- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋഷിസുനകിനെ മാറോട് അമർത്തിപ്പിടിച്ച് മോദി; രണ്ട് ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ആലിംഗനം വാർത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങൾ; ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ തുടരും
ജി 20 വേദി ഇന്ത്യൻ വംശജരായ രണ്ട് പ്രധാനമന്ത്രിമാരുടെ സംഗമവേദിയായത് കൗതുകകരമായ കാഴ്‌ച്ചയായി. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ നെഞ്ചോട് ചേർത്ത് നിർത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തത് ഇപ്പോൾ ലോക മാധ്യമങ്ങൾക്ക് വാർത്തയായിരിക്കുന്നു. ന്യുഡൽഹിയിലെ ഭാരത് മണ്ഡപം സാക്ഷ്യം വഹിച്ച ഈ അപൂർവ്വ നിമിഷം ലോക മാധ്യമങ്ങളിൽ പലതിലും പ്രധാന വാർത്തയാണ്. തുടർന്ന് വേദിയുടെ സൗന്ദര്യത്തെയും ആഢ്യത്വത്തെയും പുകഴ്‌ത്തി ഋഷി സുനക് മോദിയുമായി സംസാരിക്കുകയും ചെയ്തു.
ഇന്തോ- ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകാൻ ഇനിയും ഏറെ കഠിനപ്രയത്നം ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞ ഋഷി സുനക് പക്ഷെ യു കെ അതിൽ ഏറെ താത്പര്യം എടുക്കുന്നുണ്ടെന്നും പറഞ്ഞു. ബ്രിട്ടീഷ് നിർമ്മിത കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ പ്രവേശനമൊരുക്കുന്നതും, ഇന്ത്യാക്കാർക്ക് കൂടുതലായി വർക്കിങ് വിസ അനുവദിക്കുന്നതുമായ കാര്യങ്ങളിലാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത് എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ആഗോള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഒത്തുകൂടിയ ലോക നേതാക്കൾക്ക് പക്ഷെ റഷ്യയുടെ യുക്രെയിൻ അധിനിവേശവുമായി ബന്ധപ്പെട്ട് ഏകകണ്ഠേന ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല എന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഇരു പ്രധാനമന്ത്രിമാരുടെയും കൂടിക്കാഴ്‌ച്ചക്ക് ശേഷം നമ്പർ 10 വക്താവ് പറഞ്ഞത് ആധുനിക പ്രതിരോധ സാങ്കേതിക വിദ്യയിലും, വ്യാപാരത്തിലും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഇരു നേതാക്കളും സമ്മതിച്ചു എന്നാണ്.
ഇരു രാജ്യങ്ങൾക്കുമിടയിലെ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ടും ഇരു പ്രധാനമന്ത്രിമാർക്കും പ്രോത്സാഹജനകമായ സമീപനമാണുൾലത്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന മന്ത്രി തല ചർച്ചകൾ തുടരാൻ ഇരു പ്രധാനമന്ത്രിമാരും ധാരണയിലെത്തി. അതേസമയം, ധൃതി പിടിച്ചൊരു കരാറിനായി ആഗ്രഹിക്കുന്നില്ല എന്ന് കൂടിക്കാഴ്‌ച്ചകൾക്ക് ശേഷം മാധ്യമ പ്രവർത്തകരെ കണ്ട ഋഷി സുനക് പറഞ്ഞു. ഏതൊരു കരാറും ബ്രിട്ടീഷ് ജനതക്ക് ഉപകാരപ്രദമാകണമെന്നും അതിനാൽ, എല്ലാ വിശദാംശങ്ങളും ചർച്ച ചെയ്ത് മാത്രമെ ഒരു അന്തിമ തീരുമാനത്തിൽ എത്തുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറേ വർഷങ്ങളായി അന്താരാഷ്ട്ര വാണിജ്യരംഗത്ത് ഇന്ത്യ ഒരു പ്രമുഖ രാജ്യമായി മാറിയിരിക്കുകയാണെന്ന് പറഞ്ഞ ഋഷി സുനക്, അതുകൊണ്ടു തന്നെ ഇന്ത്യയുമായുണ്ടാക്കുന്ന കരാറിന് ഏറെ പ്രാധാന്യം ഉണ്ടാകുമെന്നും പറഞ്ഞു. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കാനാണ് ബ്രിട്ടൻ ആഗ്രഹിക്കുന്നതെന്നും ഋഷി പറഞ്ഞു. വ്യാപാരകരാർ യാഥാർത്ഥ്യമാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
വരും കാലങ്ങളിൽ ഇന്ത്യ ഒരു ഭൗമ രാഷ്ട്രീയ ശക്തിയായി മാറും എന്നതിന്റെ സൂചനയാണ് ഈ ജി 20 നൽകുന്നത് എന്നു പറഞ്ഞ ഋഷി അതുകൊണ്ടു തന്നെ ഇന്ത്യയുമായുള്ള ബന്ധത്തിന് ബ്രിട്ടൻ ഏറെ പ്രാധാന്യം നൽകുമെന്നും വ്യക്തമാക്കി. ഒരു രാഷ്ട്രീയ കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ബ്രിട്ടീഷ് പൗരൻ ജഗ്താർ സിങ് ജോഹലിന്റെത് ഉൾപ്പടെ ചില കോൺസുലാർ പ്രശ്നങ്ങളും ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതായി ഋഷി സുനക് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ