- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യ ചൈനയേക്കാൾ മുന്നിൽ; സൂപ്പർ പവർ; ലോകത്തിലെ അഞ്ചാമത്തെ ശക്തിയായ ഇന്ത്യക്ക് ആഫ്രിക്കയിൽ ഇടമുണ്ട്'; ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയെ വാനോളം പുകഴ്‌ത്തി ആഫ്രിക്കൻ യൂണിയൻ
ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയെ വാനോളം പുകഴ്‌ത്തി ആഫ്രിക്കൻ യൂണിയൻ ചെയർമാൻ അസിലി അസൗമാനി. ഇന്ത്യ ചൈനയേക്കാൾ മുന്നിലാണെന്നും സൂപ്പർ പവർ ആണെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ അഞ്ചാമത്തെ സൂപ്പർ പവറായ ആഫ്രിക്കയിൽ ഇന്ത്യക്ക് മതിയായ ഇടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ അഞ്ചാമത്തെ ശക്തിയായ ഇന്ത്യക്ക് ആഫ്രിക്കയിൽ ഇടമുണ്ട്. ഇന്ത്യ ബഹിരാകാശ ദൗത്യങ്ങൾ സ്വന്തമായി ചെയ്യുന്ന ശക്തിയാണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ പരസ്പരം സഹകരിക്കേണ്ടതുണ്ട്. ഇന്ത്യ ഒരു സൂപ്പർ പവറായി മാറുകയും ചൈനയേക്കാൾ മുന്നേറുകയും ചെയ്‌തെന്നും അസ്സൗമാനി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ എയു ചെയർപേഴ്സൺ ഇന്ത്യയെ അഭിനന്ദിച്ചു.
ആഫ്രിക്കൻ യൂണിയനെ ജി20 രാജ്യങ്ങളുടെ പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആലിംഗനം ചെയ്തത് വൈകാരിക നിമിഷമായിരുന്നെന്നും അസ്സൗമാനി പറഞ്ഞു. ആഫ്രിക്കൻ യൂണിയനെ ജി 20 പട്ടികയിലേക്ക് ഉൾപ്പെടുത്താനുള്ള തീരുമാനം വരുന്നതിന് മുമ്പ് ചർച്ച നടക്കുമെന്ന് താൻ കരുതിയിരുന്നതായും എന്നാൽ ഉച്ചകോടിയുടെ തുടക്കത്തിൽ തന്നെ ജി 20യിലേക്ക് ഉൾപ്പെടുത്തിയെന്നും എയു ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.
ആഫ്രിക്കൻ യൂനിയനിൽനിന്ന് ഏറ്റവും കൂടുതൽ പ്രതിനിധികൾ പങ്കെടുത്തതും ഇത്തവണയാണ്. 43 ലോകനേതാക്കൾ പങ്കെടുത്ത ഏറ്റവും വലിയ ജി20 ഉച്ചകോടിയാണ് ഡൽഹിയിൽ നടന്നത്. അധികമായി 32 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുമെത്തി.
55 രാജ്യങ്ങൾ അടങ്ങുന്ന ആഫ്രിക്കൻ യൂണിയൻ സ്ഥിരാംഗമായതോടെ ജി20 കൂട്ടായ്മയുടെ ഘടനയും സ്വഭാവവും തന്നെ മാറുകയാണ്. ജി21 എന്നു പേരുമാറ്റം ഔദ്യോഗികമായിട്ടില്ല. നിലവിൽ 19 രാജ്യങ്ങളും 27 രാജ്യങ്ങളുടെ സംഘടനയായ യൂറോപ്യൻ യൂണിയനുമാണ് സ്ഥിരാംഗങ്ങൾ. അഞ്ച് കൊല്ലമായി ആഫ്രിക്കൻ യൂണിയൻ ജി20യിൽ സ്ഥിരാംഗത്വം ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞവർഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പിന്താങ്ങി. ഇക്കൊല്ലം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ അഭ്യർത്ഥിച്ച് അംഗരാജ്യങ്ങൾക്കു കത്തയച്ചു. പിന്തുണ ലഭിച്ചതോടെ ഉച്ചകോടിയിൽ തീരുമാനം പ്രഖ്യാപിച്ചു. ലോകജനസംഖ്യയുടെ 65 ശതമാനത്തെയാണ് ജി20 ഇതുവരെ പ്രതിനിധീകരിച്ചിരുന്നതെങ്കിൽ ഇതോടെ 80 ശതമാനമായി ഉയരുകയാണ്. ലോക ജിഡിപിയുടെ (മൊത്ത ആഭ്യന്തര ഉൽപാദനം) 85% ഉൽപാദിപ്പിച്ചിരുന്ന സംഘത്തിലേക്ക് 3 ലക്ഷം കോടി ഡോളർ കൂടി എത്തുകയാണ്.
നിലവിൽ യൂറോപ്യൻ യൂണിയൻ (ഇയു) കൂടാതെ യൂണിയനിൽ അംഗങ്ങളായ ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവയും അംഗമല്ലാത്ത യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും തുർക്കിയും ജി20യിൽ ഉണ്ട്. ആ രീതിയിൽ യൂറോപ്പിന് അനുപാതത്തിൽ കവിഞ്ഞ പ്രാതിനിധ്യമുണ്ടെന്നു കാണാം. ആഫ്രിക്കയിൽനിന്ന് അംഗമായി ദക്ഷിണാഫ്രിക്ക മാത്രമാണുണ്ടായിരുന്നത്.
ആഗോള സാമ്പത്തികപുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയായാണ് ജി20 അറിയപ്പെടുന്നത്. സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ ധാതുക്കളുടെയും മറ്റു പ്രകൃതിവിഭവങ്ങളുടെയും കലവറയായ ആഫ്രിക്കയെ ഉൾപ്പെടുത്താതെ മുന്നോട്ടുപോകാനാകില്ലെന്ന ബോധ്യമാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിൽ. ലോകത്ത് ലഭ്യമായ പാരമ്പര്യേതര ഊർജസ്രോതസ്സുകളുടെ 60 ശതമാനവും ധാതുനിക്ഷേപത്തിന്റെ 30 ശതമാനവും 100 കോടിയിലേറെ ജനങ്ങളുള്ള ആഫ്രിക്കയിലാണ്.
കാൽ നൂറ്റാണ്ടായി ആഫ്രിക്കയുമായി ചൈന ശക്തമായ വാണിജ്യസാമ്പത്തിക ബന്ധങ്ങൾ സ്ഥാപിച്ചുവരുന്ന പശ്ചാത്തലത്തിൽ ആഫ്രിക്കയ്ക്കുവേണ്ടി വാദിച്ചത് ഇന്ത്യയുടെ വിദേശനയത്തിന്റെ ആവശ്യവുമായിരുന്നു. ആഫ്രിക്കൻ യൂണിയന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളി ചൈനയാണ്. ആഫ്രിക്കയിലെ ഖനികളിലും ഊർജസ്രോതസ്സുകളിലും വൻതോതിൽ ചൈനീസ് ഭരണകൂടവും കമ്പനികളും നിക്ഷേപം നടത്തുന്നുണ്ട്. ആഫ്രിക്കൻ യൂണിയന്റെ അഡിസ് അബാബയിലെ ആസ്ഥാനമന്ദിരം നിർമ്മിച്ചു നൽകിയതു ചൈനയാണ്.
2008ൽ ഇന്ത്യ ആഫ്രിക്ക ഫോറം രൂപീകരിച്ചുകൊണ്ടാണ് ഇന്ത്യ കളത്തിലിറങ്ങിയത്. അതിനുശേഷം 2011ലും 2015ലും ഫോറത്തിന്റെ ഉച്ചകോടികൾ നടന്നെങ്കിലും തുടർസമ്മേളനങ്ങൾ നടത്താതിരുന്നത് ഇന്ത്യയുടെ താൽപര്യക്കുറവായി ആരോപിക്കപ്പെട്ടിരുന്നു. ഇപ്പോൾ ആഫ്രിക്കൻ യൂണിയനെ ജി20യിൽ ഉൾപ്പെടുത്താൻ ശ്രമം നടത്തിയത് ഇന്ത്യയുടെ തൊപ്പിയിൽ തൂവലായിരിക്കും.




