ബെയ്ജിങ്: ചൈനീസ് പ്രതിരോധ മന്ത്രിയുടെ തിരോധാനത്തിന് പിന്നാലെ മുൻ വിദേശകാര്യ മന്ത്രി ചിൻ ഗാങിനെയും കാണാനില്ലെന്ന വാർത്തകൾ അന്തർദേശീയ മാധ്യമങ്ങളിലടക്കം ചർച്ചയാകുമ്പോഴും വിഷയത്തിൽ മൗനം പാലിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം. കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ അന്വേഷണത്തിൽ ചിൻ ഗാങിന് 'ജീവിതശൈലി പ്രശ്നങ്ങൾ' ഉള്ളതായി കണ്ടെത്തിയെന്നു ചൈനീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസ് അംബാസഡർ ആയിരുന്നപ്പോൾ അമേരിക്കൻ യുവതിയുമായുള്ള ചിൻ പുലർത്തിയിരുന്ന ബന്ധം രാജ്യസുരക്ഷയെ ബാധിച്ചിട്ടുണ്ടോ എന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഇതേക്കുറിച്ചൊന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചൈനയുടെ മുൻ വിദേശകാര്യ മന്ത്രി ചിൻ ഗാങിനെ പുറത്താക്കിയത് അമേരിക്കയിൽ ഒരു സ്ത്രീയുമായി രഹസ്യബന്ധമുള്ളതിനാലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ചിൻ യുഎസ് അംബാസഡർ ആയിരുന്നപ്പോൾ അവിടെ ഒരു സ്ത്രീയുമായി ബന്ധത്തിലായെന്നും അതിൽ ഒരു കുട്ടിയുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണു മന്ത്രിസ്ഥാനത്തുനിന്നു നീക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.

മന്ത്രിസ്ഥാനം ഏറ്റെടുത്ത് ഏഴാം മാസത്തിലാണ് ചിൻ ഗാങിനെ ചൈനീസ് ഭരണകൂടം പുറത്താക്കിയത്. കാരണമൊന്നും പറയാതെ മുൻ വിദേശകാര്യമന്ത്രി വാങ് യിയെ തൽസ്ഥാനത്തു പ്രതിഷ്ഠിക്കുകയായിരുന്നു. എന്നാൽ ഒരു മാസമായി 'കാണാനില്ലാത്ത' ചിൻ എവിടെയാണെന്ന ചോദ്യത്തിന് ഉത്തരമില്ല. 'ചിൻ ഗാങ്ങിനെ നീക്കുകയും വാങ് യിയെ വിദേശകാര്യമന്ത്രിയായി നിയമിക്കുകയും ചെയ്തു' എന്നു മാത്രമാണു ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തത്. പാർലമെന്റായ നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്ഥിരം സമിതിയുടേതാണു തീരുമാനം.

പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ചിൻ ഗാങ് പുറത്താക്കപ്പെട്ടതോടെ ഭരണനേതൃത്വത്തിലെ കിടമത്സരമാണു മറനീക്കിയതെന്ന വിലയിരുത്തലുമുണ്ട്. കാര്യങ്ങൾ തുറന്നടിച്ചുപറയുന്ന ശീലവും വിനയായെന്നു പറയുന്നു. യുഎസിൽ അംബാസഡർ ആയിരുന്ന ചിൻ കഴിഞ്ഞ ഡിസംബറിലാണ് വിദേശകാര്യമന്ത്രിയായത്. ചുമതലയേറ്റശേഷം ആദ്യം പോയതു ഈ വർഷം മാർച്ചിൽ ഡൽഹിയിൽ നടന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു. ജൂൺ 25ന് ആണ് അവസാനം പുറത്തുകണ്ടത്.

നയതന്ത്ര പ്രതിനിധികളുടെ യോഗത്തിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം 'ആരോഗ്യപരമായ കാരണങ്ങളാൽ' എന്ന് ഔദ്യോഗിക വിശദീകരണമുണ്ടായി. പിന്നാലെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് അദ്ദേഹത്തിന്റെ വിവരങ്ങളും അപ്രത്യക്ഷമായി. തയ്‌വാൻ പ്രശ്നത്തിൽ ഉരസിനിൽക്കുന്ന യുഎസും ചൈനയും തമ്മിലുള്ള ബന്ധം ചിൻ വന്നതോടെ മെച്ചപ്പെടുത്താൻ ശ്രമിച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം ബെയ്ജിങ്ങിലെത്തി ചർച്ച നടത്തുകയും ചെയ്തു.

ചൈനയിൽ ഇത്തരം അപ്രത്യക്ഷമാകൽ പുതുമയല്ല. പാർട്ടിക്ക് അനഭിമതരാവുന്നവരും അഴിമതിക്കേസുകളിൽ പെടുന്നവരും ഈ വേളയിൽ ചോദ്യം ചെയ്യലിനു വിധേയരാകുന്നു എന്നാണ് വിവരം. പ്രതിരോധ മന്ത്രി ലി ഷങ്ഫുവിന്റെ കാണാതാകലും ചിന്നിന്റെ പുറത്താക്കലും കൂട്ടിവായിക്കപ്പെടുന്നുണ്ട്. സൈന്യത്തിലെ അഴിമതിക്കെതിരെ സർക്കാർ കർശന നടപടി ആരംഭിച്ചതിനു പിന്നാലെയാണ് പ്രതിരോധമന്ത്രിയെ കാണാതായത്. നടപടികളുടെ ഭാഗമായി പ്രതിരോധമന്ത്രിയെ തടവിലാക്കിയതാണെന്നും അഭ്യൂഹമുണ്ട്.

ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു ആഴ്ചകളായി പൊതുവേദികളിൽനിന്ന് ഉൾപ്പെടെ കാണാനില്ലാത്ത സംഭവം സാമൂഹിക മാധ്യമങ്ങളിലും പശ്ചാത്യമാധ്യമങ്ങളിലും ചർച്ചയായിരുന്നു. അഴിമതിയാരോപണത്തെതുടർന്ന് ലി ഷാങ്ഫു അന്വേഷണം നേരിടുകയാണെന്നും മന്ത്രിസ്ഥാനത്തുനിന്നും അധികം വൈകാതെ നീക്കം ചെയ്യുമെന്നുമാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. അതിനിടെ, ചൈനീസ് പ്രതിരോധ മന്ത്രി വീട്ടുതടങ്കലിലാണോയെന്ന ചോദ്യമുയർത്തി ജപ്പാനിലെ യു.എസ് സ്ഥാനപതി റഹ്ം ഇമ്മാനുവൽ എക്‌സ് പ്ലാറ്റ്‌ഫോമിലിട്ട കുറിപ്പും ചർച്ചയായി. എന്നാൽ, ഇത്തരം വാർത്തകളോട് ഇതുവരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.