വെറും പത്ത് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനോട് വംശീയ വിവേചനം കാണിച്ച്, ആർക്കോ വേണ്ടി എന്നപോലെ ഒരു ക്ഷമാപണവും നടത്തിയ ജിംനാസ്റ്റിക് അയർലൻഡ് കൂടുതൽ വിവാദത്തിലാവുകയാണ്. കഴിഞ്ഞ വർഷം ഡുബ്ലിനിൽ നടന്ന ജിം സ്റ്റാർട്ട് ഈവന്റായിരുന്നു വിവാദങ്ങൾക്ക് വഴി മരുന്നിട്ടത്.

അതിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം പാർട്ടിസിപ്പേഷൻ മെഡലുകൾ നൽകിയപ്പോൾ ഈ പത്തു വയസ്സുകാരിക്ക് മാത്രം നൽകിയിരുന്നില്ല. ഈ കുട്ടി മാത്രമായിരുന്നു പങ്കെടുത്തവരിൽ കറുത്ത വർഗ്ഗക്കാരിയായി ഉണ്ടായിരുന്നത്. 2022 മാർച്ചിൽ ഈ സംഭവം നടന്ന ഉടനെ തന്നെ മെഡൽ ദാനത്തിന്റെ വീഡിയോ വൈറലായിരുന്നു.

ഒളിമ്പ്യൻ സൈമൺ ബൈൽസ് ഉൾപ്പടെയുള്ള പലരും സംഘാടകരെ അതിനിശിതമായി വിമർശിച്ച സമൂഹമാധ്യമങ്ങളിൽ വരികയും ചെയ്തിരുന്നു. ഹൃദയഭേദകമായ കാഴ്‌ച്ച എന്നായിരുന്നു, കൂട്ടുകാർക്കിടയിൽ ഒറ്റപ്പെട്ട്, സമ്മാനം ലഭിക്കാതെ നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രത്തിന് താഴെ അദ്ദേഹം കുറിച്ചത്. അന്നൊക്കെ തികഞ്ഞ നിശബ്ദത പുലർത്തിയിരുന്ന ജിംനാസ്റ്റിക് അയർലൻഡ് ഒന്നര വർഷത്തിനു ശേഷം ഇപ്പോൾ ക്ഷമാപണവുമായി രംഗത്ത് എത്തിയത് ആ പെൺകുട്ടിയുടെ മാതാപിതാക്കളെ ഏറെ ചൊടിപ്പിച്ചിരിക്കുകയാണ്.

ഒട്ടും ആത്മാർത്ഥതയില്ലാത്ത ഒരു പ്രകടനം മാത്രമാണതെന്ന് അവർ ആ ക്ഷമാപണത്തെ വിശേഷിപ്പിക്കുന്നു. തന്റെ മകൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ച്ച വെച്ചിരുന്നു എന്ന് പെൺകുട്ടിയുടെ അമ്മ ബി ബി സിയിൽ അവകാശപ്പെട്ടു., അവൾക്ക് മെഡൽ നൽകാതിരുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാൻ ആകില്ലെന്നും അവർ പറഞ്ഞു. അവൾ കറുത്ത വർഗ്ഗക്കാരിയായിപ്പോയി എന്നതു മാത്രമാണ് അന്ന് പൊതുവേദിയിൽ മെഡൽ നൽകാതിരുന്നതിന് കാരണമെന്ന് വിശ്വസിക്കേണ്ടി വരുമെന്നും അവർ പറഞ്ഞു.

ഒരു പത്തുവയസ്സുകാരിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ഈ അവഗണന എന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ പൊതുജനരോഷം അവർക്കെതിരായതോടെയാണ് ക്ഷമാപണ നാടകവുമായി അവർ രംഗത്തെത്തിയിരിക്കുന്നതെന്നും പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.