ന്യൂഡൽഹി: ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ഇന്ത്യാ- കാനഡ ബന്ധത്തിൽ വിള്ളലുകൾ വീഴ്‌ത്തിയപ്പോൾ മറ്റ് അന്താരാഷ്ട്ര ബന്ധങ്ങളെ അത് ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ് പാശ്ചാത്യ ചേരി. അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തിക്കളും ഇപ്പോൾ ഏറെ ശ്രദ്ധിക്കുന്നത്, അവർക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടരുത് എന്നാണ്. അതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം, വർത്തമാന കാല ആഗോള രാഷ്ട്രീയ ചതുരംഗത്തിലെ സുപ്രധാന കളിക്കാരനായി ഇന്ത്യ മാറിക്കഴിഞ്ഞു എന്നതാണ് എന്ന് ബി ബി സി റിപ്പോർട്ട് ചെയ്യുന്നു.

അതിവേഗം വളരുന്ന സമ്പദ്ഘടന, ലോകത്തിലെ ഏറ്റവും ജനസംഖ്യ ഏറിയ രാജ്യം, ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തി എന്നതിനേക്കാൾ ഏറെ പാശ്ചാത്യ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നത്, ചൈനക്കെതിരെയുള്ള തങ്ങളുടെ നീക്കങ്ങളിലെ ഒരു സുപ്രധാന പങ്കാളിയായിട്ടാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് അടുത്തിടെ നടന്ന ജി 20 ഉച്ചകോടി. യുക്രെയിനുമായി ബന്ധപ്പെട്ട പ്രമേയത്തിൽ റഷ്യയുടെ പേരെടുത്ത് പരാമർശിക്കാൻ പാശ്ചാത്യ ശക്തികൾ നിർബന്ധം പിടിക്കാതിരുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയം മാത്രമല്ല, ഇന്ത്യൻ ശക്തിയുടെ പ്രകടനം കൂടിയായിരുന്നു.

ഇതോടെ പാശ്ചാത്യ നയതന്ത്ര പ്രതിനിധികളും ഇന്ത്യാ- കാനഡ പ്രശ്നം ഒത്തു തീർക്കാൻ ശ്രമങ്ങൾ ആരംഭിച്ചു എന്നും ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. പരസ്പര കലഹം ഇരുകൂട്ടരുടെ സാമ്പത്തിക വളർച്ചയേയും പ്രതികൂലമായി ബാധിക്കും എന്നാണ് അവർ ഓർമ്മപ്പെടുത്തുന്നത്. രണ്ടു കൂട്ടരും കോമൺവെൽത്ത് രാജ്യങ്ങളാണ് എന്നതിനാൽ ഇവിടെ ബ്രിട്ടന് ഉത്തരവാദിത്തം ഏറുകയുമാണ്.

ഈ പ്രശ്നം കനേഡിയൻ പ്രധാനമന്ത്രി ട്രുഡേവ് അമേരിക്കൻ പ്രസിഡണ്ട് ജോ ബഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെയും അറിയിച്ചിട്ടുണ്ട് എന്നാണ് കാനഡയുടെ വിദേശകാര്യമന്ത്രി പറഞ്ഞത്. കാനഡയുടെ അടുത്ത സുഹൃത്തുക്കളായ ഇരു രാജ്യങ്ങളും ഇപ്പോഴും കാനഡയ്ക്ക് ഒപ്പം നിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യയ്ക്കെതിരെ കർശനമായ ഭാഷയിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധെയമാണ്. കൊലപാതക ആരോപണം ആശങ്കയോടെയാണ് കാണുന്നത് എന്ന് പറഞ്ഞ അമേരിക്ക, കാനഡ അന്വേഷണം നടത്തി കാരണക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടു വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, സിക്ക് ജനത ധാരാളമായുള്ള യു കെ, ആസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ, ഇത് കേവലം നയതന്ത്ര വിഷയം എന്നതിനപ്പുറം വലിയൊരു ആഭ്യന്തര രാഷ്ട്രീയ പ്രശ്നം കൂടിയാണ്. കാനഡ ഉയർത്തിയ ആശങ്കയെ വളരെ ഗൗരവമായി എടുക്കുന്നു എന്നായിരുന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടരി ജെയിംസ് ക്ലെവർലി പറഞ്ഞത്. കനേഡിയൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയുമായി നടത്തുന്ന വ്യാപാര കരാർ സംബന്ധമായ ചർച്ചകൾ നിർത്തി വയ്ക്കുമോ എന്ന ചോദ്യത്തിന് പക്ഷെ അദ്ദേഹം വ്യക്തമായ മറുപടി തന്നില്ല.

കാനഡ നടത്തുന്ന അന്വേഷണങ്ങൾ പൂർത്തിയാകുന്നത് വരെ കാത്തിരിക്കാം എന്ന നയമാണ് ഇപ്പോൽ പാശ്ചാത്യ രാജ്യങ്ങൾ പിന്തുടരുന്നത്. കാനഡയുടെ ആരോപണം ആശങ്കയുയർത്തുന്നുണ്ട് എന്ന് പറയുമ്പോഴും മറുഭാഗത്ത് അവർ ഇന്ത്യയെ കുറ്റപ്പെടുത്തുന്നുമില്ല. അതേസമയം, കനേഡിയൻ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച രേഖകളിൽ ചിലത് കാനഡ പാശ്ചാത്യ ശക്തികൾക്ക് ലഭ്യമാക്കിയേക്കുമെന്ന് ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. അത് സംഭവിക്കുകയാണെങ്കിൽ, ഇന്ത്യവേണോ കാനഡ വേണോ എന്ന് തീരുമാനിക്കാൻ അവർ നിർബന്ധിതരാകുമെന്നും ബി ബി സി പറയുന്നു.