- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുമായുള്ള പ്രശ്‌നം കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കുന്നില്ല; ദുഷ്‌കരമായ സമയത്തും ഇന്ത്യയുമായി ക്രിയാത്മക ബന്ധം തുടരുമെന്ന് ജസ്റ്റിൻ ട്രൂഡോ; 'പ്രശ്‌നക്കാരുടെ' ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് റദ്ദാക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ
ടൊറന്റോ: ഇന്ത്യയുമായുള്ള പ്രശ്‌നം കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിയാത്മക ബന്ധം തുടരുമെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനു പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. അതേ സമയം ഖാലിസ്ഥാൻ അനുഭാവം പുലർത്തുന്ന കാനഡയിലെ 'പ്രശ്‌നക്കാർക്ക്' എതിരെ കൂടുതൽ ശക്തമായ നടപടികൾ ആലോചിക്കുന്നതായാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
നയതന്ത്ര പ്രതിനിധികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടാകേണ്ടത് കാനഡയുടെ ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഒട്ടാവയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
''നിലവിൽ ഇന്ത്യയുമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയുമായുള്ള പ്രശ്‌നം കൂടുതൽ വഷളാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഈ ദുഷ്‌കരമായ സമയത്തും ഇന്ത്യയുമായി ക്രിയാത്മക ബന്ധം തുടരാനുള്ള ശ്രമങ്ങളാണ് കാനഡ നടത്തുന്നത്. ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് അവിടുത്തെ കനേഡിയൻ പൗരന്മാരെ സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'' ട്രൂഡോ പറഞ്ഞു.
ഒക്ടോബർ പത്തിന് മുൻപായി, ഇന്ത്യയിലുള്ള 62 നയതന്ത്ര പ്രതിനിധികളിൽ 41 പേരെ ഡൽഹിയിൽനിന്നു തിരിച്ചുവിളിക്കണമെന്നാണ് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതെന്നു ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ട്രൂഡോയുടെ പ്രസ്താവന.
എന്നാൽ ഈ റിപ്പോർട്ടിനെ കുറിച്ച് പരാമർശിക്കാൻ ട്രൂഡോ കൂട്ടാക്കിയില്ല. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങൾക്കിടയിലും തുല്യത വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം കാനഡയിലെ 'പ്രശ്‌നക്കാരുടെ' ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കിയേക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 'ഓരോ കേസിന്റെ' അടിസ്ഥാനത്തിൽ 'ചില വ്യക്തികൾക്കെതിരെ' സർക്കാർ ഈ നടപടി ആരംഭിച്ചേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ഖലിസ്ഥാൻ പതാക പിടിക്കുന്നതും ഇന്ത്യയിലെ കാർഷിക ഭൂസ്വത്തുക്കളിൽനിന്ന് സമ്പാദിക്കുന്നതും ഒരുമിച്ചു കൊണ്ടുപോകാനാകില്ലെന്നാണു കേന്ദ്രത്തിന്റെ ഉറച്ച നിലപാടെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശത്തെ ഇന്ത്യൻ നയതന്ത്ര ഓഫിസുകൾക്കു നേരെ നടന്ന പ്രതിഷേധങ്ങളുടെ വെളിച്ചത്തിലായിരിക്കും നടപടിയെന്നും അവർ വ്യക്തമാക്കി.
അടുത്തിടെ പഠന വീസയിൽ വിദേശത്ത് പോയശേഷം ചില വിദ്യാർത്ഥികൾ, ഇന്ത്യൻ നയതന്ത്ര ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധിച്ചതിൽ സർക്കാർ നിരാശരാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ ജൂൺ 18ന് കാനഡയിലെ സറെ നഗരത്തിലെ ഗുരുദ്വാരയുടെ പാർക്കിങ്ങിൽ വച്ചു കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യ കാനഡ ബന്ധം വഷളായത്. ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുമായുള്ള അനൗദ്യോഗിക ചർച്ചകളിലാണ് കാനഡ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം, ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
മറുനാടന് ഡെസ്ക്