- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നുവെന്ന് കാനഡ; പുറത്താക്കിയത് 'റോ'യുടെ കാനഡയിലെ തലവനെയെന്ന് റിപ്പോർട്ട്; ഇന്ത്യാ-കാനഡ ബന്ധം ഉലച്ചിലിൽ
ടൊറന്റോ: ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ. ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെയാണ് നടപടി. ഇതോടെ ഇന്ത്യാ-കാനഡ ബന്ധം വഷളാകും. നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത് കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ കാനഡയിലെ തലവൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയതെന്നാണ് റിപ്പോർട്ട്. ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കിയത്. അതേസമയം, ആരെയാണ് പുറത്താക്കിയതെന്നോ എവിടെനിന്നാണ് പുറത്താക്കിയതെന്നോ ഉള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതെന്ന് മെലാനി ജോളി വിശദീകരിച്ചതായി അൽ ജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന നിലയിൽ അസ്വീകാര്യമാണ്. അതുകൊണ്ടാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ വിവരം പുറത്തുവിടുന്നത്' മെലാനി ജോളി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോപണം ഇന്ത്യ നിഷേധിക്കുകയാണ്.
കാനഡ പൗരനായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നുള്ളതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകൾ. ഒരു കാനഡ പൗരന്റെ കൊലപാതകത്തിൽ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ചില ഇന്ത്യൻ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.
ജൂൺ 18നാണ് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളിൽ വച്ച് അജ്ഞാതരായ രണ്ടുപേർ ഹർദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവനായ ഹർദീപിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ കുറ്റാന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു മതപുരോഹിതനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹർദീപിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ വംശജനായ വ്യവസായി റിപുദാമൻ മാലിക്കിനെ 2022 ജൂലൈ 14ന് വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് ഹർദീപ് സിങ് നിജ്ജാർ. ഇതടക്കം 10 എഫ്‌ഐആറുകൾ ആണ് ഹർദീപിനെതിരെയുള്ളത്.
കാനഡയിൽ പ്ലമർ ആയാണു ഹർദീപിന്റെ തുടക്കം. 2013ൽ പാക്ക് കെടിഫ് തലവൻ ജഗ്താർ സിങ് താരയെ സന്ദർശിച്ചു. 2015ൽ പാക്ക് ചാരസംഘടന ഐഎസ്‌ഐ ഹർദീപിന് ആയുധപരിശീലനം നൽകിയെന്നു ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. പഞ്ചാബ് ജലന്ധറിലെ ഭരസിങ്പുർ സ്വദേശിയാണ് നിജ്ജാർ.
മറുനാടന് മലയാളി ബ്യൂറോ