- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഹാരി ഈയാഴ്‌ച്ച ബ്രിട്ടനിലെത്തെമ്പോൾ പിതാവിനെയും സഹോദരനെയും കാണില്ല; ജോലിത്തിരക്കിന്റെ പേരിൽ രാജാവ് ഒഴിയുമ്പോൾ മാസങ്ങളായി സഹോദരനോട് സംസാരിക്കാത്ത വില്യമിനും മൗനം; ബ്രിട്ടീഷ് രാജകുടുംബത്തിലെ പോര് തുടരുന്നു
ലണ്ടൻ: ഈയാഴ്‌ച്ച ബ്രിട്ടൻ സന്ദർശിക്കാനിരിക്കുന്ന ഹാരിയുമായി, പിതാവ് ചാൾസ് രാജാവോ സഹോദരൻ വില്യം രാജകുമാരനോ കൂടിക്കാഴ്‌ച്ച നടത്തില്ലെന്ന് മെയിൽ ഓൺ സൺഡെ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷത്തെ വെൽചൈൽഡ് അവാർഡ് ദാനവുമായി ബന്ധപ്പെട്ടാണ് ഹാരി ബ്രിട്ടനിൽ എത്തുന്നത്. കഴിഞ്ഞ 15 വർഷക്കാലമായി ഹാരി ഈ ചാരിറ്റിയുടെ രക്ഷാധികാരിയാണ്.
ഔദ്യോഗിക തിരക്കുകൾക്കിടയിൽ മകനെ കാണുവാൻ രാജാവിന് സമയമില്ല എന്നാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നത്. അതേസമയം, സഹോദരൻ വില്യം രാജകുമാരനാണെങ്കിൽ ഹാരിയുമായി സംസാരിച്ചിട്ട് തന്നെ മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, രാജകുടുംബത്തിന്റെ ഈ വർഷത്തെ ബാൽമൊറാലിലുള്ള വേനൽ സംഗമത്തിലേക്ക് ഹാരിയേയും മേഗനെയും ക്ഷണിച്ചിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.
നേരത്തെ ഹാരിയും മേഗനും താമസിച്ചിരുന്ന ഫ്രോഗ്മോർ കോട്ടേജിന്റെ താക്കോൾ ഹാരി തിരികെ ഏൽപിച്ചിരുന്നു. ഇത്തവണ ഹാരി ബ്രിട്ടൻ സന്ദർശിക്കുമ്പോൾ താമസത്തിനായി രാജകുടുംബം പകരം സംവിധാനം ഒരുക്കുമോ എന്നതിൽ ഇന്നലെ വരെ വ്യക്തത വന്നട്ടില്ല. മുറിവേറ്റ മുൻ സൈനികർക്കായി ഹാരി തുടങ്ങിവെച്ച ഇൻവിക്ടസ് ഗെയിംസിനെ കുറിച്ചുള്ള ഒരു ടെലിവിഷൻ പരമ്പരയിൽ കഴിഞ്ഞയാഴ്‌ച്ചയും ഹാരി രാജകുടുംബത്തെ വിമർശിച്ചിരുന്നു.
ടെലിവിഷൻ സ്ട്രീമിങ് രംഗത്തെ പ്രമുഖരായ നെറ്റ്ഫ്ളിക്സിൽ വന്ന ഒരു അഭിമുഖത്തിലായിരുന്നു ഹാരി പുതിയ ആരോപണം ഉയർത്തിയത്. തന്റെ പന്ത്രണ്ടാം വയസ്സിൽ അമ്മ മരണമടഞ്ഞപ്പോൾ, ആ ഞെട്ടലിൽ നിന്നും മുക്തിനേടാൻ ഒരു പിന്തുണയും തനിക്ക് ലഭിച്ചില്ല എന്നതായിരുന്നു ആ ആരോപണം. തനിക്ക് എന്താണ് സംഭവിക്കുന്നതെന്നോ, എങ്ങനെ നേരിടണമെന്നോ പറഞ്ഞ് തരാൻ തന്റടുത്ത് ആരുമുണ്ടായിരുന്നില്ല എന്നും ഹാരി പറഞ്ഞു.
ഈ മാസം അവസാനം ബയേനിയൽ ഗെയിംസുമായി ബന്ധപ്പെട്ട് ഹാരി ഡസിൽഫോർഡ് സന്ദർശിക്കുന്നുണ്ട്. എന്നാൽ, അതിനു മുൻപായി ഇപ്പോൾ വെൽചൈൽഡ് അവാർഡുമായി ബന്ധപ്പെട്ടാണ് ഹാരി ലണ്ടനിൽ എത്തുന്നത്. ഈ യു കെ സന്ദർശനത്തിൽ ഭാര്യ മേഗൻ ഹാരിക്കൊപ്പം ഉണ്ടാകില്ല എന്നാണ് കരുതുന്നത്. കഴിഞ്ഞവർഷം വെൽചൈൽഡ് ചടങ്ങിൽ ഹാരി പ്രഭാഷണം നടത്താൻ ഇരുന്നതാണെങ്കിലും, എലിസബത്ത് രാജ്ഞ് ഗുരുതരാവസ്ഥയിൽ ആയതിനാൽ, അത് ഉപേക്ഷിച്ച് സ്‌കോട്ട്ലാൻഡിലേക്ക് പോവുകയായിരുന്നു. ഈ വരുന്ന വ്യാഴാഴ്‌ച്ചയാണ് ഈ വർഷത്തെ അവാർഡ് ദാന ചടങ്ങ്.
മറുനാടന് മലയാളി ബ്യൂറോ