത്യയിൽ എത്തുകയും ചെയ്തിരുന്നു. വിസയിൽ ഇളവു നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യാപാര കരാറിന്റെ ഭാഗമല്ലെന്നാണ് യു കെ ട്രേഡ് സെക്രട്ടറി കെമി ബേഡ്നോക്ക് പറഞ്ഞത്. അത് കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അവർ പറഞ്ഞു.
നിലവിൽ ബ്രിട്ടനിൽ നിന്നുള്ള ഓട്ടോ മൊബൈലുകൾ ഇറക്കുമതി ചെയ്യുമ്പോൾ നിലവിൽ ഇന്ത്യ ഈടാക്കുന്നത് 70 ശതമാനം മുതൽ 100 ശതമാനം വരെ ഇറക്കുമതി തീരുവയാണ്. അഞ്ച് വർഷക്കാലം കൊണ്ട് ഇത് 10 ശതമാനമാക്കി കുറയ്ക്കും എന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മറുനാടന് മലയാളി ബ്യൂറോ