ലണ്ടൻ: സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ആയിരക്കണക്കിന് ഇന്ത്യാക്കാർക്ക് വിസ നൽകുവാനുള്ള പദ്ധതി സർക്കാരിനെ തകർക്കുമെന്ന് ഭരണപക്ഷത്തെ മുതിർന്ന എം പിമാർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യാക്കാർക്ക് കൂടുതൽ ഇളവുകൾ അനുവദിച്ച്, വിസ എളുപ്പമാക്കുന്നതിനെതിരെ മന്ത്രിസഭയ്ക്കുള്ളിൽ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ഏകയായി പോരാടുകയാണെന്നാണ് അവരുടെ അനുയായികൾ പറയുന്നത്. അടുത്തയാഴ്‌ച്ച പാർലമെന്റ് വീണ്ടും സമ്മേളിക്കുമ്പോൾ, ഈ വിഷയം ഒരു പക്ഷെ ഋഷി സർക്കാരിനെ തകർത്തേക്കുമെന്നാണ് ചില എം പിമാർ പറയുന്നത്.

പാർട്ടിക്കകത്ത് ഏറെ സ്വാധീനമുള്ള, മുൻ മന്ത്രി സർ ജോൺസ് ഹേയ്സ് രൂപീകരിച്ച വലതുപക്ഷ, കോമൺസെൻസ് ഗ്രൂപ്പ് സർക്കാർ നീക്കത്തിനെതിരായി കത്തു നൽകുമെന്നാണ് കരുതുന്നത്. ഇന്ത്യാക്കാർക്ക് അധികമായി ആയിരക്കണക്കിന് വിസകൾ നൽകുന്നതിനെ, തങ്ങളുടെ ഗ്രൂപ്പിൽ അംഗങ്ങളായ 50 ൽ ഏറെ കൺസർവേറ്റീവ് എം പിമാർ എതിർക്കുമെന്ന് അവർ പാർട്ടി വൃത്തങ്ങളെ ഔദ്യോഗികമായി തന്നെ അറിയിക്കാൻ തയ്യാറെടുക്കുകയാൺ'.

കുടിയേറ്റ വിഷയത്തിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കുന്നു എന്നാണ് ഒരു കൺസർവേറ്റീവ് എം പി എക്സ്പ്രസ്സ് യു കെയോട് പറഞ്ഞത്. നിയമപരമായും അല്ലാതെയും കൂടുതൽ കൂടുതൽ ആളുകൾ രാജ്യത്ത് എത്തിക്കൊണ്ടിരിക്കുന്നു. ബ്രെക്സിറ്റിന് ശേഷം അതിർത്തികൾ പൂർണ്ണമായും നമ്മുടെ രാജ്യത്തിന്റെ നിയന്ത്രണത്തിൽ ആകുമെന്നും, കുടിയേറ്റം കുറയുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നതെന്നും എം പി പറഞ്ഞു.

ഏതായാലും കുടിയേറ്റ വിഷയത്തിൽ മന്ത്രിസഭയ്ക്കുള്ളിലും വിള്ളലുണ്ടായതായി ചില റിപ്പോർട്ടുകൾ പറയുന്നു. ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനാണ് കരാറിന്റെ ഭാഗമായി ഇന്ത്യാക്കാർക്ക് അധിക വിസകൾ അനുവദിക്കുന്നതിനെ എതിർക്കുന്നത്. എന്നാൽ, മന്ത്രിസഭയിലെ ലിബറൽ അംഗങ്ങൾ അവരെ നിശിതമായി എതിർക്കുകയാണെന്ന് മറ്റൊരു എം പി പറഞ്ഞു. പ്രത്യേകിച്ച്, ബിസിനസ്സ് സെക്രട്ടറി കെമി ബേഡ്നോക്ക് ആണ് ഇന്ത്യൻ ആവശ്യങ്ങൾക്ക് വശംവദയായി ഇന്ത്യാക്കാർക്ക് കൂടുതൽ വിസകൾ നൽകുവാൻ നിർബന്ധം പിടിക്കുന്നതെന്നും ചില പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ വർഷം നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അവരെ പിന്താങ്ങിയിരുന്ന പല എം പിമാരും ഇപ്പോൾ അവർക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. ഈ നയം മാറ്റിയിലില്ലെങ്കിൽ ഒരിക്കൽ കൂടി പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ അവർക്ക് കഴിയില്ലെന്ന് അവരുടെ മുൻ അനുയായികൾ പറയുന്നു. ചാൻസലർ ജെറെമി ഹണ്ടും കുടിയേറ്റം വർദ്ധിപ്പിക്കണം എന്ന അഭിപ്രായക്കാരനാണ്. അത് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തും എന്ന മൂഢവിശ്വാസമാണ് ജെറെമി ഹണ്ടിനെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്നും വിമത എം പിമാർ ചൂണ്ടിക്കാട്ടുന്നു.

അതുപോലെ എഡ്യുക്കേഷൻ സെക്രട്ടറി ഗില്ലിയൻ കീഗനും, കൂടുതൽ വിദേശ വിദ്യാർത്ഥികൾക്ക് വിസ നൽകണം എന്ന അഭിപ്രായക്കാരനാണ്. മാത്രമല്ല, വിദ്യാർത്ഥികൾ കുടുംബത്തെ കൊണ്ടുവരരുതെന്ന നിലപാടിനെ കഠിനമായി എതിർക്കുകയും ചെയ്യുന്നു. വർക്ക് വിസയുമായി ബന്ധപ്പെട്ട് സുവെല്ല ബ്രേവർമാൻ ഇതാദ്യമായല്ല കർശന നിലപാട് എടുക്കുന്നത്. നേരത്തെ ലിസ് ട്രസ്സിന്റെ അല്പായുസ്സായ മന്ത്രിസഭയിൽ നിന്നും സുവെല്ല രാജി വയ്ക്കുന്നതിന് കാരണമായതും അധിക വർക്ക് വിസകൾ അനുവദിക്കുന്ന തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു.