- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈമാസം പത്തിനകം 40 ഉദ്യോഗസ്ഥരെ കൂടി പിൻവലിക്കണം; കാനഡയിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മൂന്നിരട്ടിയോളം കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ഡൽഹിയിൽ; കാനഡ നയതന്ത്ര തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: കാനഡയുമായുള്ള നയതന്ത്ര തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയ്ക്ക് നിർദ്ദേശം നൽകി.ഖ ലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായത്. ഖലിസ്ഥാൻ അനുകൂല സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് നിജ്ജർ കൊല്ലപ്പെട്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ ഇത് ഇന്ത്യയുടെ തലയിൽ വയ്ക്കാനായിരുന്നു കാനഡയുടെ ശ്രമം.
ഈ മാസം പത്തിനകം 40 ഉദ്യോഗസ്ഥരെ കൂടി പിൻവലിക്കണമെന്നാണ് നിർദ്ദേശം. കാനഡയിലുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മൂന്നിരട്ടിയോളം കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയിലുള്ളത്. ഇത് കൂടി കണക്കിലെടുത്താണ് നടപടി. നിജ്ജാറിന്റെ സംഭവത്തിന് പിന്നിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുള്ളതായി തെളിവുകൾ ലഭിച്ചെന്ന് കനേഡിയൻ പ്രാധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു.
ഇതോടെ കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കുകയായിരുന്നു. അതിന് ശേഷം പ്രശ്‌ന പരിഹാരം സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. ഖലിസ്ഥാൻ വിഷയത്തിൽ പ്രതിക്കൂട്ടിലായ കാനഡ ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുന്നു എന്ന സൂചനയും പുറത്തു വന്നു. ഇന്ത്യ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട രണ്ടു ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിച്ചു.
ബബ്ബർ ഖഴ്‌സ ഇന്റർനാഷനലിനെയും ഇന്റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷനെയുമാണ് നിരോധിച്ചത്. അഞ്ചു ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്നായിരുന്നു കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം. അതിൽ രണ്ടു ഗ്രൂപ്പുകളെയാണ് നിരോധിച്ചിരിക്കുന്നത്. ഖാലിസ്ഥാൻ അനുകുല നിലപാടെടുത്തതിന്റെ പേരിൽ പ്രതിക്കൂട്ടിയായ കാനഡ അന്താരാഷ്ട സമ്മർദ്ദത്തെത്തുടർന്നാണ് നിരോധനത്തിന് തയ്യാറായിരിക്കുന്നത്.
നയതന്ത്ര രംഗത്ത് ഇന്ത്യയുടെ വലിയ നേട്ടമാണിത്. ഭീകരതയ്ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സർക്കാരിന്റെ നിലപാടിനെ ഇന്ത്യ പരസ്യമായി വിമർശിച്ചിരുന്നു. ഈ നടപടിക്ക് ശേഷമാണ് 40 നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനുള്ള ഇന്ത്യൻ തീരുമാനം. ഒക്ടോബർ പത്തിന് മുൻപായി 41 നയതന്ത്ര പ്രതിനിധികളെ ഡൽഹിയിൽനിന്നു തിരിച്ചുവിളിക്കണമെന്നാണ് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സമയപരിധിക്ക് ശേഷം കനേഡിയൻ ഉദ്യോഗസ്ഥർക്ക് നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും കാനഡ വിദേശകാര്യ മന്ത്രാലയവും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഇന്ത്യയിൽ 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്കുള്ളത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങൾക്കിടയിലും തുല്യത വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങൾ ഇരുകൂട്ടരും ഒരുമിച്ചിരുന്നു ചർച്ചചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞിരുന്നു. എന്നാൽ, ഭീകരതയ്ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സർക്കാരിന്റെ നിലപാടാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ