ലണ്ടൻ: കാനഡയിൽ നടന്ന ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം അന്താരാഷ്ട്ര തലത്തിൽ തന്നെ വിവാദമായപ്പോൾ, തങ്ങളുടെ സമുദായാംഗങ്ങളുടെ സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രി ഋഷി സുനകിന് കത്തെഴുതാൻ തയ്യാറെടുക്കുകയാണ് ബ്രിട്ടീഷ് സിക്കുകാർ. ഭീഷണിയുടെ നിഴലിലുള്ള സിക്ക് സമുദായാംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ എന്ത് നടപടികൾ സ്വീകരിക്കുന്നു എന്ന് വ്യക്തമാക്കാനും എം പി മാർക്ക് നൽകുന്ന കത്തിൽ ആവശ്യപ്പെടും. കാനഡയിലെ സംഭവത്തിനു ശേഷം ബ്രിട്ടനിലെ, ഉന്നതരായ സിക്കുകാർക്കും ഗുരുദ്വാരകൾക്കും ഇതുവരെ യാതൊരുവിധ സുരക്ഷാ മുന്നറിയിപ്പും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്നും സിക്ക് ഫെഡറേഷൻ ആശങ്കപ്പെടുന്നു.

സിക്ക് സമുദായത്തിനായി പ്രവർത്തിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുകൾ നൽകാനും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് വിശദീകരിക്കുവാനുമാണ് കത്തിൽ ആവശ്യപ്പെറ്റുന്നത്. നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞതിൽ പിന്നെ ബ്രിട്ടനിലെ 5 ലക്ഷത്തോളം വരുന്ന സിക്ക് സമുദായാംഗങ്ങൽ ഏറെ ആശങ്കയിലാണെന്നും കത്തിൽ പറയുന്നു.

നിജ്ജാറിന്റെ മരണശേഷം, അമേരിക്കയിലെ മൂന്ന് പ്രധാന സിക്ക് നേതാക്കളുടെ ജീവൻ അപകടത്തിലാണെന്ന മുന്നറിയിപ്പ് അമേരിക്കൻ ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നൽകിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അത്തരം ഭീഷണികൾ ഒന്നും ബ്രിട്ടനിൽ ഉണ്ടാകാൻ ഇടയില്ലെന്നും സിക്ക് നേതാക്കൾ പറയുന്നു. എങ്കിലും സുരക്ഷയെ കരുതി മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.

ബ്രിട്ടനിൽ ഇന്ത്യ ചാര പ്രവൃത്തി നടത്തുന്നകാര്യം ബ്രിട്ടന് അറിയാമെന്നും, അത് പ്രധാനമായും സിക്ക് സമുദായ നേതാക്കളെ കേന്ദ്രീകരിച്ചാണെന്നും ഒരു മുൻ വൈറ്റ്ഹാൾ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. യു കെ, കാനഡ, യു എസ്, ആസ്ട്രേലിയ, ന്യുസിലാൻഡ് എന്നീ അഞ്ച് രാഷ്ട്രങ്ങൾ ചേർന്നുള്ള ഫൈവ് ഐ സഖ്യം, രഹസ്യങ്ങൾ പരസ്പരംപങ്കുവയ്ക്കുമെന്നതിനാൽ, ലഭിച്ചു എന്ന് കാനഡ പ്രധാനമന്ത്രി അവകാശപ്പെടുന്ന, നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട തെളിവുകൾ ബ്രിട്ടനും ലഭിച്ചിട്ടുണ്ടാകാം എന്നും റിപ്പോർട്ടിൽ പറയുന്നു.

ഇക്കഴിഞ്ഞജൂൺ 15 ന് ബിർമ്മിങ്ഹാമിലെ ഒരു ആശുപത്രിയിൽ വെച്ച് അവ്താർ സിങ് ഖാൻഡ എന്ന 35 കാരൻ മരണമടഞ്ഞതോടെ സിക്ക് സമുദായം ആശങ്കയിലായി എന്ന് വക്താക്കൾ അവകാശപ്പെടുന്നു. രക്താർബുദമാണെന്ന് കണ്ടെത്തി വെറും നാല് ദിവസങ്ങൾക്കകമായിരുന്നു അയാൾ മരണാമടഞ്ഞത്. ആ മരണത്തിൽ സംശയിക്കപ്പെടാനായി ഒന്നുമില്ല എന്നാണ് വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് പറയുന്നത്. അയാളെ വിഷം കൊടുത്തു കൊല്ലുകയായിരുന്നു എന്ന് അയാളുടെ അമ്മ ചരൺജീത് കൗർ ആരോപിച്ചിരുന്നെങ്കിലും പൊലീസ് അത് നിഷേധിക്കുകയായിരുന്നു.

ദേശവിരുദ്ധരെന്ന് എൻ ഐ എ പ്രഖ്യാപിച്ചിട്ടുള്ള 20 ഖാലിസ്ഥാൻ അനുകൂലികളുടെ പട്ടികയിൽ ആറ് ബ്രിട്ടീഷ് സിഖുകാരും ഉൾപ്പെടുന്നു. അതിൽ ഉൾപ്പെടുന്ന കുൽവന്ത് സിങ് മൊതാഡ തന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക കഴിഞ്ഞ ദിവസം ദി ടൈംസിനോട് വെളിപ്പെടുത്തിയിരുന്നു.