- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോക്കറ്റാക്രമണത്തിന് പിന്നാലെ പാരാഗ്ലൈഡറുകളിലും എസ് യു വികളിലും ബൈക്കുകളിലും ദക്ഷിണ ഇസ്രയേലി പട്ടണങ്ങളിലേക്ക് ഇരച്ചുകയറി ഹമാസ്; തെരുവുകളിൽ ഇടതടവില്ലാതെ വെടിയുതിർത്തും വീടുകളിൽ അതിക്രമിച്ചുകയറിയും കൂട്ടക്കുരുതി; മുഴുവൻ ഫലസ്തീൻ തടവുകാരെയും വിട്ടയ്ക്കാൻ മാത്രം ഇസ്രയേലികളെ ബന്ദികളാക്കിയെന്ന് ഹമാസ്; വിലപേശലിൽ കുലുങ്ങാതെ ഇസ്രയേൽ; മരണസംഖ്യ 300 കടന്നു
ജറുസലേം: അപ്രതീക്ഷിത റോക്കറ്റാക്രമണത്തിലൂടെ, ഇസ്രയേലിനെ അമ്പരിപ്പിച്ചതോടെ, ഹമാസ് ബന്ദികളെ വച്ച് വിലപേശലും തുടങ്ങി. ഇസ്രയേലി ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെ വിട്ടയയ്ക്കാൻ മാത്രം ഇസ്രയേലികളെ തങ്ങൾ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഹമാസ് ഉപമേധാവി സലേ അൽ അരൂരി അൽജസീറയോട് പറഞ്ഞത്. അതേസമയം, തങ്ങൾ വലിയ വിജയത്തിന്റ് അടുത്താണെന്ന് ഹമാസ് മേധാവി ഹനിയെ അവകാശപ്പെട്ടു. അറബ് രാജ്യങ്ങൾക്ക് സംരക്ഷണം കൊടുക്കാൻ ഇസ്രയേലിന് കഴിയില്ലെന്നും ഹനിയെ പറഞ്ഞു.
ഏകദേശം 50 ഇസ്രയേലികളെ ഹമാസ് ആയുധധാരികൾ ഗസ്സ അതിർത്തിക്കടുത്ത് ബീരി കിബുത്സിൽ ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേലിന്റെ എൻ 12 റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ ബന്ദികളാക്കിയ മൂന്നുപുരുഷന്മാരുടെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു.അൽ അഖ്‌സ ഫ്‌ളഡ് ഓപ്പറേഷനിൽ ശത്രുസൈനികരെ അൽ ഖ്വാസം ബ്രിഗേഡ് പിടികൂടുന്ന ദൃശ്യങ്ങൾ എന്നാണ് വിശദീകരണം. ഇസ്രയേലിനും, ഗസ്സയ്ക്കും മധ്യേയുള്ള ഇസ്രയേലി ഭാഗമായ എരസിലാണ് ഇത് ചിത്രീകരിച്ചതെന്ന് കരുതുന്നു. സാധാരണ ഇസ്രയേലികളെയും, സൈനികരെയും ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ സൈനിക വക്താവ് സ്ഥീകരിച്ചിട്ടുണ്ട്.
ദേശീയപാതയിൽ ഹമാസിന്റെ വെടിയേറ്റ് മരിച്ച വാഹനയാത്രക്കാരുടെ മൃതദേഹങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 20 മിനിറ്റിൽ 5000 റോക്കറ്റുകൾ ഇസ്രയേലിന് നേരേ തൊടുത്തതിന് പിന്നാസെ പാരാഗ്ലൈഡറുകളിലും, എസ്യുവികളിലും, മോട്ടോർ സൈക്കിളുകളിലുമാണ് ഹമാസ് അക്രമകാരികൾ ദക്ഷിണ ഇസ്രയേലി പട്ടണങ്ങളിലേക്ക് ഇരച്ചുകയറിയത്. സാധാരണക്കാരെ ഇടതടവില്ലാതെ വെടിവച്ചിട്ടു. വീടുകൾ അതിക്രമിച്ചുകയറി കൂട്ടക്കൊല നടത്തി.
സെഡ്രോത്തിൽ നിന്നുള്ള വീഡിയോയിൽ ഹമാസ് അക്രമകാരികൾ സാധാരണക്കാരുടെ കാറുകൾക്ക് നേരേ വെടിവയ്ക്കുന്നത് കാണാമായിരുന്നു.'ഞങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ്. ഇവിടെ സൈന്യമില്ല. ആറ് മണിക്കൂർ കഴിഞ്ഞു' കിബുത്സിൽ നിന്നുള്ള ഒരാൾ പരിഭ്രാന്തിയോടെ പറയുന്നു. ആളുകൾ ജീവന് വേണ്ടി യാചിക്കുകയാണ്. നിരവധി പേർ കൊല്ലപ്പെട്ടിട്ടും, ഇസ്രയേലി സൈനികരോ പൊലീസോ ഇവിടെ എത്തിയില്ലെന്നും പരാതികൾ ഉയർന്നിട്ടുണ്ട്.
ദക്ഷിണ ഇസ്രയേലിലെ നിർ ഓസിലും, നിർ ആമിലുമാണ് ഹമാസ് നുഴഞ്ഞു
കയറിയതെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ആക്രമണസമയത്ത് അവിടെ കടക്കാൻ സാധിച്ച ഒരു ഫലസ്തീൻ മാധ്യമപ്രവർത്തനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയിലേക്ക് ഇസ്രയേലി സൈനികരെയും സാധാരണക്കാരെയും തട്ടിക്കൊണ്ടുപോയി വിലപേശാനായിരുന്നു അവരുടെ ശ്രമം. അതിൽ വലിയൊരു പങ്ക് വിജയിക്കുകയും ചെയ്തു.
നാശം വിതച്ച് യുദ്ധം
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ 100 ഇസ്രയേലികൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 700 ലേറെ പേർക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ തിരിച്ചടിയിൽ 200 ഫലസ്തീൻകാരും കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. 1000 ലേറെ പേർക്ക് പരിക്കേറ്റു.
അൽ അഖ്‌സ ദേവാലയത്തിന് എതിരെയുള്ള അതിക്രമം ചെറുക്കാനാണ് പൊടുന്നനെ റോക്കറ്റാക്രമണം നടത്തിയതെന്നാണ് ഹമാസിന്റെ മുതിർന്ന കമാൻഡറുടെ ന്യായീകരണം. ഓപ്പറേഷൻ അൽ അഖ്‌സ എന്നാണ് പുലർച്ചെയുണ്ടായ ആക്രമണത്തെ അവർ വിശേഷിപ്പിച്ചത്. ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഉന്നതതലയോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ വിലയിരുത്തി. കുടിയേറ്റക്കാരുടെയും, അധിനിവേശ സൈന്യത്തിന്റെയും അതിക്രമങ്ങളെ ചെറുക്കാൻ ഫലസ്തീൻ ജനതയ്ക്ക് അവകാശമുണ്ടെന്നാണ് മഹ്‌മൂദ് അബ്ബാസ് യോഗശേഷം പറഞ്ഞത്.
വെസ്റ്റ് ബാങ്കിലും, ജറുസലേമിലും, ഇസ്രയേലി ജയിലുകളിലും ഫലസ്തീൻകാർക്ക് നേരേ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളെ ചെറുക്കാനാണ് മിന്നൽ ആക്രമണമെന്നാണ് ഹമാസിന്റെ ന്യായീകരണം.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം
കരമാർഗവും കടൽമാർഗവും ഹമാസ് പോരാളികൾ ഇസ്രയേലിൽ പ്രവേശിച്ചെന്നാണു വിവരം. സെൻട്രൽ ഗസ്സയിലും ഗസ്സ സിറ്റിയിലും സ്ഫോടനങ്ങളുണ്ടായി. ദക്ഷിണ ഇസ്രയേലിൽ നുഴഞ്ഞുകയറിയ ഹമാസ് പോരാളികൾ വഴിയാത്രക്കാരെ ആക്രമിക്കുന്ന നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഡെറോത്തിൽ വീടുകൾ ഹമാസ് പോരാളികൾ പിടിച്ചെടുത്തെന്നും ഒഫാകിം നഗരത്തിൽ ഇസ്രയേലികളെ ബന്ദികളാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സൈനികരെ ആക്രമിക്കുന്നതിന്റെയും സൈനിക വാഹനങ്ങൾ തീവയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൈനികരെ ബന്ദികളാക്കി ഫലസ്തീൻ പ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.
ആക്രമണത്തിനിടെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികന്റെ മൃതദേഹവുമായി ഹമാസ് പോരാളികൾ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായി ടൈംസ് ഓഫ് ഇസ്രയേൽ ദിനപത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിന്റെ ആധികാരികത സംബന്ധിച്ചു വ്യക്തതയില്ല. ഒരു ട്രക്കിൽനിന്ന് മൃതദേഹം പുറത്തെടുക്കുന്നതും ജനക്കൂട്ടം അതിനു ചുറ്റും തടിച്ചുകൂടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഫലസ്തീനിയൻ ആയുധധാരികൾ പല നഗരങ്ങളിലും നുഴഞ്ഞുകയറിയതായും താമസക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടതായും ഇസ്രയേൽ അറിയിച്ചു. കുറഞ്ഞത് മൂന്ന് സ്ഫോടനങ്ങളെങ്കിലും രാജ്യത്തുണ്ടായിട്ടുണ്ട്. ജറുസലേമിനെതിരായ ആക്രമണം വലിയ പ്രാധാന്യത്തോടെയാണ് രാജ്യം നോക്കിക്കാണുന്നത്. 60 ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും 14 ഇടങ്ങളിൽ പോരാട്ടം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു.
അതിനിടെ വടക്കൻ ഗസ്സ മുനമ്പിലെ ഇന്തോനേഷ്യൻ ആശുപത്രി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ ഫലസ്തീൻ അപലപിച്ചു. സംഭവത്തിൽ ഒരു ആശുപത്രി ജീവനക്കാരന് ജീവൻ നഷ്ടമായിരുന്നു. 5,000-ഓളം റോക്കറ്റുകൾ തങ്ങൾ തൊടുത്തുവിട്ടെന്നാണ് ഹമാസ് ചീഫ് കമാൻഡറായ മുഹമ്മദ് അൽ ഡെയ്ഫ് പറഞ്ഞിരുന്നത്.
ശക്തമായി തിരിച്ചടിച്ച് ഇസ്രയേൽ
അതേസമയം, ഇസ്രയേൽ ശക്തമായ തിരിച്ചടിയാണ് ഫലസ്തീന് നൽകി കൊണ്ടിരിക്കുന്നത്. ഗസ്സ ലക്ഷ്യമാക്കി വ്യോമാക്രമണങ്ങൾ തുടരുന്നതിന് പിന്നാലെ, ഹമാസിന്റെ വ്യോമാക്രമങ്ങളെ ചെറുക്കാനും നടപടികൾ തുടരുന്നു. ഇസ്രയേൽ. 'ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്' എന്ന പേരിലാണ് രാജ്യം തിരിച്ചടിക്കുന്നത്. ഗസ്സാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡസൻകണക്കിന് യുദ്ധവിമാനങ്ങൾ അയച്ചുവെന്ന് ഇസ്രയേൽ സൈന്യം എക്‌സിൽ കുറിച്ചു. തിരിച്ചടി ഭയന്ന് ഗസ്സയിലെ ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന് ഫലസ്തീനികളാണ് പലായനം ചെയ്തത്.
യുദ്ധത്തിൽ തന്റെ രാജ്യം ജയിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ പ്രസ്താവനയിലൂടെ പറഞ്ഞു. 'ഇസ്രയേൽ പൗരന്മാരേ, നമ്മൾ യുദ്ധത്തിലാണ്. ഇതു വെറും ഏറ്റുമുട്ടൽ അല്ല, സംഘർഷമല്ല, യുദ്ധമാണ്. നമ്മൾ വിജയിക്കും. അക്രമം നടത്തിയ ശത്രു ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള വില ഇക്കാര്യത്തിൽ നൽകേണ്ടിവരും,' നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നെതന്യാഹു പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെത്തി.
രാജ്യത്തിനെതിരെ അക്രമം നടത്തിയതിലൂടെ ഹമാസ് ഗുരുതരമായ തെറ്റ് ചെയ്തതായി ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഫലസ്തീനിയൻ സംഘം ഒരു യുദ്ധം ആരംഭിച്ചിരിക്കുന്നു. യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ സൈനിക ആസ്ഥാനത്ത് നടന്ന സുരക്ഷാ കാബിനറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധത്തിനു തയാറാണെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഇസ്രയേലിലെ ജനങ്ങളെ ഐഡിഎഫ് സംരക്ഷിക്കുമെന്നും ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഹമാസ് കനത്ത വില നൽകേണ്ടി വരുമെന്ന്ും ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഗസ്സ മുനമ്പിനു സമീപമുള്ള പട്ടണങ്ങളിലെ താമസക്കാരോട് വീടുകളിൽ തുടരാനും പൊതുജനങ്ങൾ ബോംബ് ഷെൽട്ടറുകൾക്കു സമീപം തുടരാനും ഇസ്രയേൽ സൈന്യം നിർദ്ദേശം നൽകിയിട്ടുണ്ട്.
സമീപകാലത്തെ ഏറ്റവും വലിയ സംഘർഷമാണ് ശനിയാഴ്ച രാവിലെ ആരംഭിച്ചത്. ഓപ്പറേഷൻ അൽ - അഖ്‌സ ഫ്ളഡ് എന്നു വിശേഷിപ്പിക്കുന്ന സൈനിക നീക്കം ഇസ്രയേലിനെതിരെ ആരംഭിച്ചതായി ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫാണ് പരസ്യ പ്രസ്താവനയിൽ അറിയിച്ചത്.
ഫലസ്തീൻ സായുധ സംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലായത്. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായാണ് ഹമാസ് അവകാശപ്പെടുന്നത്. ഇസ്രയേലിന് ഉള്ളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്.
ഈൗയടുത്ത കാലത്ത് ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് നടന്നത്. രാജ്യത്തിന് ഉള്ളിൽ കടന്നുള്ള ഹമാസിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നു ലോകത്തെ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ആ ആക്രമണമെന്നാണ് വിലയിരുത്തൽ.
ഇന്ത്യാക്കാർക്ക് മുന്നറിയിപ്പ്
ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ഹെൽപ് ലൈൻ നമ്പർ +97235226748.
എയർ ഇന്ത്യ വിമാനസർവീസുകൾ റദ്ദാക്കി.
നിലവിലെ സാഹചര്യത്തിൽ എയർ ഇന്ത്യ വിമാനസർവീസുകൾ റദ്ദാക്കി. ഇന്ന് ഡൽഹിയിൽ നിന്ന് ടെൽഅവീവിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് ടെൽഅവീവിലേക്കുള്ള അക139, ടെൽഅവീവിൽ നിന്ന് ഡൽഹിയിലേക്കുള്ള അക140 വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് എയർ ഇന്ത്യ അറിയിച്ചു.
മറുനാടന് ഡെസ്ക്