- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയ്ക്ക് പ്രത്യക്ഷ പിന്തുണ അറിയിച്ചിട്ടില്ലെങ്കിലും ഖലിസ്ഥാൻ ഭീകരവാദത്തെ യുഎസ് അപലപിക്കാൻ തയ്യാറാകുന്നില്ല; പരസ്പര വിരുദ്ധമായ പ്രസ്താവനകൾ അമേരിക്ക നടത്തുന്നുതിൽ ഇന്ത്യ അതൃപ്തർ; ഗ്ലോബൽ സൗത്ത് ഇന്ത്യയ്ക്കൊപ്പം
ന്യൂഡൽഹി: ഖാലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിലെ അമേരിക്കൻ നിലപാടിൽ ഇന്ത്യയ്ക്ക് അതൃപ്തി. പരസ്പര വിരുദ്ധമായ പ്രസ്താവനകൾ അമേരിക്ക നടത്തുന്നുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിമർശിക്കുന്നു. അമേരിക്ക ഇത് തുടർന്നാൽ ഇന്ത്യ പരസ്യമായി തന്നെ അതൃപ്തി അറിയിക്കും. പ്രശ്‌ന പരിഹാരത്തിന് അമേരിക്ക കൂടി ഉൾപ്പെട്ട ചർച്ച നടന്നേക്കുമെന്നാണ് വിവരം. എന്തെങ്കിലും നടപടി ആർക്കെങ്കിലും എതിരെ എടുക്കാവുന്ന ഒരു തെളിവും കാനഡ നൽകിയിട്ടില്ലെന്ന് ഇന്ത്യ ആവർത്തിക്കുന്നു. നിജ്ജർ കൊലപാതകത്തിൽ പങ്കുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉൾപ്പടെ ജയിലിൽ അടക്കണമെന്ന് വീണ്ടും ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചിട്ടുണ്ട്.
നിജ്ജാറിന്റെ കൊലപാതവുമായി ബന്ധപ്പെട്ട ഇന്ത്യ - കാനഡ തർക്കത്തിൽ മധ്യ നിലപാടാണ് യുഎസിന്റേത്. എന്നാൽ ബ്രാപ്ടണിൽ വെച്ചുനടന്ന ആക്രമണത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കുസംശയിക്കാവുന്ന വിവരങ്ങൾ കാനഡയ്ക്ക് കൈമാറിയത് യുഎസ് ഇന്റലിജൻസ് ഏജൻസികളാണെന്നാണ് പുതിയ റിപ്പോർട്ട്. ഇതിനുപിന്നാലെയായിരുന്നു ഇന്ത്യയ്‌ക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി പരസ്യമായി ആരോപണം ഉന്നയിച്ചതെന്നാണ് സൂചനകൾ പുറത്തു വരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. ഇതോടെ ഖലിസ്ഥാൻ വിഷയത്തിൽ യുഎസും വിശദീകരണം നൽകണമെന്നാണ് ഇന്ത്യൻ നിലപാട്. വിഷയത്തിൽ കാനഡയ്ക്ക് പ്രത്യക്ഷ പിന്തുണ അറിയിച്ചിട്ടില്ലെങ്കിലും ഖലിസ്ഥാൻ ഭീകരവാദത്തെ യുഎസ് അപലപിക്കാൻ തയ്യാറാകുന്നില്ല എന്നത് ഇന്ത്യ ഗൗരവത്തിൽ എടുക്കും.
അതിനിടെ യുഎൻ സുരക്ഷ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ച് നിരവധി രാജ്യങ്ങളാണ് മുന്നോട്ട് വരുന്നത് കാനഡയ്ക്ക് തിരിച്ചടിയായി. ഓസ്ട്രേലിയ അമേരിക്ക തുടങ്ങിയ ലോക ശക്തികൾക്ക് പിന്നാലെ ഗ്ലോബൽ സൗത്തിലെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളും ഇന്ത്യൻ സാന്നിധ്യം ആവശ്യപ്പെട്ട് രംഗത്ത് വന്നു. ഇന്ത്യയുടെ വികസനത്തിലുള്ള കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണ്. യുഎൻ സുരക്ഷ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം. ദാരിദ്ര്യ നിർമ്മാർജ്ജനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് വൻ മുന്നേറ്റമുണ്ടാക്കാനായി എന്നാണ് രാജ്യങ്ങളുടെ പൊതു വിലയിരുത്തൽ.
ന്യൂയോർക്കിലെ യുഎൻ പൊതുസഭയിലാണ് ഇന്ത്യക്ക് പിന്തുണയുമായി ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ രംഗത്ത് വന്നത്. ഇന്ത്യയുടെ നയതന്ത്ര ചർച്ചകളുടെ വിജയമാണ് ഇതെല്ലാം. ഗ്ലോബൽ സൗത്തിന്റെ നേതൃത്വം ഇന്ത്യയിലേക്ക് വരുന്നതിന് തെളിവാണ് ഇത്. ദുർഘട സമയത്ത് ഇന്ത്യ പല ചെറു രാജ്യങ്ങളെയും സഹായിച്ചുവെന്ന രാജ്യങ്ങളുടെ നിലപാട് ഇന്ത്യയുടെ ഇടപെടലുകൾക്കുള്ള അംഗീകാരം കൂടിയാണ് . ഡൊമിനിക്ക, സെയിന്റ് ലൂഷ്യ, ഗയാന, മാൽഡീവ്സ്, സമോവ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളാണ് രക്ഷാ സമിതിയിൽ ഇന്ത്യയെ പിന്തുണച്ച് കാരണങ്ങൾ വ്യക്തമാക്കിയത്. ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് നിർണ്ണായകമാണ്.
കാനഡയിലെ ബ്രാംപ്ടൺ നഗരത്തിൽവച്ചാണ് സിഖ് നേതാവും ഖലിസ്ഥാൻ ആശയപ്രചാരകനുമായ നിജ്ജാർ വെടിയേറ്റു മരിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന തരത്തിൽ ആരോപണം ഉന്നയിച്ചത്. ഇതുസംബന്ധിച്ച് വിശ്വസനീയമായ ആരോപണങ്ങൾ അന്വേഷണ ഏജൻസികൾ ഉയർത്തുന്നുണ്ടെന്നായിരുന്നു ട്രൂഡോയുടെ പ്രസ്താവന. വിഷയം ആഗോളതലത്തിൽ ചർച്ചയായതിനു പിന്നാലെ ആരോപണം തള്ളി വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു.
ഇക്കാര്യം ജി20 ചർച്ചയ്ക്കിടെ ഇന്ത്യയെ നേരിട്ട് അറിയിച്ചിരുന്നുവെന്നും കാനഡ പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് യുഎസ് ഏജൻസികളുടെ പങ്ക് സംബന്ധിച്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ഇന്ത്യൻ ഉദ്യോഗസ്ഥർ കൊലയിൽ പങ്കുവഹിച്ചെന്നത് കാനഡയുടെ ആരോപണമാണെങ്കിലും ഇത്തരമൊരു നിഗമനത്തിലേക്ക് ഉദ്യോഗസ്ഥരെ എത്തിക്കാനുള്ള സൂചനകൾ നൽകിയത് യുഎസ് ഇന്റലിജൻസ് ഏജൻസികളാണെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഫ്ബിഐ ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു എന്നു വെളിപ്പെടുത്തി യുഎസിലെ ചില സിഖ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. നിജ്ജാറിന്റെ കൊല ഒരു മുന്നറിയിപ്പാണെന്നും തങ്ങളുടെ ജീവനും ഭീഷണിയുണ്ടെന്നുമായിരുന്നു ഉദ്യോഗസ്തർ അറിയിച്ചതെന്ന് അമേരിക്കൻ സിഖ് കോക്കസ് കമ്മിറ്റി കോർഡിനേറ്ററായ പ്രീത്പാൽ സിങ് പറയുന്നു. ജാഗ്രത പുലർത്തണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും ഇദ്ദേഹം പറയുന്നു. വിഷയത്തിൽ വിശ്വസനീയമായ തെളിവുകളുണ്ടെങ്കിൽ പുറത്തുവിടണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് കാനഡ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ വിഷയത്തിൽ തീവ്ര നിലപാടുകാരെ സംരക്ഷിക്കുന്ന തരത്തിലാണ് ട്രൂഡോയുടെ നീക്കങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ