മോസ്‌കോ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് പുടിൻ ഇപ്പോൾ. അന്താരാഷ്ട്ര കോടതി തലവനെ റഷ്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ചേർക്കാൻ പുടിൻ ഉത്തരവിട്ടിരിക്കുന്നു. യുക്രെയിനിൽ നടത്തിയ യുദ്ധക്കുറ്റങ്ങൾക്ക് വിചാരണ നേരിടാനാണ് പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഇപ്പോൾ ക്രെംലിൻ അന്താരാഷ്ട്ര കോടതി പ്രസിഡണ്ട് പോയ്റ്റ് ഹോഫ്മാൻസ്‌കിക്ക് എതിരായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നു. എന്നാൽ, അദ്ദേഹത്തിനെതിരെ ചാർജ്ജ് ചെയ്ത കുറ്റങ്ങൾ എന്തെല്ലാമാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റഷ്യൻ ഫെഡറേഷന്റെ ക്രിമിനൽ കോഡിലെ ഒരു വകുപ്പിന് കീഴെ പോയ്റ്റിനെ മോസ്റ്റ് വാണ്ടഡ് ആയി പ്രഖ്യാപിക്കുന്നു എന്നായിരുന്നു റഷ്യൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നത്.

അധിനിവേശത്തിന്റെ മറവിൽ യുക്രെയിനിൽ നിന്നും നിരവധി കുട്ടികളെ, അവരുടെ സമ്മതമില്ലാതെ തന്നെ ബലം പ്രയോഗിച്ച് റഷ്യയിലേക്ക് കടത്തിയതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഐ സി സി വ്ളാഡിമിർ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യുക്രെയിൻ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിൽ പുടിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ട് എന്നായിരുന്നു അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമ്പോൾ ഐ സി സി പറഞ്ഞിരുന്നത്.

നേരിട്ടുള്ള പങ്ക്, മറ്റുള്ളവരുമായി ചേർന്ന് ഈ പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തൽ, ഇത്തരം ഹീനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കീഴ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാതിരിക്കൽ എന്നീ കുറ്റങ്ങളായിരുന്നു പുടിന് മേൽ ചുമത്തിയിരുന്നത്. ഇതിനെ തുടർന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഹേഗിലുള്ള ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തുമെന്ന് മുൻ റഷ്യൻ പ്രസിഡണ്ട് ഡിമിത്രി മെഡ്വെഡെവ് നടത്തിയ ഭീഷണിയിൽ കോടതി ആശങ്ക രേഖ;പ്പെടുത്തുകയും ചെയ്തിരുന്നു.

അതിനിടയിൽ, യു എൻ പിന്തുണയുള്ള മനുഷ്യാവകാശ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ റഷ്യ യുക്രെയിനിൽ യുദ്ധക്കുറ്റങ്ങൾ ചെയ്തു എന്നതിന് പുതിയ തെളിവുകൾ ലഭിച്ചതായി അവർ ഇന്നലെ വെളിപ്പെടുത്തി. മരണം വരെയുള്ള പീഡനം, 83 വയുസ്സ് വരെ പ്രായമുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്യൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നതായും അവർ വെളിപ്പെടുത്തി.

ഇരു വിഭാഗങ്ങളും യുദ്ധക്കുറ്റങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും റഷ്യയാണ് വ്യാപകമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് എന്ന് അന്വേഷണ സംഘം വെളിപ്പെടുത്തുന്നു.