യെരുശലേം: ഇസ്രയേലിനെതിരെ ഹമാസ് അപ്രതീക്ഷിതമായി ആക്രമണം നടത്തിയത് ആസൂത്രിതമായെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പാരാഗ്ലഡൈർമാരെ നിയോഗിച്ചാണ് ഹമാസ് ആക്രമണം അഴിച്ചുവിട്ടത്. പാരാഗ്ലൈഡർമാർ ഇസ്രയേലിലേക്ക് ഇറങ്ങുന്നതിൻെ ആകാശദൃശ്യങ്ങളാണ് ഹമാസ് പുറത്തുവിട്ടത്. ദക്ഷിണ ഇസ്രയേലിലേക്ക് അൽ ക്വാസം ബ്രിഗേഡ് നുഴഞ്ഞു കയറുന്നതിന്റെ ചിത്രങ്ങളും കാണാം. ഗസ്സ അതിർത്തി വേലിയിലെ വിടവ് വഴി മോട്ടോർ സൈക്കിളിൽ ആയുധധാരികൾ നുഴഞ്ഞുകടക്കുന്നതും കാണാം.

ഗസ്സയിൽ നിന്ന് 20 മിനിറ്റിനിടെ 5000 റോക്കറ്റുകൾ തൊടുത്തുവിട്ടുവെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഇതോടെ, ടെൽ അവീവിലും, ജറുസലേമിലും വ്യോമാക്രമണ സൈറനുകൾ മുഴങ്ങി. 22 ഓളം ഇസ്രയേലികൾ കൊല്ലപ്പെട്ടതായാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.വെസ്റ്റ് ബാങ്കിലെ പ്രതിരോധ സേനയെയും, അറബ്, ഇസ്ലാമിക് രാജ്യങ്ങളെയും തങ്ങൾക്കൊപ്പം പോരാട്ടത്തിൽ ചേരാൻ ഹമാസ് ടെലഗ്രാമിൽ ഇട്ട പോസ്റ്റിൽ ആവശ്യപ്പെട്ടു. തോക്കുകളും, മഴുവും മറ്റുമായി ട്രക്കുകളിലും, കാറുകളിലും യുദ്ധമുഖത്തേക്ക് കടന്നുവരാനും ആഹ്വാനമുണ്ട്. അധിനിവേശക്കാരെ പുറത്താക്കി മതിലുകൾ തകർക്കാൻ കിഴക്കൻ ജറുസലേം മതൽ വടക്കൻ ഇസ്രയേൽ വരെയുള്ള ഫലസ്തീനികളോട് ഹമാസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

കരമാർഗവും കടൽമാർഗവും ഹമാസ് പോരാളികൾ ഇസ്രയേലിൽ പ്രവേശിച്ചെന്നാണു വിവരം. സെൻട്രൽ ഗസ്സയിലും ഗസ്സ സിറ്റിയിലും സ്ഫോടനങ്ങളുണ്ടായി. ദക്ഷിണ ഇസ്രയേലിൽ നുഴഞ്ഞുകയറിയ ഹമാസ് പോരാളികൾ വഴിയാത്രക്കാരെ ആക്രമിക്കുന്ന നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഡെറോത്തിൽ വീടുകൾ ഹമാസ് പോരാളികൾ പിടിച്ചെടുത്തെന്നും ഒഫാകിം നഗരത്തിൽ ഇസ്രയേലികളെ ബന്ദികളാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സൈനികരെ ആക്രമിക്കുന്നതിന്റെയും സൈനിക വാഹനങ്ങൾ തീവയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൈനികരെ ബന്ദികളാക്കി ഫലസ്തീൻ പ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.

ആക്രമണത്തിനിടെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികന്റെ മൃതദേഹവുമായി ഹമാസ് പോരാളികൾ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായി ടൈംസ് ഓഫ് ഇസ്രയേൽ ദിനപത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിന്റെ ആധികാരികത സംബന്ധിച്ചു വ്യക്തതയില്ല. ഒരു ട്രക്കിൽനിന്ന് മൃതദേഹം പുറത്തെടുക്കുന്നതും ജനക്കൂട്ടം അതിനു ചുറ്റും തടിച്ചുകൂടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഫലസ്തീനിയൻ ആയുധധാരികൾ പല നഗരങ്ങളിലും നുഴഞ്ഞുകയറിയതായും താമസക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടതായും ഇസ്രയേൽ അറിയിച്ചു. കുറഞ്ഞത് മൂന്ന് സ്ഫോടനങ്ങളെങ്കിലും രാജ്യത്തുണ്ടായിട്ടുണ്ട്. ജറുസലേമിനെതിരായ ആക്രമണം വലിയ പ്രാധാന്യത്തോടെയാണ് രാജ്യം നോക്കിക്കാണുന്നത്. 60 ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും 14 ഇടങ്ങളിൽ പോരാട്ടം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു.

അതിനിടെ വടക്കൻ ഗസ്സ മുനമ്പിലെ ഇന്തോനേഷ്യൻ ആശുപത്രി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ ഫലസ്തീൻ അപലപിച്ചു. സംഭവത്തിൽ ഒരു ആശുപത്രി ജീവനക്കാരന് ജീവൻ നഷ്ടമായിരുന്നു. 5,000-ഓളം റോക്കറ്റുകൾ തങ്ങൾ തൊടുത്തുവിട്ടെന്നാണ് ഹമാസ് ചീഫ് കമാൻഡറായ മുഹമ്മദ് അൽ ഡെയ്ഫ് പറഞ്ഞിരുന്നത്.

ശക്തമായി തിരിച്ചടിച്ച് ഇസ്രയേൽ

അതേസമയം, ഇസ്രയേൽ ശക്തമായ തിരിച്ചടിയാണ് ഫലസ്തീന് നൽകി കൊണ്ടിരിക്കുന്നത്. ഗസ്സ ലക്ഷ്യമാക്കി വ്യോമാക്രമണങ്ങൾ തുടരുന്നതിന് പിന്നാലെ, ഹമാസിന്റെ വ്യോമാക്രമങ്ങളെ ചെറുക്കാനും നടപടികൾ തുടരുന്നു. ഇസ്രയേൽ. 'ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്' എന്ന പേരിലാണ് രാജ്യം തിരിച്ചടിക്കുന്നത്. ഗസ്സാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡസൻകണക്കിന് യുദ്ധവിമാനങ്ങൾ അയച്ചുവെന്ന് ഇസ്രയേൽ സൈന്യം എക്‌സിൽ കുറിച്ചു. തിരിച്ചടി ഭയന്ന് ഗസ്സയിലെ ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന് ഫലസ്തീനികളാണ് പലായനം ചെയ്തത്.

യുദ്ധത്തിൽ തന്റെ രാജ്യം ജയിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ പ്രസ്താവനയിലൂടെ പറഞ്ഞു. 'ഇസ്രയേൽ പൗരന്മാരേ, നമ്മൾ യുദ്ധത്തിലാണ്. ഇതു വെറും ഏറ്റുമുട്ടൽ അല്ല, സംഘർഷമല്ല, യുദ്ധമാണ്. നമ്മൾ വിജയിക്കും. അക്രമം നടത്തിയ ശത്രു ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള വില ഇക്കാര്യത്തിൽ നൽകേണ്ടിവരും,' നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നെതന്യാഹു പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെത്തി.

രാജ്യത്തിനെതിരെ അക്രമം നടത്തിയതിലൂടെ ഹമാസ് ഗുരുതരമായ തെറ്റ് ചെയ്തതായി ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഫലസ്തീനിയൻ സംഘം ഒരു യുദ്ധം ആരംഭിച്ചിരിക്കുന്നു. യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ സൈനിക ആസ്ഥാനത്ത് നടന്ന സുരക്ഷാ കാബിനറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധത്തിനു തയാറാണെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഇസ്രയേലിലെ ജനങ്ങളെ ഐഡിഎഫ് സംരക്ഷിക്കുമെന്നും ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഹമാസ് കനത്ത വില നൽകേണ്ടി വരുമെന്ന്ും ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഗസ്സ മുനമ്പിനു സമീപമുള്ള പട്ടണങ്ങളിലെ താമസക്കാരോട് വീടുകളിൽ തുടരാനും പൊതുജനങ്ങൾ ബോംബ് ഷെൽട്ടറുകൾക്കു സമീപം തുടരാനും ഇസ്രയേൽ സൈന്യം നിർദ്ദേശം നൽകിയിട്ടുണ്ട്.

സമീപകാലത്തെ ഏറ്റവും വലിയ സംഘർഷമാണ് ശനിയാഴ്ച രാവിലെ ആരംഭിച്ചത്. ഓപ്പറേഷൻ അൽ - അഖ്‌സ ഫ്ളഡ് എന്നു വിശേഷിപ്പിക്കുന്ന സൈനിക നീക്കം ഇസ്രയേലിനെതിരെ ആരംഭിച്ചതായി ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫാണ് പരസ്യ പ്രസ്താവനയിൽ അറിയിച്ചത്.

ഫലസ്തീൻ സായുധ സംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലായത്. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായാണ് ഹമാസ് അവകാശപ്പെടുന്നത്. ഇസ്രയേലിന് ഉള്ളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്.

ഈൗയടുത്ത കാലത്ത് ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് നടന്നത്. രാജ്യത്തിന് ഉള്ളിൽ കടന്നുള്ള ഹമാസിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നു ലോകത്തെ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ആ ആക്രമണമെന്നാണ് വിലയിരുത്തൽ.

ഇന്ത്യാക്കാർക്ക് മുന്നറിയിപ്പ്

ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ഹെൽപ് ലൈൻ നമ്പർ +97235226748.