ന്യൂഡൽഹി: ഖലിസ്ഥാൻ വിഷയങ്ങളിലടക്കം കടുത്ത വിയോജിപ്പ് അറിയിച്ചതിന് പിന്നാലെ ഇന്ത്യ - കാനഡ ബന്ധം വഷളാകുന്ന സാഹചര്യത്തിൽ സ്വതന്ത്രവ്യാപാരകരാറിലുള്ള ചർച്ചകൾ നിർത്തിവച്ചു. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മോശമാകുന്നതിനെ തുടർന്നാണ് നടപടി. രാഷ്ട്രീയവിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം ചർച്ചകൾ തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചർച്ചകൾ നിർത്തിയതായി കാനഡ അറിയിച്ചിരുന്നു. ഈ വർഷം ഉഭയകക്ഷി കരാർ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നുവെന്ന് ഇരുരാജ്യങ്ങളും അറിയിച്ച് മൂന്നുമാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം.

''ഇന്ത്യ എതിർപ്പു പ്രകടിപ്പിച്ച പലതരത്തിലുള്ള രാഷ്ട്രീയ വികാസങ്ങളാണ് കാനഡയിലുണ്ടാകുന്നത്. ഈ കാര്യങ്ങളിൽ ഇന്ത്യ ശക്തമായ എതിർപ്പാണ് അറിയിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ തീരുമാനമുണ്ടാകുന്നതുവരെ ചർച്ചകൾ നിർത്തിവയ്ക്കുന്നു'' അധികൃതർ അറിയിച്ചു.

രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം മാത്രം ചർച്ച മതിയെന്ന നിലപാടിലാണ് വിദേശ മന്ത്രാലയ അധികൃതർ. ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ നിർത്തിവെച്ചതായി കാനഡ സെപ്റ്റംബർ 2ന് പ്രഖ്യാപിച്ചിരുന്നു.

ജി20 ഉച്ചകോടിക്കെതിരെ ഖലിസ്ഥാൻ വിഷയത്തിൽ ശക്തമായ പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദി, കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അറിയിച്ചിരുന്നു. ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് നരേന്ദ്ര മോദി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം പോലെ വഷളായ അവസ്ഥയിലാണ് ഇന്ത്യ - കാനഡ ബന്ധമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം ഇന്ത്യയുടെ നയതന്ത്രകാര്യാലയങ്ങൾക്ക് എതിരെ ഖലിസ്ഥാൻ അനുകൂലികൾ വ്യാപക ആക്രമണമാണ് കാനഡയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ നടത്തുന്നത്. ഇത്തരം അതിക്രമങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. നേരത്തെ ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിലേക്ക് തുടർച്ചയായി ഖാലിസ്ഥാൻ വാദികൾ പ്രകടനം നടത്തിയിരുന്നു.

നയതന്ത്ര ഓഫീസുകൾ ആക്രമിക്കപ്പെടുന്നതിലുള്ള കടുത്ത അമർഷം കേന്ദ്രസർക്കാർ ബ്രിട്ടനെ അന്ന് അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി, അതിക്രമങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.

കേൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും അമേരിക്കയിലെ കാലിഫോർണിയയിൽ ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം ഉയർന്നിരുന്നു. രാഹുലിന്റെ കാലിഫോർണിയയിലെ സംവാദ പരിപാടിക്കിടെയായിരുന്നു പ്രതിഷേധം നടന്നത്. രാഹുലിന്റെ പരിപാടിയിൽ സദസ്സിലിരുന്ന പ്രതിഷേധക്കാർ ഖലിസ്ഥാൻ പതാക ഉയർത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇവരെ പിന്നീട് വേദിയിൽ നിന്ന് നീക്കിയാണ് പരിപാടി നടത്തിയത്. അതേസമയം പ്രസംഗത്തിനിടെ പെട്ടെന്ന് വേദിയിൽ നിന്നുയർന്ന പ്രതിഷേധം ചിരിച്ച മുഖത്തോടെയാണ് രാഹുൽ ഗാന്ധി നോക്കിക്കണ്ടത്.