ന്യൂഡൽഹി: ജി-20 ഉച്ചകോടിയുടെ ഡൽഹി പ്രഖ്യാപനത്തിൽ മൗനം വെടിഞ്ഞ് ചൈന. സംയുക്ത പ്രഖ്യാപനം പോസിറ്റീവ് സിഗ്നൽ നൽകി. ലോക സമ്പദ് വ്യവസ്ഥയെ കരകയറ്റാനും, ആഗോള വെല്ലുവിളികൾ നേരിടാനും ഒന്നിച്ചുപ്രവർത്തിക്കുകയാണെന്ന പോസിറ്റീവ് സിഗ്നലാണ് നൽകിയത്.

''ചൈനയുടെ നിർദ്ദേശങ്ങൾ പ്രതിഫലിക്കുന്നതായിരുന്നു നേതാക്കളുടെ പ്രഖ്യാപനം. ആഗോള വെല്ലുവിളികളെ നേരിടാനും ലോക സമ്പദ് വ്യവസ്ഥയെ കരകയറ്റാനും ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള തീരുമാനം നല്ല സൂചന നൽകുന്നു. ഉച്ചകോടിയിൽ ചൈന ക്രിയാത്മകമായ പങ്ക് വഹിക്കുകയും വികസ്വര രാജ്യങ്ങളുടെ ആശങ്കകൾക്കു പ്രാധാന്യം നൽകുകയും ചെയ്തു.'' ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.

യുക്രെയ്ൻ വിഷയത്തിൽ ചൈനയുടെ നിലപാട് സ്ഥിരവും വ്യക്തവുമാണെന്നും മാവോ നിങ് കൂട്ടിച്ചേർത്തു. ''ജി20 നേതാക്കളുടെ പ്രഖ്യാപനം കൂടിയാലോചനയിലൂടെ ഉണ്ടായ സമവായത്തിന്റെ ഫലമാണ്. ജി20 ഭൂരാഷ്ട്രതന്ത്രവും സുരക്ഷാപ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ഇടമല്ലെന്നും രാജ്യാന്തര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന വേദിയാണെന്നും ന്യൂഡൽഹി ഉച്ചകോടി വീണ്ടും ഉറപ്പിക്കുന്നു'' മാവോ നിങ് വ്യക്തമാക്കി.