ന്യൂഡൽഹി: ഖലിസ്താൻ നേതാവിന്റെ കൊലപാതകത്തെച്ചൊല്ലി ഇന്ത്യ-കാനഡ നയതന്ത്രബന്ധപ്പോര് കടുക്കുന്നു. തെളിവുണ്ടെന്ന് പറയാത്ത കാനഡ തെളിവ് പുറത്തു വിടുന്നില്ലെന്നതാണ് വസ്തുത. അതിനിടെ ഇന്ത്യ കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡൈ്വസർ ജാക്ക് സള്ളിവൻ പറഞ്ഞു. നയതന്ത്രയുദ്ധം വഷളാകുന്നത് കാനഡയിലെ ഇന്ത്യൻ സമൂഹത്തെ ആശങ്കയിലാഴ്‌ത്തി. മലയാളിവിദ്യാർത്ഥികളടക്കം ആയിരങ്ങളാണ് എല്ലാ കൊല്ലവും കാനഡയിലെത്തുന്നത്. നിലവിൽ 20 ലക്ഷത്തോളം ഇന്ത്യൻവംശജരാണ് കാനഡയിലുള്ളത്.

ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇലക്ട്രോണിക് തെളിവുകളുണ്ടെന്ന് കാനഡ അവകാശപ്പെട്ടു. ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന തെളിവുകൾ രഹസ്യാന്വേഷണ വിഭാഗം നൽകിയെന്ന് കനേഡിയൻ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. തെളിവ് ഇപ്പോൾ കൈമാറാനാവില്ലെന്നാണ് കാനഡയുടെ വാദം. ഇത് സംശയങ്ങൾക്ക് ഇടനൽകുന്നു. തെളിവില്ലാതെയാണ് കാനഡ ഇന്ത്യയെ കുറ്റപ്പെടുത്തുന്നതെന്ന വാദം ശക്തമാക്കുന്നതാണ് തെളിവ് കൈമാറില്ലെന്ന കാനഡയുടെ നിലപാട്.

അതേസമയം, കാനഡ പൗരന്മാർക്ക് ഇന്ത്യൻ വിസ നൽകുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിർത്തിവെച്ചതായി ഓട്ടവയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് ഭീഷണിയുയർന്ന പശ്ചാത്തലത്തിലാണ് വിസ സർവ്വീസ് നിറുത്തി വയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്. ലോകത്തെവിടെയും കനേഡിയൻ പൗരന്മാർക്ക് ഇന്ത്യ വിസ തൽക്കാലം നൽകില്ല. ഇ വിസ ഉൾപ്പടെ എല്ലാ തരം വിസകളും താൽകാലികമായി നിറുത്തിവച്ചു. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് രാജ്യം വിടാനുള്ള നിർദ്ദേശവും നൽകി. വിസ നിർത്തിയത് കാനഡയിലെ ആയിരക്കണക്കിന് ഇന്ത്യൻ വംശജരെയും വിദ്യാർത്ഥികളെയും ബാധിക്കും.

അതിനിടെ ഖലിസ്ഥാൻവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്കു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് ആവർത്തിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും രംഗത്ത് എത്തി. അങ്ങനെ കരുതാൻ വിശ്വസനീയമായ കാരണമുണ്ടെന്നു വ്യക്തമാക്കിയ ട്രൂഡോ, അന്വേഷണത്തിൽ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്ത ശേഷം വാർത്താസമ്മേളനത്തിലാണ് ട്രൂഡോയുടെ പ്രസ്താവന. എന്നാൽ, ഇന്ത്യൻ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.

'ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോടു സഹകരിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്. നീതി നടപ്പാകണം. നിയമവാഴ്ചയ്‌ക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നത്. സ്വതന്ത്രമായ രീതിയിൽ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. കനേഡിയൻ പൗരനെ സ്വന്തം മണ്ണിൽ കൊല ചെയ്തത് രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. കൊലയ്ക്കു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്നതിന് വിശ്വസനീയമായ തെളിവുണ്ട്. ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം ഞങ്ങൾക്കില്ല.' ട്രൂഡോ പറഞ്ഞു.

നിരോധിതസംഘടനയായ ഖലിസ്താൻ ടൈഗർ ഫോഴ്‌സിന്റെ മേധാവി ഹർദീപ് സിങ് നിജ്ജർ ജൂൺ 18-നാണ് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് കൊല്ലപ്പെട്ടത്. കൊലയ്ക്കുപിന്നിൽ ഇന്ത്യൻ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നടത്തിയ പ്രസ്താവന വിവാദമായി. പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. ഇന്ത്യയിലെ സംഘർഷബാധിതപ്രദേശങ്ങളിലേക്ക് പോകരുതെന്ന് കാനഡ പൗരർക്ക് നിർദ്ദേശം നൽകിയതിനു പിന്നാലെ കാനഡയിലെ ഇന്ത്യാവിരുദ്ധപ്രവർത്തനങ്ങൾ നടക്കുന്നയിടങ്ങളിലേക്ക് പോകരുതെന്ന് ഇന്ത്യയും പൗരർക്ക് മുന്നറിയിപ്പുനൽകി.

ഇന്ത്യാവിരുദ്ധപ്രവർത്തനം നടത്തുന്ന ഭീകരർക്ക് കാനഡ സുരക്ഷിതതാവളമൊരുക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. ''ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന കാനഡാ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിൽ മുൻവിധിയുണ്ട്. അത് തീർത്തും രാഷ്ട്രീയപ്രേരിതമാണ്. ആ കേസിൽ കാനഡ പ്രത്യേക വിവരങ്ങളോ തെളിവുകളോ ഇന്ത്യയുമായി പങ്കുവെച്ചിട്ടില്ല. കാനഡയിൽ നടക്കുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആധികാരികതെളിവുകൾ ആ രാജ്യത്തിന് കൈമാറിയിട്ടുണ്ട്. കാനഡയുമായുള്ള നയതന്ത്രതർക്കത്തിൽ ഇന്ത്യൻനിലപാട് മുൻനിര സഖ്യകക്ഷികളെ അറിയിച്ചിട്ടുമുണ്ട്'' -ഇന്ത്യ വിശദീകരിച്ചു.

ഭീകരവാദത്തിന് അയൽരാജ്യമായ പാക്കിസ്ഥാൻ ധനസഹായവും പിന്തുണയും നൽകുന്നു. അതിനൊപ്പം കാനഡയുൾപ്പെടെയുള്ള ചില വിദേശരാജ്യങ്ങൾ ഭീകർക്ക് സുരക്ഷിതതാവളങ്ങൾ ഒരുക്കുകയുംചെയ്യുന്നു. ഇന്ത്യാവിരുദ്ധപ്രവർത്തനം നടത്തുന്നവരെ അനുകൂലിക്കരുതെന്നും കുറ്റവാളികൾക്കെതിരേ നടപടിയെടുക്കണമെന്നും കാനഡാസർക്കാരിനോട് അഭ്യർത്ഥിക്കുന്നു. അല്ലെങ്കിൽ ആരോപണവിധേയരായവരെ ഇന്ത്യക്ക് വിട്ടുനൽകണം - ഇതാണ് ഇന്ത്യയുടെ ആവശ്യം. അതിനിടെ ഇന്ത്യ തേടുന്ന മറ്റൊരു ഖലിസ്താൻ ഭീകരവാദി സുഖ്ദൂല് സിങ് കാനഡയിൽ കൊല്ലപ്പെട്ടത് ആശങ്കപടർത്തി. ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.