ന്യൂയോർക്ക്: കാനഡയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നയതന്ത്ര പിന്തുണ കൂടുന്നു. ഇന്ത്യ കാനഡ തർക്കത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്കയും രംഗത്ത് വന്നു. കാനഡ തീവ്രവാദികളുടെ പറുദീസയായി മാറിയെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു. ഇന്ത്യയ്ക്കെതിരെ ഒരു തെളിവും ഇല്ലാതെയാണ് ട്രൂഡോ പരാമർശം നടത്തിയിരിക്കുന്നത്. അതിൽ അതിശയിക്കാൻ ഒന്നുമില്ല. മുൻപും ഇത്തരത്തിൽ അടിസ്ഥാന രഹിതമായ ആരോപണവുമായി രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ട്രൂഡോയെന്നും അലി സാബ്രി പറഞ്ഞു.

ട്രൂഡോ അടുത്തിടെ നാസി ബന്ധമുണ്ടായിരുന്നവരെ രാജ്യത്തേയ്ക്ക് ക്ഷണിച്ചു വരുത്തിയിരുന്നു. ഇതിൽ നിന്നും വ്യക്തമാക്കാം അദ്ദേഹത്തിന്റെ നിലപാട്. കനഡ ഒരു വിഭാഗം തീവ്രവാദികളുടെ പറുദീസയായി മാറി. അതിൽ ഒട്ടും ആശങ്കപ്പെടാനില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇന്ത്യയ്ക്കെതിരെ ട്രൂഡോ നടത്തുന്നത്. മുൻപും ഇത്തരം പ്രസ്താവനയുമായി എത്തിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അലി സാബ്രി പറഞ്ഞു.

ഇന്ത്യൻ നയതന്ത്ര കാര്യലയങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസം കാനഡയിൽ ഖലിസ്ഥാൻവാദികളുടെ പ്രതിഷേധങ്ങൾ നടന്നിരുന്നു. തലസ്ഥാനമായ ഒട്ടാവ ഉൾപ്പെടെ മൂന്ന് സ്ഥലങ്ങളിലാണ് പ്രതിഷേധം നടന്നത്. ആകെ 500 ൽ താഴെ ആൾക്കാർ മാത്രമാണ് പ്രതിഷേധങ്ങളിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വാദങ്ങൾക്ക് ശക്തിപകരുന്ന നിലപാട് ശ്രീലങ്കയും സ്വീകരിക്കുന്നത്.

ശ്രീലങ്കക്കെതിരെയും അവർ ഇതേ കാര്യമാണ് ചെയ്തത്. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്നതിന്റെ വലിയ നുണയാണ് അവർ സൃഷ്ടിച്ചത്. ശ്രീലങ്കയിൽ വംശഹത്യ നടന്നിട്ടില്ലെന്ന് എല്ലാവർക്കും അറിയാം -സാബ്രി കൂട്ടിച്ചേർത്തു. അതേസമയം, നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യയിലുള്ളതും ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതുമായ തങ്ങളുടെ പൗരന്മാർക്ക് കാനഡ ജാഗ്രത നിർദ്ദേശം നൽകി. കനേഡിയൻ പൗരന്മാർക്കുള്ള യാത്ര മാർഗനിർദ്ദേശം അഞ്ച് ദിവസത്തിനിടെ രണ്ടാംതവണയാണ് കാനഡ പുതുക്കുന്നത്.

നിജ്ജാർ വധത്തിന് ഉത്തരവാദി ഇന്ത്യയെന്ന മുദ്രാവാക്യം വിളികളുമായാണ് ഖാലിസ്ഥാൻ അനുകൂല സംഘടനകൾ കാനഡയിൽ പ്രതിഷേധിച്ചത്. ടൊറോന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ നൂറോളം ഖാലിസ്ഥാൻ വാദികൾ ഇന്ത്യയുടെ പതാക കത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട് ഔട്ടുകൾക്ക് നേരെ ചെരുപ്പ് എറിഞ്ഞും പ്രതിഷേധമുണ്ടായി. പൊലീസ് ഇന്ത്യൻ കോൺസുലേറ്റുകൾക്ക് മുന്നിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഖാലിസ്ഥാൻവാദികളുടെ പ്രതിഷേധത്തെ തുടർന്ന് കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

അതിനാൽ അക്രമങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിജ്ജാർ വധത്തിൽ ഇന്ത്യയാണ് ഉത്തരവാദിയെന്നും മുദ്രാവാക്യം വിളികളുയർന്നു. മഞ്ഞ ഖാലിസ്ഥാൻ കൊടികളുമായാണ് പ്രതിഷേധക്കാർ എത്തിയത്. കാനഡയുടെ പതാകകളേന്തിയെത്തിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ഖാലിസ്ഥാൻ വാദികളുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുണ്ടായ തർക്കത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താൻ രഹസ്യാന്വേഷണ ഏജൻസികൾ യോഗം ചേർന്നിരുന്നു.

നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് രഹസ്യാന്വേഷണ ഏജൻസികൾ നിർദ്ദേശം നൽകി. പലയിടത്തും അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. കാനഡയിലെ ഇന്ത്യൻ വംശജരുടെ സാഹചര്യവും വിലയിരുത്തി. കാനഡയിൽ ചില ക്ഷേത്രങ്ങൾക്കു നേരെ അക്രമം നടന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. കാനഡയിലുള്ള ഖാലിസ്ഥാനി ഭീകരുടെ വിവരങ്ങളടങ്ങുന്ന പട്ടിക ഇന്ത്യ വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തും.