- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയായി ഒരു വർഷം പൂർത്തിയാകുമ്പോൾ ഋഷി സുനകിന്റെ ജനപ്രീതി കുറയുന്നുവെന്ന് റിപ്പോർട്ടുകൾ; ബോറിസ് ജോൺസനെ തിരിച്ചുകൊണ്ടു വരണമെന്ന് ഭരണകക്ഷി നേതാവിന്റെ ആവശ്യം
ലണ്ടൻ: യുകെയിലെ ഏറ്റവും പുതിയ അഭിപ്രായ സർവ്വേകളിൽ പ്രധാനമന്ത്രി ഋഷി സുനകിന്റെ ജനപ്രീതി കുറയുന്നതായി കണ്ടതോടെ അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ടോറി നേതാവ് രംഗത്തെത്തി. 2022 ഒക്ടോബറിൽ ഋഷി സുനക് പ്രധാനമന്ത്രിയാകുമ്പോൾ, ലേബർ നേതാവ് സർ കീർ സ്റ്റാർമറെക്കാൾ ജനപ്രീതിയിൽ അല്പം മുൻപിലായിരുന്നു ഋഷി. അന്ന് മൈനസ് 19 പോയിന്റായിരുന്നു ഋഷിക്ക് ലഭിച്ചത്.
പ്രധാനമന്ത്രി പദത്തിലേറി പതിനൊന്ന് മാസങ്ങൾ പിന്നിടുമ്പോൾ, ഋഷിയുടെ ജനപ്രീതി മൈനസ് 41 ലേക്ക് താഴ്ന്നിരിക്കുകയാണ്. പ്രധാനമന്ത്രി എന്ന നിലയിൽ ഋഷിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ സ്‌കോർ ആണിത്. എന്നിരുന്നാലും, കൺസർവേറ്റീവ് പാർട്ടിക്ക് മൊത്തം ഉള്ളതിലും ജനപ്രീതി ഋഷി സുനകിന് ഉണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. മൈനസ് 48 പോയിന്റാണ് പാർട്ടിയുടെ ജനപ്രീതി.
എന്നിരുന്നാലും, പാർട്ടി ഇപ്പോൾ ഋഷിയെ ബലിയാടാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നത് പോലുള്ള പ്രസ്താവനകളാണ് പല നേതാക്കളും നടത്തുന്നത്. ബോറിസ് ജോൺസൺ അധികാരം വിട്ടൊഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഉണ്ടായിരുന്ന ജനപ്രീതിയേക്കാൾ കുറവാണ് ഇപ്പോൾ ഋഷിക്കുള്ളതെന്ന് അദ്ദേഹത്തിന്റെ എതിരാളികൾ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ അഭിപ്രായ സർവേ നടത്തിയ യു ഗവ്, ജോൺസൺ അധികാരമൊഴിഞ്ഞപ്പോൾ നടത്തിയ സർവേയിൽ ബോറിസ് ജോൺസന് ലഭിച്ചത് മൈനസ് 40 പോയിന്റ് ആണ്.
വോട്ടർമാരെയും കൺസർവേറ്റീവ് അംഗങ്ങളെയും അവഗണിച്ചാൽ ഇതായിരിക്കും സംഭവിക്കുക എന്നാണ് ബോറിസ് ജോൺസന്റെ ഉറ്റ അനുയായി ആയ ലോർഡ് ക്രഡസ് ഇപ്പോൾ ഋഷി സുനകിന് നൽകുന്ന മുന്നറിയിപ്പ്. തെരഞ്ഞെടുപ്പിന് മുൻപോട്ട് വെച്ച പ്രകടന പത്രികയെ അവഗണിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് ബോറിസ് ജോൺസനെ അധികാരത്തിൽ നിന്നും മാറ്റിയതെന്നും മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഇതിനെ അട്ടിമറി എന്ന് വിളിക്കുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ഋഷി സുനക് ആയിരുന്നു അത്തരമൊരു പ്രവൃത്തിക്ക് നേതൃത്വം നൽകിയതെന്ന് ആരോപിച്ച ലോർഡ് ക്രഡസ് ഋഷിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റി ബോറിസ് ജോൺസനെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പിന് മുൻപായി ബോറിസ് ജോൺസനെ നേതൃസ്ഥാനത്ത് എത്തിക്കണം എന്നാണ് ക്രഡസ് ആവശ്യപ്പെടുന്നത്.
കൺസർവേറ്റീവ് പാർട്ടി ഉറക്കമുണരണമെന്നും, അധികാരം ജനങ്ങൾ തെരഞ്ഞെടുത്ത നേതാവിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതല്ലെങ്കിൽ ഒരു തലമുറക്കാലം മുഴുവൻ പാർട്ടി അധികാരത്തിൽ നിന്നും വിട്ട് നിൽക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ