- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു; പിന്നാലെ എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിട്ടു; പ്രധാനമന്ത്രി എത്തിയതുകൊക്കൈനുമായി അല്ലെന്ന് കാനഡ; ട്രൂഡോയുടെ ഇന്ത്യൻ യാത്രയിൽ സർവ്വത്ര ദുരൂഹത
ഒട്ടാവ: ഇന്ത്യാ-കാനഡാ നയതന്ത്ര തർക്കത്തിനിടെ പുതിയ വിവാദം. ഒരു വിമാനം നിറയെ കൊക്കെയ്‌നുമായാണ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിലേക്ക് എത്തിയതെന്ന ആരോപണം തള്ളി ട്രൂഡോയുടെ ഓഫിസ്. ''ഇത് തീർത്തും അടിസ്ഥാനരഹിതമാണ്. എങ്ങനെ അവാസ്തവമായ ഒരു വാർത്ത പ്രചരിപ്പിക്കാമെന്നതിന് ഉത്തമ ഉദാഹരണമാണിത്.'' ട്രൂഡോയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
മുൻനയതന്ത്ര ഉദ്യോഗസ്ഥനായ ദീപക് വോഹ്‌റയാണ് ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഒരു വിമാനത്തിൽ നിറയെ കൊക്കെയ്‌നുമായാണ് ട്രൂഡോ ഇന്ത്യയിലേക്കു പറന്നതെന്നും രണ്ടുദിവസം അദ്ദേഹത്തിന്റെ മുറിയിൽ ഇത് ഒളിപ്പിച്ചെന്നുമാണ് ദീപക് വോഹ്‌റയുടെ ആരോപണം. നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ വിമാനത്തിൽ കൊക്കെയ്‌നുള്ളതായി കണ്ടെത്തിയതായി വിശ്വസനീയ വൃത്തങ്ങളിൽനിന്നു വിവരം ലഭിച്ചതായും ദീപക് വോഹ്‌റ ആരോപിച്ചു.
''ട്രൂഡോ രാഷ്ട്രപതി ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നിൽ പങ്കെടുത്തിരുന്നില്ല. അദ്ദേഹം ലഹരി മരുന്ന് ഉപയോഗിച്ച ശേഷമുള്ള മയക്കത്തിലാണെന്നാണ് ആളുകൾ പറഞ്ഞത്'' ദീപക് വോഹ്‌റ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സെപ്റ്റംബർ 8നാണ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ന്യൂഡൽഹിയിൽ എത്തിയത്. 16 വയസ്സുള്ള മകനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജി 20 ഉച്ചകോടിക്കെത്തിയ ട്രൂഡോ 40 മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ഇന്ത്യയിൽ നിന്ന് മടങ്ങിയത്.
ട്രുഡോ എത്തിയ എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ, ട്രൂഡോ ഹോട്ടലിൽ തങ്ങുകയായിരുന്നു. പിന്നാലെ കനേഡിയൻ സർക്കാർ, എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിടേണ്ടിവന്നു. വിമാനം വഴിതിരിച്ചു വിട്ടതിന്റെ കാരണം കാനഡ വ്യക്തമാക്കിയിട്ടില്ല. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് പരസ്യ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നതിനു പിന്നാലെ യാത്രാ തടസ്സവും നേരിടേണ്ടിവന്നത് ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
ജി20 ഉച്ചകോടിക്കായി എത്തിയ ട്രൂഡോയുടെ വിമാനത്തിന്റെ തകരാർ മൂലമാണ് അദ്ദേഹവും സംഘവും ഒന്നരദിവസത്തോളം ഡൽഹിയിൽ കുടുങ്ങിയത്. പകരം വിമാനം കാനഡയിൽ നിന്ന് വരുന്നതിനിടെ ഇന്നലെ ഉച്ചയോടെ വിമാനത്തിന്റെ തകരാർ പരിഹരിച്ചു. തുടർന്ന് പാലം വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം യാത്ര തിരിച്ചു. പകരം വന്ന വിമാനം ലണ്ടനിലേക്ക് വഴിതിരിച്ചുവിട്ടു. അങ്ങനെ ഏറെ പ്രശ്‌നങ്ങൾ ട്രൂഡോയുടെ ഇന്ത്യൻ യാത്രയ്ക്കിടെ ഉണ്ടായി.
ഖലിസ്ഥാൻ വിഷയത്തിലടക്കം തട്ടി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മോശമായിരിക്കുന്ന സമയത്താണ് മടങ്ങാനിരുന്ന ട്രൂഡോ ഡൽഹിയിൽ കുടുങ്ങുന്നത്. ജി20 ഉച്ചകോടിയിൽ അദ്ദേഹത്തിന് അർഹമായ പ്രാമുഖ്യം നൽകിയില്ലെന്ന വിമർശനവും ഉയർന്നിരുന്നു. ട്രൂഡോയ്ക്ക് സഞ്ചരിക്കാൻ രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി തുടങ്ങിയവർ ഉപയോഗിക്കുന്ന 'എയർ ഇന്ത്യ വൺ' വിമാനം വിട്ടുകൊടുക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ വാഗ്ദാനം കാനഡ സ്വീകരിച്ചില്ലെന്നാണ് വിവരം. ഇതെല്ലാം ദുരൂഹമായി ഇപ്പോഴും തുടരുന്നു.
30 വർഷത്തോളം പഴക്കമുണ്ട് കനേഡിയൻ പ്രധാനമന്ത്രിയുടെ എയർബസ് സിസി150 പൊളാരിസ് വിമാനങ്ങൾക്ക്. 5 വിമാനങ്ങളിൽ രണ്ടെണ്ണം മാത്രമാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. മറ്റുള്ളവ ടാങ്കർ വിമാനങ്ങളാണ്. 2027 വരെയാണ് ഈ വിമാനങ്ങളുടെ കാലാവധി. വൻ തുക മുടക്കി പ്രധാനമന്ത്രിക്കായി സജ്ജമാക്കിയ ആഡംബര വിമാനത്തെ കാനഡയിലെ പ്രതിപക്ഷ നേതാവായിരുന്ന ഴാൻ ക്രെറ്റിയൻ പണ്ട് വിശേഷിപ്പിച്ചത് 'പറക്കുന്ന താജ് മഹൽ' എന്നായിരുന്നു. ഈ വിമാനമാണ് കേട് കാരണം ഇന്ത്യയിൽ കുടുങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ