ന്യൂഡൽഹി: ജി20 ഉച്ചകോടി രാഷ്ട്രീയവത്കരിക്കാനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ ശ്രമങ്ങളെ ചെറുത്തതിൽ ഇന്ത്യയ്ക്കു നന്ദി അറിയിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവ്. ഉച്ചകോടിയുടെ അജൻഡയെ 'യുക്രെനൈസ്' ചെയ്യാനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ ശ്രമങ്ങളെ ചെറുക്കാനായെന്നും സെർഗെയ് ലാവ്‌റോവ് പറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെർഗെയ് ലാവ്‌റോവ്.

ഉച്ചകോടി ഒരു നാഴികക്കല്ലാണെന്നും സെർഗെയ് ലാവ്‌റോവ് വിശേഷിപ്പിച്ചു. ''ചരിത്രത്തിലാദ്യമായി ഗ്ലോബൽ സൗത്തിൽ നിന്നുള്ള ജി20 രാജ്യങ്ങളെ യോജിപ്പിക്കാൻ ഇന്ത്യയുടെ അധ്യക്ഷപദത്തിനു സാധിച്ചു. പല പ്രശ്‌നങ്ങളിലും മുന്നോട്ട് കുതിക്കാൻ ഉച്ചകോടി വഴികാട്ടിയായി. ഉച്ചകോടിയിൽ ബ്രിക്‌സ് പങ്കാളികളായ ബ്രസീൽ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ വളരെ സജീവമായിരുന്നു. നമ്മുടെ നിയമാനുസൃത താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ സ്വീകരിച്ച ഏകീകൃത നിലപാടുകൾക്കു നന്ദി. '' സെർഗെയ് ലാവ്‌റോവ് വ്യക്തമാക്കി.

കാലാവസ്ഥ വ്യതിയാനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വികസ്വര രാജ്യങ്ങൾക്ക് 100 ബില്യൻ ഡോളർ നൽകുമെന്നു വാഗ്ദാനങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ പാലിച്ചിട്ടില്ലെന്നും സെർഗെയ് ലാവ്‌റോവ് കുറ്റപ്പെടുത്തി.

അതേ സമയം ജി 20 ഉച്ചകോടി സംയുക്ത പ്രഖ്യാപനത്തെ പ്രശംസിച്ച് റഷ്യക്ക് പിന്നാലെ അമേരിക്കയും രംഗത്തെത്തി. യുക്രെയ്ൻ യുദ്ധത്തിന് റഷ്യയെ നേരിട്ട് വിമർശിക്കാതെയാണ്
സമവായം ഉണ്ടാക്കിയത്. സംയുക്ത പ്രസ്താവനയിൽ, യുദ്ധത്തിൽ റഷ്യയെ അപലപിക്കുന്നത് ഒഴിവാക്കി. എന്നാൽ സംഘർഷം സൃഷ്ടിച്ച മനുഷ്യ ദുരിതങ്ങൾ ഉയർത്തിക്കാട്ടി. ബലം പ്രയോഗിച്ച് മറ്റ് രാജ്യങ്ങളുടെ പ്രദേശം പിടിച്ചെടുക്കരുതെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു.

എല്ലാം സന്തുലിതമായ രൂപത്തിൽ പ്രതിഫലിച്ചെന്ന് റഷ്യൻ ജി20 ഷെർപ്പ സ്വെറ്റ്‌ലാന ലുകാഷ് പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസി ഇന്റർഫാക്‌സ് ഉദ്ധരിച്ചു.ലോകസമാധാനത്തിന്റെയും സുരക്ഷയുടെയും സംഘർഷ പരിഹാരത്തിന്റെയും കാര്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ജി 20 ലെ എല്ലാ അംഗങ്ങളും സമ്മതിച്ചിട്ടുണ്ടെന്നും അവർ അഭിപ്രായപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇതര രാജ്യങ്ങളുടെ പ്രാദേശിക അഖണ്ഡത, പരമാധികാരം അല്ലെങ്കിൽ രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവ ലംഘിക്കുന്നതിനോ പ്രദേശങ്ങൾ ഏറ്റെടുക്കുന്നതിനോ രാജ്യങ്ങൾക്ക് ബലം പ്രയോഗിക്കാൻ അധികാരമില്ലെന്ന നിലപാട് വളരെ നല്ലതാണെന്നാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ജർമ്മനിയും ബ്രിട്ടനും പ്രമേയത്തെ പ്രശംസിച്ചുവെങ്കിലും 'അഭിമാനിക്കാനൊന്നുമില്ല' എന്നാണ് യുക്രൈൻ പ്രതികരിച്ചത്.

ജി-20 ഇറക്കിയ സംയുക്ത പ്രസ്താവനയിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്ന് യുക്രെയ്ൻ വിദേശമന്ത്രാലയ വക്താവ് ഒലെഗ് നിക്കോലെങ്കോ പ്രതികരിച്ചു. വിഷയത്തിൽ റഷ്യയെ ശക്തമായ ഭാഷയിൽ അപലപിക്കണമെന്ന് ആവശ്യപ്പെട്ട അംഗരാജ്യങ്ങളുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള അമേരിക്കൻ നീക്കത്തിനെതിരായ റഷ്യയുടെയും ചൈനയുടെയും ഉറച്ചനിലപാടാണ് പ്രസ്താവനയിൽ പ്രതിഫലിച്ചത്. എന്നാൽ കരട് പ്രസ്താവനയിലെ റഷ്യൻ വിമർശം നീക്കി ജി20 അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ മുന്നോട്ടുവച്ച പുതിയ 'ഖണ്ഡിക' അംഗീകരിച്ചതോടെയാണ് സമവായം സാധ്യമായത്.

ബാലിയിൽ നടന്ന അവസാന ജി20 ഉച്ചകോടിയിൽ, അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നിലപാടിന് അനുസൃതമായി റഷ്യയെ രൂക്ഷമായി വിമർശിച്ച് പ്രസ്താവന ഇറക്കിയത് ഇത്തവണ പാശ്ചാത്യശക്തികൾക്ക് ആവർത്തിക്കാനായില്ല.

കരട് പ്രസ്താവനക്കെതിരെ റഷ്യൻ വിദേശമന്ത്രി സെർജി ലവ്റോവ് ശക്തമായ നിലപാടെടുത്തതോടെ സംയുക്ത പ്രസ്താവനയ്ക്കുള്ള സാധ്യത മങ്ങിയിരുന്നു. തുടർന്നാണ്, യുക്രെയ്ൻ- റഷ്യ യുദ്ധ വിഷയത്തിൽ നിലപാട് മയപ്പെടുത്തിയ 'ഖണ്ഡിക' വെള്ളി രാത്രി ഇന്ത്യ എല്ലാ അംഗങ്ങൾക്കും നൽകിയത്.

'ഭൂമിക്കും മനുഷ്യനും സമാധാനവും സഹവർത്തിത്വവുമെന്ന' തലക്കെട്ടിലാണ് ഭേദഗതി അവതരിപ്പിച്ചത്. ശനി ഉച്ചയ്ക്കുശേഷം ചേർന്ന ഉച്ചകോടിയുടെ രണ്ടാം സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരും പ്രസ്താവനയിൽ യോജിപ്പറിയിച്ചതായി പ്രഖ്യാപിച്ചു. ദ്വിദിന ഉച്ചകോടിയുടെ സമാപനവേളയിൽ സംയുക്ത പ്രസ്താവന ഇറക്കുന്ന കീഴ്‌വഴക്കത്തിനു വിരുദ്ധമായി ആദ്യദിനംതന്നെ 34 പേജുള്ള പ്രസ്താവന പുറത്തിറക്കി. കരിങ്കടലിലൂടെ യുക്രെയൻ ധാന്യങ്ങൾ കയറ്റുമതി നടത്താൻ അനുവദിക്കണമെന്ന കരാർ കാര്യക്ഷമമായി വീണ്ടും നടപ്പാക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.