ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിനെ വധിച്ചതിന് പിന്നിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്. നിജ്ജറിനെ വധിക്കാൻ ഐ.എസ്‌ഐ. ക്രിമിനലുകളെ വാടകയ്ക്കെടുത്തിരുന്നുവെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കാനഡയിലെ ഖലിസ്ഥാൻ അനുകൂല തീവ്രവാദികളെ ഒന്നിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നതായും നിജ്ജർ വധത്തിന് പിന്നാലെ ഇയാൾക്ക് പകരക്കാരനെ ഐ.എസ്‌ഐ. തേടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിനെ വധിക്കാൻ പാക് ചാര സംഘടന പദ്ധതിയിട്ടതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ കാനഡയിലെത്തിയ ഭീകരസംഘാംഗങ്ങൾക്ക് സഹായം നൽകാൻ ഐഎസ്‌ഐ നീക്കം നടത്തിയിരുന്നു. ഇന്ത്യക്കെതിരെ ഭീകരാക്രമണം നടത്താനടക്കം ഹർദീപ് സിങ് നിജ്ജറിൽ സമ്മർദ്ദംചെലുത്തിയിരുന്നു. എന്നാൽ, നിജ്ജർ പൂർണ്ണമായും വിശ്വാസത്തിലെടുത്തത് പഴയ ഖലിസ്ഥാൻ ഭീകരരുടെ വാക്കുകളായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ജൂൺ 18-നായിരുന്നു ഖലിസ്ഥാൻ ഭീകരനായ ഹർദീപ് സിങ് നിജ്ജർ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയിലെ ഏജന്റുകളാണെന്ന് വിശ്വസനീയമായ വിവരം കിട്ടിയെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു.

ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാർ ഇന്ത്യയിൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിൽ നയതന്ത്ര പ്രശ്‌നങ്ങൾ വഷളായിരിക്കെയാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ രേഖകൾ പുറത്തുവന്നത്.

ആക്രമണം നടത്തുന്നതിന് പാക്കിസ്ഥാനിൽ നിന്നും ചാരസംഘടനയായ ഐഎസ്‌ഐയിൽ നിന്നും നിജ്ജർ പരിശീലനം നേടിയിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. രാജ്യത്തും പുറത്തുമുള്ള വിവിധ ഖലിസ്ഥാനി നേതാക്കളുമായി നിജ്ജർ ബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്നു.

2012ൽ പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് നേതാവ് ജഗ്തർ സിങ് താരയുമായി ഇയാൾ അടുപ്പമുണ്ടാക്കിയിരുന്നു. അതേവർഷം ഏപ്രിൽ മാസത്തിൽ ഇയാൾ പാക്കിസ്ഥാൻ സന്ദർശിച്ചതായും ആയുധപരിശീലനം നേടുകയും ചെയ്തിരുന്നു. അതിന് പുറമെ, പഞ്ചാബിലും ഇന്ത്യയുടെ മറ്റ് വിവിധ ഭാഗങ്ങളിലും ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് പണം നൽകിയിരുന്നുവെന്നും രഹസ്യാന്വേഷണ രേഖകളിൽ വ്യക്തമാക്കുന്നു.

കാനഡയിൽ ഇയാൾ നിരവധി ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതായും വ്യക്തികൾക്ക് എകെ 47, സ്‌നൈപ്പർ തോക്കുകൾ, കൈത്തോക്ക് എന്നിവ ഉപയോഗിക്കുന്നതിന് പ്രത്യേക പരിശീലനം നൽകുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ മത-രാഷ്ട്രീയ നേതാക്കളെ വധിക്കുന്നതിന് ഇയാൾ ആളുകളെ ഇന്ത്യയിലേക്ക് അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

2014ൽ ഹരിയാനയിലെ സിർസയിലുള്ള ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ നിജ്ജാർ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇന്ത്യയിലേക്ക് എത്താൻ സാധിക്കാതെ വന്നതിനാലാണ് ഇത് നടക്കാതെ പോയത്. അതിന് പുറമെ, മുൻ ഡിജിപി മുഹമ്മദ് ഇസ്ഹാർ ആലം, പഞ്ചാബ് ആസ്ഥാനമായുള്ള ശിവസേന നേതാവ് നിശാന്ത് ശർമ, ബാബാ സിങ് പെവോര വാലെ എന്നിവരെ ലക്ഷ്യമിടാൻ നിജ്ജാർ നിർദ്ദേശിച്ചിരുന്നു.

2021ൽ നിജ്ജാറിന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്ന ഒരു ഹിന്ദു പൂജാരിയെ കൊലപ്പെടുത്തുവാൻ അർഷ്ദീപ് എന്നയാളേയും ഇയാൾ ചട്ടംകെട്ടിയിരുന്നു. എന്നാർ, പൂജാരി രക്ഷപെടുകയും ചെയ്തു. ഇത്തരത്തിൽ നിജ്ജർ കാനഡയിൽ ഇരുന്ന് പഞ്ചാബിൽ വിവിധ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നു.

1996ൽ രവി ശർമ എന്ന പേരിലുള്ള ഒരു വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് നിജ്ജർ കാനഡയിൽ എത്തുന്നത്. പിന്നീട്, ട്രക്ക് ഡ്രൈവറായും പ്ലംബറായും ഇയാൾ ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് പുറമെ, അവിടുത്തെ പ്രാദേശിക ഗുരുദ്വാരകൾ സംഘടിപ്പിക്കുന്നത്.

കാനഡയിലെ പ്രാദേശിക ഗുരുദ്വാരകൾ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ വിലക്കണമെന്നും ഇയാൾ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് എന്ന നിരോധിത സംഘടനയുടെ തലവനായിരുന്ന നിജ്ജാറിനെ ഇന്ത്യ ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ജൂൺ 18ന് ബ്രിട്ടീഷ് കൊളമ്പിയ പ്രവശ്യയിൽ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവച്ച് അജ്ഞാതരായ രണ്ട് പേരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ഇയാളുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് വിവിധ ഖലിസ്ഥാൻ സംഘടനകൾ ആരോപിച്ചിരുന്നു.