ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ, ബ്രിട്ടനിലും അതിന്റെ അലയൊലികൾ മുഴങ്ങുന്നു. ഗ്ലാസ്ഗോയിൽ ഗുരുദ്വാരയിൽ എത്തിയ നയതന്ത്ര ഉദ്യോഗസ്ഥനെ ചില പ്രതിഷേധക്കാർ തടയുകയായിരുന്നു. ഇക്കാര്യത്തിലുള്ള പ്രതിഷേധം ഇന്ത്യ, ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

വിക്രം ദൊരൈസ്വാമിയെ സിക്ക് സമൂഹവുമായി ബന്ധപ്പെട്ടതും, കോൺസലർ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനായി ഗുരുദ്വാരയിലേക്ക് ക്ഷണിക്കുകയായിരുന്നു എന്ന് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ വക്താവ് പറഞ്ഞു. എന്നാൽ, സന്ദർശനത്തിനെത്തിയ അദ്ദേഹത്തെ ഒരു ചെറിയ ന്യുനപക്ഷം തടയുകയായിരുന്നു. തുടർന്ന് അദ്ദേഹം മടങ്ങിപ്പോവുകയായിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഏറെക്കാലമായി ഗുരുദ്വാരയിൽ പ്രവേശനം നിരോധിച്ചിരിക്കുകയാണെന്ന് സംഭവത്തിന് ശേഷം സിക്ക് യുവ സംഘടനയുടെ വക്താവ് അറിയിച്ചു.

കാനഡയിൽ വെച്ച് സിക്ക് വിഘടനവാദിയെ വധിച്ചതിന് പുറകിൽ ഇന്ത്യയായിരുന്നു എന്ന വിവാദം ഉയരുന്നതിനിടയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയായിരുന്നു സംഭവം. കനേഡിയൻ പ്രധാനമന്ത്രിയുടെ ആരോപണത്തെ ഇന്ത്യ ശക്തമായി നിഷേധിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ ബ്രിട്ടീഷ് കൊളമ്പിയയിൽ വെച്ച് ഹർദീപ് സിങ് നിജ്ജാറിനെ വെടിവെച്ചു കൊന്നതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ലഭിച്ചു എന്നായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്.

സ്‌കോട്ട്ലാൻഡിൽ മറ്റു ചില പരിപാടുകളുമായി എത്തിയതായിരുന്നു യു കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദൊരൈസ്വാമി. അതിനിടയിലായിരുന്നു ഗുരുദ്വാരയിൽ ഈ സംഭവം നടന്നത്. തികച്ചും നിർഭാഗ്യകരമായ സംഭവമായി ഇതെന്ന് പറഞ്ഞ ഇന്ത്യ, ഇക്കാര്യത്തിലുള്ള പ്രതിഷേധം ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.