- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക നേതാക്കൾക്കൊപ്പമുള്ള വിരുന്നൊഴിവാക്കുന്ന പതിവ് രീതി തെറ്റിച്ച് ജോ ബൈഡൻ ദ്രൗപതി മുർമുവിന്റെ വെജിറ്റേറിയൻ വിരുന്നിനെത്തി; മുർമുവിനോടും മോദിയോടും കുശലം പറഞ്ഞ് ചെലവഴിച്ചത് ഏറെ സമയം; മാംസാഹാരം ഒഴിവാക്കി ലോകനേതാക്കൾക്ക് വിളമ്പുന്ന ആദ്യ വിരുന്ന്
ന്യൂഡൽഹി: ലോക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് ഒരു സസ്യാഹാര വിരുന്നാണ്. ഒരുപക്ഷെ, ചരിത്രത്തിൽ ഇതാദ്യമായിട്ടായിരിക്കും ലോക നേതാക്കൾ പങ്കെടുക്കുന്ന വിരുന്നിൽ മാംസാഹാരം ഒഴിവാക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ചില ഉച്ചകോടികളിൽ, മറ്റ് രാഷ്ട്രത്തലവന്മാർക്കൊപ്പമുള്ള വിരുന്ന് ഒഴിവാക്കിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ഈ വിരുന്നിൽ പങ്കെടുത്തു എന്നത് മറ്റൊരു പ്രത്യേകത. ശനിയാഴ്‌ച്ച രാത്രിയിൽ ഒരുക്കിയ വിരുന്നിലേക്ക് അര മണിക്കൂർ വൈകിയാണ് ജോ ബൈഡൻ എത്തിയത്.
പകൽ മുഴുവൻ ജി 20 ഉച്ചകോടിയിൽ വിവിധ ലോക നേതാക്കളുമായി ചർച്ചകൾ നടത്തി, വേദിയായ ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിലേക്ക് അവസാന അതിഥിയായാണ് ജോ ബൈഡൻ എത്തിയത്. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായും ഏറെ നേരം കുശലങ്ങൾ പറഞ്ഞ് ബൈഡൻ ചെലവഴിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് അടക്കം പങ്കെടുത്ത വിരുന്നിൽ പൂർണ്ണമായും സസ്യാഹാരമായിരുന്നു വിളമ്പിയത്.
80 വയസ്സുകാരനായ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സാധാരണയായി ലോക നേതാക്കൾക്ക് ഒപ്പമുള്ള വിരുന്ന് ഉപേക്ഷിക്കുകയാണ് പതിവ്. ജൂലായിൽ ലിത്വാനയിൽ നടന്ന നാറ്റോ ഉച്ചകോടിയിലും ബൈഡൻ വിരുന്ന് സത്കാരത്തിൽ പങ്കെടുത്തിരുന്നില്ല. വിദേശ രാജ്യങ്ങളിൽ തിരക്കു പിടിച്ച പരിപാടികൾ ഉള്ളതിനാൽ ബൈഡന് വിരുന്നിൽ പങ്കെടുക്കാൻ ആവില്ലെന്നായിരുന്നു വൈറ്റ്ഹൗസ് അന്ന് അറിയിച്ചത്. അതിനു മുൻപ് മെയ് മാസത്തിൽ ജി 7 ഉച്ച കോടിയിലെ വിരുന്നിൽ പങ്കെടുക്കാൻ എത്തിയ ബൈഡൻ നേരത്തേ സ്ഥലം വിടുകയായിരുന്നു.
അമേരിക്കയിൽ ഡെബ്റ്റ് സീലിങ് പ്രതിസന്ധി നടക്കുന്ന സമയമായതിനാൽ, ബൈഡന് പെട്ടെന്ന് തിരിക്കേണ്ടി വന്നു എന്നായിരുന്നു അന്ന് വൈറ്റ്ഹൗസ് നൽകിയ വിശദീകരണം. അന്ന് ആസ്ട്രേലിയൻ യാത്ര റദ്ദാക്കി ബൈഡൻ അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിലെ വിരുന്നും ബൈഡൻ ഒഴിവാക്കിയിരുന്നു.
രാവിലെ മുഴുവനും തിരക്കു പിടിച്ച ദിവസമായിരുന്നു എന്നും, ചില അത്യാവശ്യ കാര്യങ്ങൾ തീർക്കാൻ ഉള്ളതിനാലായിരുന്നു വിരുന്നിൽ പങ്കെടുക്കാതിരുന്നത് എന്നുമായിരുന്നു അന്നത്തെ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ