- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയുടേത് മയമുള്ള പ്രതികരണം; സഖ്യകകക്ഷികളായ പാശ്ചാത്യ രാജ്യങ്ങളും ശക്തമായി പിന്തുണയ്ക്കാത്തത് ട്രൂഡോയെ ഞെട്ടിച്ചു; ക്വാഡ് രാഷ്ട്രങ്ങളുടെ പ്രസ്താവനയും തിരിച്ചടി; നിജ്ജാറിൽ കാനഡയ്ക്കുണ്ടായത് ക്ഷീണം മാത്രം
ന്യൂയോർക്ക്: ഇന്ത്യയുമായുള്ള നയതന്ത്ര വിഷയത്തിൽ കാനഡയ്ക്ക് ലോക രാജ്യങ്ങളുടെ പിന്തുണ കിട്ടാത്തത് ചർച്ചകളിൽ. അതിനിടെ ഖലിസ്ഥാൻവാദി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ പങ്ക് സംബന്ധിച്ച വിവരങ്ങൾ ആഴ്ചകൾക്ക് മുൻപ് കൈമാറിയിരുന്നതായി ആവർത്തിച്ച് ജസ്റ്റിൻ ട്രൂഡോ വീണ്ടും രംഗത്തു വന്നു. നയതന്ത്ര പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ വ്യക്തമാക്കി. സഖ്യകകക്ഷികളായ പല പാശ്ചാത്യ രാജ്യങ്ങളും കാനഡയെ ശക്തമായി പിന്തുണച്ച് രംഗത്ത് വന്നില്ലെന്ന് ചർച്ച സജീവമാണ്. ഇന്ത്യയെ കടന്നാക്രമിക്കാൻ അമേരിക്കയും മുതിർന്നില്ല. തണുത്ത പ്രതികരണമാണ് പല രാജ്യങ്ങളും പ്രകടിപ്പിച്ചത്. ചൊവ്വാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ യുഎൻ പൊതുസഭയെ അഭിമുഖീകരിക്കും. കാനഡ വിഷയത്തിലെ ഇന്ത്യയുടെ അതൃപ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളെ അറിയിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയ്‌ക്കെതിരെ കാനഡ ഉന്നയിച്ച ആരോപണത്തിൽ യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങളിൽ ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക ഇളവ് നൽകാനാവില്ലെന്നും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിന് അപ്പുറത്തേക്ക് പ്രതികരണത്തിനൊന്നും അമേരിക്കയും തയ്യാറല്ല. ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരമാണ് ഇതിന് കാരണം. ആരും പരസ്യമായി ഇന്ത്യയെ തള്ളിപ്പറയാൻ ഒരുക്കമല്ല.
ട്രൂഡോയുടെ ആരോപണങ്ങളോടുള്ള ഇന്ത്യയുടെ പ്രതിഷേധക്കുറിപ്പും ഇന്ത്യയുടെ നടപടികളും മറ്റ് രാഷ്ട്രങ്ങളെ വിഷയത്തിൽ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചു. ഭരണം നിലനിർത്താനുള്ള ആഭ്യന്തര സമ്മർദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തലും പല രാജ്യങ്ങൾക്കുമുണ്ട്. സിഖ് നേതാവ് ജഗ്മീത് സിങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നിർണായക പിന്തുണ ഉറപ്പിക്കാനാണ് ട്രൂഡോ ഇന്ത്യക്കെതിരെ തിരിഞ്ഞതെന്ന് പല രാജ്യങ്ങളും വിശ്വസിക്കുന്നുണ്ട്. അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ക്വാഡ് രാഷ്ട്രങ്ങൾ സംയുക്ത പ്രസ്താവന ഇറക്കിയതും ഇന്ത്യക്ക് നേട്ടമാണ്.
ഭീകരവാദികൾക്ക് മറ്റ് രാജ്യങ്ങൾ ഒളിത്താവളങ്ങൾ നൽകുന്നതും, ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാൻ സമഗ്രമായ നടപടികൾ തുടരുമെന്നും അംഗ രാഷ്ട്രങ്ങൾ വ്യക്തമാക്കി. ഇന്ത്യക്കാരായ ഹിന്ദുക്കൾ കാനഡ വിടണമെന്ന ഖലിസ്ഥാൻ നേതാവിന്റെ ആഹ്വാനവും കാനഡയ്ക്ക് തിരിച്ചടിയായി. ഈ നിലപാട് കാനഡ തള്ളിയിരുന്നു. കാനഡയിൽ നിന്ന് ഇന്ത്യയിലേക്കു വീസ അനുവദിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതടക്കമുള്ള നടപടികൾക്കു പിന്നാലെയാണ് കാനഡ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് വിദ്വേഷത്തിന് ഇടമില്ലെന്ന് വ്യക്തമാക്കി കാനഡയുടെ പബ്ലിക് സേഫ്റ്റി മന്ത്രാലയം എക്‌സിൽ (ട്വിറ്റർ) പോസ്റ്റ് ഇട്ടു.
കാനഡയിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്ന ഖലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപട്വന്ത് സിങ് പന്നുന്റെ വിഡിയോ പ്രകോപനപരവും വിദ്വേഷജനകവുമാണെന്ന് സർക്കാർ വ്യക്തമാക്കി. വിഡിയോ കനേഡിയൻ പൗരന്മാരോടും അവർ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോടുമുള്ള അനാദരവാണെന്നും പോസ്റ്റിൽ പറയുന്നു. കാനഡയിലുള്ളവർ പരസ്പരം ബഹുമാനിക്കണമെന്നും സർക്കാർ ആഹ്വാനം ചെയ്തു. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുന്നതിനു ദിവസങ്ങൾക്കു മുൻപു തന്നെ പ്രചരിച്ചുതുടങ്ങിയ വിഡിയോയിൽ കാനഡ സർക്കാർ ഇതുവരെ മൗനം പാലിക്കുകയായിരുന്നു. വിഡിയോയുടെ പശ്ചാത്തലത്തിൽ 'ഹിന്ദു ഫോറം കാനഡ'യിലെ അംഗങ്ങൾ സുരക്ഷ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട് കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെട്ട ആശയവിനിമയത്തിന്റെ വിവരങ്ങൾ കാനഡയുടെ പക്കലുണ്ടെന്ന് അവിടത്തെ മാധ്യമമായ 'സിബിസി ന്യൂസ്' റിപ്പോർട്ട് ചെയ്തു. കാനഡ കൂടി ഭാഗമായ രഹസ്യാന്വേഷണ സഖ്യത്തിലെ മറ്റൊരു രാജ്യവും ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് സഖ്യത്തിലുള്ളത്.
അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ നയതന്ത്ര ഇടപെടൽ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കാനഡയിലുള്ള ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെയും പ്രഫഷനലുകളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ