- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിയായ ഖാലിസ്ഥാൻ ഭീകരൻ വീണ്ടും കാനഡയിൽ കൊല്ലപ്പെട്ടു; ഖലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കം കൊലയിൽ കലാശിച്ചെന്ന് വിലയിരുത്തൽ; കൊല്ലപ്പെട്ടത് സുഖ ദുൻകെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി
ഒട്ടാവ: കാനഡയിൽ പഞ്ചാബിൽ നിന്നുള്ള ഖലിസ്ഥാൻ ഭീകര നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മോഗ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂൽ സിങ് ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ദാവീന്ദർ ബാംഭിയയുടെ ഗുണ്ടാ സംഘത്തിലെ അംഗമാണ് ഇയാൾ.
കാനഡയിലേക്ക് കടന്ന ഖലിസ്ഥാൻ ഭീകരവാദികളെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ പട്ടികയിലും ഇയാളുടെ പേര് ഉൾപ്പെടുന്നുണ്ട്. സുഖ ദുൻകെയുടെ വീട്ടിൽ പഞ്ചാബ് പൊലീസ് എത്തി, ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഖലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കവും സംഘർഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.
കാനഡയിലെ രഹസ്യാന്വേഷണ ഏജൻസികൾ ആണ് സുഖ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ക്രിമിനൽ കേസുകൾ വർദ്ധിച്ചതോടെ 2017 ലായിരുന്നു സുഖ ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് കടന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഇന്ത്യവിട്ടത്. കാനഡയിൽ തന്നെ സുഖയ്ക്കെതിരെ ഏഴോളം കേസുകളാണ് നിലവിൽ ഉള്ളത്.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറും കാനഡയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. എന്നാൽ ഈ കൊലപാതകത്തിൽ ഇന്ത്യൻ അധികൃതർക്ക് പങ്കുണ്ടെന്ന തരത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരാമർശം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് മറ്റൊരു ഗുണ്ടാ നേതാവ് കൂടി സമാന സാഹചര്യത്തിൽ കൊല്ലപ്പെടുന്നത്. ഇത് ഇന്ത്യാ കാനഡ നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു.
കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാനാണ് ഇന്ത്യ. ഭീകരവാദികളെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാൻ നയതന്ത്ര അണിയറ നീക്കങ്ങളും സജീവമാണ്. ഏ7 രാജ്യങ്ങൾ വിഷയത്തിൽ ഇന്ത്യയെ പ്രകോപിപ്പിക്കാതെ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്. ഇതിനിടെയാണ് ഒരു ഭീകരൻ കൂടി കൊ്ലപ്പെടുന്നത്.
തർക്കം മുറുകുന്നതിനിടെ കാനഡയിൽ കഴിയുന്നവരടക്കം ഖലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ എൻഐഎ വേഗത്തിലാക്കിയിരുന്നു. വിവിധ കേസുകളിൽ പ്രതികളായ കാനഡ ബന്ധമുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക പുറത്തുവിട്ടു. ഭീകരവാദ ബന്ധവും, ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്.
ഇവരുടെ സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ നൽകാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളിൽ പ്രതികളായ അഞ്ച് ഖലിസ്ഥാൻ ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവും സർക്കാർ പ്രഖ്യാപിച്ചു. പത്തു ലക്ഷം രൂപയാണ് ബബർ കൽസ എന്ന സംഘടനയിലെ അംഗങ്ങളായ ഭീകരരെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് നൽകുക.
ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്നാണ് ഉന്നതവൃത്തങ്ങളുടെ വിലയിരുത്തൽ. ജസ്റ്റിൻ ട്രൂഡോ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും ഇതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് കാണുന്നത്.
പൊതു തെരഞ്ഞെടുപ്പ് 2025 ൽ നടക്കാനിരിക്കെ ജസ്റ്റിൻ ട്രൂഡോ നിലപാട് തിരുത്തുമെന്ന് ഇന്ത്യ കരുതുന്നില്ല. ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ അമേരിക്കയും ഫ്രാൻസും ഉൾപ്പടെ ജി7 രാജ്യങ്ങളെ കൂടെ നിർത്താനുള്ള നീക്കവും ട്രൂഡോ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭീകരവാദത്തെ അനുകൂലിക്കുന്ന ട്രൂഡോയുടെ നിലപാട് പ്രധാന രാജ്യങ്ങളെ ഇന്ത്യ ബോധ്യപ്പെടുത്താനാണ് തീരുമാനം.