ടുത്ത വർഷത്തെ ജി 20 ബ്രസീലിൽ നടക്കാൻ ഇരിക്കെ, അതിൽ പങ്കെടുക്കാൻ എത്തിയാൽ അറസ്റ്റ് ചെയ്യില്ലെന്ന് വ്യക്തിപരമായി ഉറപ്പ് നൽകാൻ കഴിയില്ലെന്ന് ബ്രസീൽ പ്രസിഡണ്ട് ലുല പറഞ്ഞു. ഇന്റർനാഷണൽ ക്രിമിനൽ കോടതിയുടെ വാറന്റ് ഉള്ളതിനാൽ, അറസ്റ്റ് ചെയ്യപ്പെടുന്നതിനുള്ള സാധ്യത ഒഴിവാക്കാനും, അതുവഴി ഉണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘർഷം തടയാനുമായിരുന്നു ഈ വർഷത്തെ ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ന്യുഡൽഹിയിൽ എത്താതിരുന്നത്.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമാണ് ബ്രസീൽ. എന്നിട്ടും ഫസ്റ്റ് പോസ്റ്റിന് നൽകിയ ഒരു അഭിമുഖത്തിൽ പ്രസിഡണ്ട് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞത്, താനാണ് ബ്രസീലിന്റെ പ്രസിഡണ്ട് എങ്കിൽ, പുടിൻ ബ്രസീലിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയില്ല എന്നായിരുന്നു. ആ വാക്കുകളാണ് ഇപ്പോൾ ലുല തിരിച്ചെടുത്തിരിക്കുന്നത്. ബ്രസീലിന്റെ നീതിന്യായ സംവിധാനമാണ് അറസ്റ്റ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്നും, സർക്കാരല്ലെന്നുമായിരുന്നു പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

ഇന്ത്യ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമല്ലാതിരുന്നിട്ടു കൂടി, ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാതെ, പുടിൻ തന്റെ വിദേശകാര്യ മന്ത്രിയെ അയയ്ക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു യുക്രെയിൻ കുട്ടികളെ നിയമവിരുദ്ധമായി റഷ്യയിലേക്ക് നാടുകടത്തുന്നു എന്ന യുദ്ധക്കുറ്റത്തിന് പുടിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ, റഷ്യ ഈ കുറ്റം നിഷേധിക്കുകയാണ്.

ശനിയാഴ്‌ച്ച ജി 20 രാജ്യങ്ങൾ ഏകകണ്ഠമായി ഒരു പ്രഖ്യാപനം നടത്തിയിരുന്നു. അതിൽ യുക്രെയിനിലെ അധിനിവേശത്തിന് റഷ്യയെ കുറ്റപ്പെടുത്തിയിരുന്നില്ലെങ്കിലും എല്ലാ രാജ്യങ്ങളും ബലം പ്രയോഗിച്ച് പുതിയ പ്രദേശങ്ങൾ വെട്ടിപ്പിടിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അടുത്ത ഉച്ചകോടി 2024 നവംബറിൽ റിയോ ഡി ജനേറിയോയിൽ വച്ചായിരിക്കും. അതിന് മുൻപെ യുദ്ധത്തിന് വിരാമം ഉണ്ടായേക്കുംഎന്ന് ബ്രസീലിയൻ പ്രസിഡണ്ട് പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ബ്രസീൽ അംഗത്വമെടുത്തതിനെയും പ്രസിഡണ്ട് ലുല ചോദ്യം ചെയ്തു. വികസ്വര രാജ്യങ്ങൾ അവർക്ക് നിർണ്ണായകമായ കരാറുകളിൽ ഒപ്പു വയ്ക്കുമെന്ന് പറഞ്ഞ അദ്ദേഹം അമേരിക്കയും, റഷ്യയും, ഇന്ത്യയും, ചൈനയും അംഗമല്ലാത്തപ്പോൾ ബ്രസീൽ അംഗമായി തുടരുന്നതെന്തിനാണെന്നും ചോദിച്ചു.

കരാറിൽ നിന്നും പിൻവാങ്ങാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞ ബ്രസീൽ, പക്ഷെ എന്തുകൊണ്ട് ഈ അന്താരാഷ്ട്ര സമിതിയിൽ ബ്രസീൽ അംഗമായി എന്നറിയാൻ താത്പര്യമുണ്ടെന്നും പറഞ്ഞു.