ലണ്ടൻ: ഹർദീപ് സിങ് നിജ്ജാറിന്റെ വധവും തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസ്താവനയും തീർത്ത വിവാദത്തിന്റെ അലയൊലികൾ ഇനിയും അടങ്ങുന്നില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുൻപിൽ പ്രതിഷേധം നടത്തിയ ഒരു വ്യക്തിയെ സ്‌കോട്ട്ലാൻഡ് യാർഡ് അറസ്റ്റ് ചെയ്തു. ഈ വർഷം മാർച്ചിൽ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ നടന്ന ആക്രമത്തിൽ പങ്കെടുത്ത വ്യക്തിയാണ് ഇയാൾ എന്നാണ് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

മാർച്ച് 19 ന് ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ നടന്ന ആക്രമണത്തിൽ പിടിയിലായി ജാമ്യത്തിൽ ഇറങ്ങിയ വ്യക്തിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നതെന്ന് മെട്രോപൊളിറ്റൻ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 19 ലെ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്‌ച്ച നടന്ന പ്രതിഷേധത്തിനിടയിൽ ഒരു ബ്രിട്ടീഷ്-സിഖ് പൗരനെ പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചു കൊണ്ടു പോകുന്ന ദൃശ്യം പുറത്തായിരുന്നു.

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതുപോലെ ഇന്ത്യയ്ക്ക് പങ്കുണ്ടോ എന്നറിയാൻ ശക്തമായ ഇടപെടലുകൾ ബ്രിട്ടൻ നടത്തണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഈ ആരോപണം ഇന്ത്യ നേരത്തേ ശക്തമായി നിഷേധിച്ചിരുന്നു. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള വ്യക്തിയാണ് കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാർ.

സിഖ് വംശജനാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത വ്യക്തിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായും പൊലീസ് പറഞ്ഞു. അന്വേഷം നടന്നുകൊണ്ടിരിക്കുകയാണ്. കേസ് ചാർജ്ജ് ചെയ്താൽ മാത്രമെ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താനാകു. എന്നാൽ, ആ വ്യക്തി, ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ലിസ്റ്റിലുള്ള വ്യക്തിയാണെന്നാണ് സൂചന. മാർച്ച് 19 ന് ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിക്കുകയും ഇന്ത്യൻ പതാകയെ അപമാനിക്കുകയും ചെയ്ത 12 ൽ അധികം പേരുടെ ലിസ്റ്റ് ഇന്ത്യ തയ്യാറാക്കിയിരുന്നു.

ഈ ആക്രമണത്തിനു ശേഷം ഇന്ത്യൻ ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ, ബ്രിട്ടീഷ് പ്രതിനിധികളുമായി സംസാരിക്കുകയും തുടർന്ന് എൻ ഐ എ ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരുടെ ഫോട്ടോഗ്രാഫുകളും എൻ ഐ എ പുറത്തു വിട്ടിരുന്നു.

അതിനിടയിൽ ഇന്ത്യ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഗ്ലാസ്ഗോയിലെ ഗുരുദ്വാരയിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞ സംഭവത്തിൽ കുറ്റകരമായ ഒന്നുമില്ലെന്ന് സ്‌കോട്ട്ലാൻഡ് പൊലീസ് പറഞ്ഞു.