രാഷ്ട്രീയ എതിരാളികളുടെയും നിരീക്ഷകരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഋഷി സുനകിന് പ്രധാനമന്ത്രിപദത്തിൽ ഒരു രണ്ടാമൂഴം ഉണ്ടായേക്കുമോ? നിലവിലെ, പൊതുജന മനോഭാവം വെച്ച് നോക്കിയാൽ അത് സംഭവിച്ചുകൂടായ്കയില്ല എന്നേ പറയാനാകൂ. ഒരു മാസം മുൻപ് വരെ ഏതാണ്ട് എല്ലാവരും എഴുതി തള്ളിയതായിരുന്നു ഋഷി സുനികിന് ഇനിയൊരു വട്ടം കൂടി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ കഴിയുമെന്നത്.

എന്നാൽ, ഹരിത നയത്തിൽ വരുത്തിയ മാറ്റങ്ങളും റുവാണ്ട പദ്ധതിയുമെല്ലാം ജനങ്ങൾക്കിടയിൽ ഋഷിയുടെ ജനപ്രീതി സാവധാനം ഉയർത്തുന്നതാണ് ഇപ്പോൾ ദൃശ്യമാകുന്നത്. കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിന് മുൻപായി ഡെയ്ലി മെയിൽ നടത്തിയ അഭിപ്രായ സർവ്വേയിൽ തെളിഞ്ഞത്, ഋഷി സുനക് ധീരമായി എടുത്ത തീരുമാനങ്ങൾ ജനങ്ങളെ പാർട്ടിയിലേക്ക് തിരികെ കൊണ്ടു വരുന്നു എന്നാണ്. എന്നാൽ, നികുതി ഇളവുകൾ കൂടുതലായി വേണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

ദേശീയ കടം കുറച്ചു കൊണ്ടുവരുന്ന കാര്യത്തിൽ ജനങ്ങൾ ലേബർ നേതാവ് സർ കീർ സ്റ്റാർമറെക്കാൾ കൂടുതലായി വിശ്വസിക്കുന്നത് ഋഷി സുനകിനെയാണ്. അതുപോലെ അനധികൃത അഭയാർത്ഥികളെ റുവാണ്ടയിലേക്ക് നാടുകടത്തുന്ന കാര്യത്തിലും പെട്രോൾ-ഡീസൽ കാറുകളുടെ വിൽപന നിരോധിക്കുന്നത് നീട്ടിയതുൾപ്പടെയുള്ള ഹരിത നയങ്ങളിലും ജനങ്ങൾ പൂർണ്ണമായും ഋഷിക്കൊപ്പം നിലയുറപ്പിക്കുന്നു.

പകുതിയിലധികം പേർ സർക്കാരിന്റെ പുതിയ ഹരിത നയങ്ങളെ അനുകൂലിച്ചപ്പോൾ വെറും 36 ശതമാനം പേർ മാത്രമായിരുന്നു എതിർത്തത്. പുതിയ പെട്രോൾ- ഡീസൽ കാറുകളുടെ വിൽപന 2030 ഓടെ നിരോധിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാൽ, കഴിഞ്ഞയാഴ്‌ച്ച ഋഷി സുനക് ഇത് 2035 വരെ നീട്ടിയിരുന്നു. പാർട്ടിക്കുള്ളിൽ നിന്നു തന്നെ എതിർപ്പുകൾ നേരിടുന്നുണ്ടെങ്കിലും, ഋഷി ഇപ്പോഴും പാർട്ടിയെ ഒരു തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കാൻ കെൽപുള്ള നേതാവ് തന്നെയാണെന്നാണ് സർവ്വേ ഫലം പറയുന്നത്.

അതേസമയം, ടെക്നി യു കെ ന്നടത്തിയ ട്രാക്കർ പോളിലും കൺസർവേറ്റീവ്ബ് പാർട്ടി സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്., ജനപ്രീതിയിൽ ഇപ്പോഴും ലേബർ പാർട്ടി തന്നെയാണ് മുൻപിലെങ്കിലും, ഇരു പാർട്ടികളും തമ്മിലുള്ള വിടവ് കുറയ്ക്കാൻ ടോറികൾക്കായിട്ടുണ്ട്. ഒരു മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് കൺസർവേറ്റീവ് പാർട്ടി ഈ വിടവ് കുറച്ചു കൊണ്ടു വരുന്നത്. ഒരു മാസം മുൻപ് ഇതുവരുടെയും ജനപ്രീതികൾക്കിടയിൽ ഉണ്ടായിരുന്ന വ്യത്യാസം 21 പോയിന്റാണെങ്കിൽ, കഴിഞ്ഞയാഴ്‌ച്ച അത് 19 പോയിന്റായി കുറഞ്ഞിരുന്നു. ഈയാഴ്‌ച്ച അത് വീണ്ടും കുറഞ്ഞ് 18 പോയിന്റ് ആയിട്ടുണ്ട്.

ബോറിസ് ജോൺസന്റെ രാജിയെ തുടര്ന്നുണ്ടായ സംഭവവികാസങ്ങൾ ഏറെ പരമ്പരാഗത വോട്ടർമാരെ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും അകറ്റിയിരുന്നു. പണപ്പെരുപ്പം വലിയൊരു പരിധിവരെ പിടിച്ചു നിർത്താനായതും, റുവാണ്ടൻ പദ്ധതിയും അതുപോലെ പുതിയ ഹരിത നയങ്ങളുമൊക്കെ ഇവരെ വീണ്ടും പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇത് നല്ലൊരു തുടക്കം തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വരുന്ന മാസങ്ങളിൽ, മെച്ചപ്പെട്ട നയങ്ങളും പദ്ധതികളും വഴി കുറേപ്പേരെ കൂടി പാർട്ടിയിലേക്ക് അടുപ്പിക്കാൻ സാധിച്ചാൽ, ഋഷിക്ക് ഒരു രണ്ടാമൂഴം ലഭിക്കുക എന്നത് അസംഭവ്യമല്ലെന്നും അവർ വിശ്വസിക്കുന്നു.