ചണ്ഡിഗഡ്: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ എജൻസികൾക്ക് പങ്കുണ്ടെന്ന് ആരോപിച്ച കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്. ഭീകരവാദത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാനഡ 'രാഷ്ട്രീയ അഭയം' നൽകുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഒരു ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കും ഭീകരർക്കും കാനഡ അഭയം നൽകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ മുൻ ശ്രമങ്ങളടക്കം പരാമർശിച്ചാണ് അമരിന്ദർ സിങിന്റെ പ്രതികരണം.

2018 ലെ ഒരു യോഗത്തിനിടെ ജസ്റ്റിൻ ട്രൂഡോയ്ക്ക് നൽകിയ 'എ-വിഭാഗം' ഭീകരരുടെ പട്ടിക ഉദ്ധരിച്ച അദ്ദേഹം, അതിനെ കാനഡ അവഗണിച്ചുവെന്നും ആരോപിച്ചു. ''2018 ഫെബ്രുവരിയിൽ അമൃത്സറിൽ വച്ച് കേന്ദ്ര സർക്കാരിനു വേണ്ടി പഞ്ചാബ് മുഖ്യമന്ത്രി എന്ന നിലയിൽ ട്രൂഡോയെ കണ്ടപ്പോൾ, നടപടിക്കായി ഒൻപത് എ കാറ്റഗറി ഭീകരരുടെ പട്ടിക കൈമാറിയിരുന്നു. എന്നാൽ, കനേഡിയൻ സർക്കാർ പട്ടികയെ പൂർണമായും അവഗണിക്കാൻ തീരുമാനിച്ചു'' അദ്ദേഹം പറഞ്ഞു. ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച്, 'അദ്ദേഹം തീവ്രവാദ ഗാലറിയിൽ നിന്ന് കളിക്കുമ്പോൾ അതിശയിക്കാനില്ല' എന്നും അമരിന്ദർ കൂട്ടിച്ചേർത്തു.

കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്കും ഹിന്ദു ആരാധനാലയങ്ങൾക്കും നേരെയുള്ള മുൻകാല ആക്രമണങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ കനേഡിയൻ സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. കനേഡിയൻ മണ്ണിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ തടയാത്തതിന് ട്രൂഡോയെ കടന്നാക്രമിച്ച അമരിന്ദർ, അട്ടിമറിപ്രവർത്തനങ്ങളെ ട്രൂഡോ 'ആവിഷ്‌കാര സ്വാതന്ത്ര്യം' എന്ന ഒഴികഴിവ് പറഞ്ഞ് തള്ളിക്കളയുകയാണെന്നും ആരോപിച്ചു. ഇന്ത്യയ്‌ക്കെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഭീകരരെ കൈമാറാൻ കാനഡയുടെ മേൽ രാജ്യാന്തര സമ്മർദം ശക്തമാക്കണമെന്നും അമരിന്ദർ പറഞ്ഞു.

ഖലിസ്ഥാൻ ഭീകരനും കനേഡിയൻ പൗരനുമായി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന ഗുരുതരമായ ആരോപണം കാനഡ പാർലമെന്റിൽ ഉന്നയിച്ചതിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയും കാനഡയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ദിവസം ആരോപണം വീണ്ടും ഉന്നയിച്ച ട്രൂഡോ ഇതിനുള്ള തെളിവുകളും പക്കലുണ്ടെന്ന് അറിയിച്ചു.

നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട് കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെട്ട ആശയവിനിമയത്തിന്റെ വിവരങ്ങൾ കാനഡയുടെ പക്കലുണ്ടെന്ന് 'സിബിസി ന്യൂസ്' റിപ്പോർട്ട് ചെയ്തിരുന്നു. കാനഡ കൂടി ഭാഗമായ രഹസ്യാന്വേഷണ സഖ്യത്തിലെ (5 Eyes) മറ്റൊരു രാജ്യവും ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് സഖ്യത്തിലുള്ളത്. വീസ നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിക്കാൻ കാനഡ ഒരുങ്ങുന്നുവെന്നും സിബിസിയുടെ റിപ്പോർട്ടിലുണ്ട്.